ADVERTISEMENT

ബത്തേരി ∙ ഭൂപ്രശ്ന പരിഹാര നടപടികൾക്ക് ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്നു മന്ത്രി കെ. രാജൻ. ഗോത്ര, മലയോര മേഖലകളിലെ വിഷയങ്ങൾ പ്രത്യേക കേസുകളായി പരിഗണിച്ചു പരിഹാരം കാണാനുള്ള നടപടികൾ ഊർജിതമാക്കും. ഈ വർഷം സംസ്ഥാനത്തെ 5 ജില്ലകളെ ഈ വിഷയങ്ങളിൽ പരിഗണിക്കുമ്പോൾ വയനാടിനായിരിക്കും മുന്തിയ പരിഗണന. ചീരാൽ ‍സ്മാർട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് കോളനൈസേഷൻ സ്‌കീം (ഡബ്ല്യുസിഎസ്) പട്ടയ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ റവന്യു സെക്രട്ടേറിയറ്റ് കൂടി നടപടിയെടുക്കും. സങ്കീർണമായ പല പ്രശ്നങ്ങളിലും പരിഹാരം കാണാൻ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മൂപ്പൈനാട് ഒരു തുണ്ട് ഭൂമി പോലും ഇല്ലാതിരുന്ന 72 കുടുംബങ്ങളെ പത്ത് സെന്റിന്റെ അവകാശികളാക്കിയത്. 2021 -22ൽ 54,535 പേർക്ക് സംസ്ഥാനത്ത് പട്ടയം നൽകി. ജില്ലയിൽ മാത്രം രണ്ടായിരത്തിലേറെ പട്ടയങ്ങൾ വിതരണം ചെയ്തു.

വില്ലേജ് ഓഫിസുകൾ അടക്കമുള്ള റവന്യു കേന്ദ്രങ്ങളെ സ്മാർട്ടാക്കാൻ നടപടി പുരോഗമിക്കുകയാണ്. വില്ലേജ് ഓഫിസുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

ഐ.സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ എ.ഗീത, എഡിഎം എൻ.ഐ ഷാജു, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ഡപ്യൂട്ടി കലക്ടർ കെ. അജീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയി എന്നിവർ ‍പ്രസംഗിച്ചു. ജില്ലാ നിർമിതി കേന്ദ്രയാണ് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിച്ചത്.

പരൂർക്കുന്നിലെ 72 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകി

പരൂർക്കുന്നിലെ 72 ആദിവാസി കുടുംബങ്ങൾക്കു കൈവശാവകാശ രേഖകൾ മന്ത്രി കെ. രാജൻ കൈമാറി. .ഇതോടെ പരൂർക്കുന്നിലെ സ്വന്തം ഭൂമിയിൽ ഇനി ഇവർക്ക് പുതുജീവിതം തുടങ്ങാം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണു 72 ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കിയത്. 

വൈത്തിരി താലൂക്കിലെ തെക്കുംപാടി, ചീപ്രം, കരിമത്തുവയൽ, പാലമംഗലം, മൂത്തേടം, അടുവാടി, ഞാണുമ്മൽ, വാളംവയൽ, കണ്ണിപ്പുളപ്പ്, കുപ്പാടി പുഴകുന്ന്, മലങ്കര, ഉണ്ണിക്കൽ, ചാഴിവയൽ, കൈപ്പാടം തുടങ്ങിയ കോളനികളിൽ നിന്നുള്ള  ആദിവാസി കുടുംബങ്ങൾക്കാണ് തൃക്കൈപ്പറ്റ വില്ലേജിലെ പരൂർക്കുന്നിലെ 10 സെന്റ് വീതം ഭൂമിക്ക് അവകാശ രേഖയായത്.  

ഇവർക്കായുള്ള വീട് നിർമാണം പുരോഗമിക്കുകയാണ്. കോളനിയിലേക്ക് ടാർ ചെയ്ത റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com