ബാണാസുരസാഗർ തുറന്നു; പുഴകളിൽ നീരൊഴുക്ക് കൂടി

HIGHLIGHTS
 • ജലനിരപ്പ് 774.35 മീറ്ററിലേക്ക്
 • മുന്‍കരുതലെടുത്തുവെന്ന് ജില്ലാ ഭരണകൂടം
 ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ രാവിലെ തുറന്നപ്പോൾ കാണാനെത്തിയത് ഒട്ടേറെ പേരാണ്. ‍ഡാമിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്ന യുവാക്കൾ.							        ചിത്രം: മനോരമ
ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ രാവിലെ തുറന്നപ്പോൾ കാണാനെത്തിയത് ഒട്ടേറെ പേരാണ്. ‍ഡാമിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്ന യുവാക്കൾ. ചിത്രം: മനോരമ
SHARE

പടിഞ്ഞാറത്തറ ∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെന്റിമീറ്റർ വീതം ഉയര്‍ത്തി. ഇന്നലെ രാവിലെ 8.10നു ഒരു ഷട്ടര്‍ 10 സെന്റിമീറ്റർ ഉയര്‍ത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം 2.30ന് ഇതു വീണ്ടും 20 സെന്റിമീറ്ററായി ഉയര്‍ത്തിയെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ 2 ഷട്ടറുകള്‍ 10 സെന്റിമീറ്ററുകള്‍ വീതം ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സെക്കന്‍ഡില്‍ 17 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. ഇതുകാരണം പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.

 മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ ബാണാസുര ഡാമിന്റെ ഷട്ടർ തുറക്കുന്നു.
മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ ബാണാസുര ഡാമിന്റെ ഷട്ടർ തുറക്കുന്നു.

ജലനിരപ്പു പരിഗണിച്ചു ഘട്ടം ഘട്ടമായി 35 ക്യുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണു തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ 2 എണ്ണമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും. മന്ത്രി കെ. രാജൻ, ടി. സിദ്ദീഖ് എംഎൽഎ, കലക്ടർ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ രാവിലെ 8.10നു ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൻ ക്യുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണുള്ളത്. 2018ലെ പ്രളയത്തിനു ശേഷം കേന്ദ്ര ജലകമ്മിഷൻ നിർദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലവൽ പ്രകാരം 181.65 മില്യൻ ക്യുബിക് മീറ്റർ ആണു നാളെ വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവേ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം.

 പനമരം വലിയ പാലത്തിനു സമീപം ക്യാംപ് ചെയ്യുന്ന എൻഡിആർഎഫ് ടീം.
പനമരം വലിയ പാലത്തിനു സമീപം ക്യാംപ് ചെയ്യുന്ന എൻഡിആർഎഫ് ടീം.

ഇതു പ്രകാരം ഇന്നലെ പുലർച്ചെ 2 മണിയോടെ അപ്പർ റൂൾ ലവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണ ശേഷി കവിഞ്ഞു. എന്നാൽ രാത്രി പുഴയിലേക്ക് ജലം തുറന്നു വിടുന്നതിനു ദുരന്ത നിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് ഇന്നലെ രാവിലെ അധിക ജലം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഷട്ടർ തുറക്കുമ്പോൾ 774.25 മീറ്ററിലാണ് ജലനിരപ്പ്. തുറന്നു വിടുന്ന അധിക ജലം കരമാൻ തോടിലും തുടർന്നു പനമരം പുഴയിലും ഒഴുകിയെത്തി അവിടെ നിന്നു കബനി നദിയിലും പിന്നീട് കർണാടകയിലെ കബനി റിസർവോയറിലും എത്തിച്ചേരും.

ജില്ലയിൽ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയിലുള്ളത് എന്നതിനാൽ കൂടുതൽ വെള്ളം എത്തുന്നതു പരിഗണിച്ചു ദേശീയ ദുരന്ത പ്രതികരണ സേനയെ പനമരത്ത് വിന്യസിച്ചിട്ടുണ്ട്. അധിക ജലം ഉൾക്കൊള്ളുന്നതിനായി കബനി ഡാം അധികൃതർ കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു ദിവസം പരമാവധി 0.73 മില്യൻ ക്യുബിക് മീറ്റർ ജലമാണ് കബനി റിസർവോയറിൽ എത്തുക. എന്നാൽ ഏകദേശം 1.13 മീറ്റർ ജലം ഉൾക്കൊള്ളുന്നതിനുള്ള ക്രമീകരണം ഞായർ രാത്രി തന്നെ കബനി ഡാം അധികൃതർ ഒരുക്കിയിരുന്നു. വയനാട്, മൈസൂരു ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും ബാണാസുര, കബനി ഡാം അധികൃതരുടെയും ഏകോപനം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

പുഴകളിൽ നിയന്ത്രിത അളവിലെ ജലനിരപ്പ് ഉയരൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ മഴ ശക്തമായി തുടരുന്നതിനാൽ നല്ല ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഡാം തുറക്കുന്നതു കൊണ്ടു പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഷട്ടർ ഉയർത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിച്ചിരുന്നു. ശക്തമായ മഴക്കാലത്ത് പ്രളയ ടൂറിസം ഒരു കാരണവശാലും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. സാഹസിക ടൂറിസം മഴക്കാലത്ത് വേണ്ട. മീൻ പിടിക്കുന്നതിനോ വെള്ളത്തിലൂടെ ഒഴുകിവരുന്ന വസ്തുക്കൾ പിടിക്കുന്നതിനോ പുഴകളിൽ ഇറങ്ങരുത്.

സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു, ഫിനാൻസ് ഓഫിസർ എ.കെ. ദിനേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ എം.സി. ബാബുരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. രാമചന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയമാരായ എം. കൃഷ്ണൻ, എം.സി. ജോയ്, ആർ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

ഡാം തുറക്കൽ;  മുൻകരുതലുമായി ജില്ലാ ഭരണകൂടം

മഴ കനത്തു പെയ്യുകയും ബാണാസുര ഡാം തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാൻ മുൻകരുതലെടുത്ത് ജില്ലാ ഭരണകൂടം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഡാം തുറക്കും മുൻപു തന്നെ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുഴയോരത്തുള്ളവരുടെ സുരക്ഷയൊരുക്കാനായി നടപടി സ്വീകരിച്ചു. കബനിയുടെ കൈവഴിയായ പനമരം പുഴയിൽ വെള്ളം ഉയരുന്നതു കണക്കിലെടുത്ത് റവന്യു, അഗ്നിശമന സേന, എൻഡിആർഎഫ് ടീം അടക്കമുള്ളവർ ഇന്നലെ രാവിലെ തന്നെ ചെരിയംകൊല്ലി, പനമരം വലിയ പാലത്തിനു സമീപം, മാത്തൂർ എന്നിവിടങ്ങളിൽ നിലയുറപ്പിച്ച് അപ്പപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷ മുൻകരുതലുകൾ ഒരുക്കി. 

മാനന്തവാടി അഗ്നിശമനസേന സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിലാണ് ഏതു സാഹചര്യവും നേരിടാനുള്ള നടപടി സ്വീകരിച്ചു പ്രദേശങ്ങളിൽ ക്യാംപ് ചെയ്യുന്നത്. മുൻവർഷങ്ങളിൽ മുന്നറിയിപ്പില്ലാതെയും സുരക്ഷയൊരുക്കാതെയും ഡാം തുറന്നതിനാൽ പഞ്ചായത്തിലെ പുഴയോടു ചേർന്നുള്ള ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി വീടുകളും വീട്ടുപകരണങ്ങളും റോഡുകളും നശിച്ചതിനു പുറമേ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുകയും ചെയ്തതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

എന്നാൽ ഇക്കുറി അത്തരം പരാതി ഉയരാതിരിക്കാനുള്ള നടപടിയാണു ഭരണകൂടം സ്വീകരിച്ചത്. ഡാം തുറന്നതിനൊപ്പം മഴ ശക്തമായാൽ വെള്ളത്തിനടിയിലാകുന്ന കോളനികളിലടക്കമുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പനമരം പുഴകൾ കരകവിഞ്ഞ് ഇന്നലെയും പുഴയോരത്തെ ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിയിടങ്ങളും കോളനികളും വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}