ADVERTISEMENT

കൽപറ്റ ∙ ഡീസൽ ക്ഷാമത്തിനു പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നലെയും ജില്ലയിലെ പ്രാദേശിക സർവീസുകളിൽ ഭൂരിഭാഗവും കെഎസ്ആർടിസി റദ്ദാക്കി. കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലായി 60 സർവീസുകളാണ് റദ്ദാക്കിയത്. കൽപറ്റയിൽ 49 ഷെഡ്യൂളുകളിൽ 13 എണ്ണവും മാനന്തവാടിയിൽ 65 ഷെഡ്യൂളുകളിൽ 34 എണ്ണവും ബത്തേരിയിൽ 64 ഷെഡ്യൂളുകളിൽ 13 എണ്ണവുമാണു റദ്ദാക്കിയത്.

ചുരുക്കം ചില കോഴിക്കോട് സർവീസുകളൊഴികെ ദീർഘദൂര സർവീസുകൾ മുടങ്ങിയില്ല. കലക്‌ഷൻ തുക നൽകി പുറമേയുള്ള പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാണു ദീർഘദൂര സർവീസുകൾ നടത്തിയത്. നിർത്തിയിട്ട ബസുകളിലെ ഇന്ധനം ഊറ്റിയെടുത്തും ബസുകളിലുള്ള ഇന്ധനത്തിന് അനുസരിച്ചുള്ള ദൂരം പുനഃക്രമീകരിച്ചാണ് കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പ്രധാനപ്പെട്ട ഗ്രാമീണ സർവീസുകൾ നടത്തിയത്. ഇന്നും നാളെയും തൽസ്ഥിതി തുടരാനാണു ഡിപ്പോ അധികൃതർക്കു ലഭിച്ച നിർദേശം.

ഇന്ധനമെത്തുന്നതു വരെ ആവശ്യത്തിനു മാത്രം ദീർഘദൂര സർവീസുകൾ നടത്തിയാൽ മതിയെന്നും നിർദേശമുണ്ട്. ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണു ഡീസൽ ക്ഷാമം രൂക്ഷമായത്. സർവീസുകൾ വെട്ടിക്കുറച്ചതു ഗ്രാമീണ മേഖലയിലെ യാത്രക്കാരെയാണു കൂടുതലായും വലച്ചത്.

സ്വകാര്യ ബസ് സർവീസുകൾ കുറവുള്ള മുണ്ടക്കൈ, പടിഞ്ഞാറത്തറ വൈപ്പടി, സുഗന്ധഗിരി, അമ്പ, നിരവിൽപുഴ മേഖലകളിലെ കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി. ഞായറാഴ്ച ജില്ലയിൽ 106 സർവീസുകൾ റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com