ADVERTISEMENT

മാനന്തവാടി ∙ ഗോത്രജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം നേേരിടുന്നത് കടുത്ത അവഗണന. ആനക്കാട്ടിനു നടുവിലെ ഇൗ ആരോഗ്യ കേന്ദ്രത്തിൽ രാത്രി ഡോക്ടറില്ലാത്തതാണ് ഏറ്റവും വലിയ ദുരിതം. 2017 ലാണ്   നവകേരള മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന അപ്പപ്പാറ ആശുപത്രിയെ  കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. 

എന്നാൽ അതിന് മുൻപ് തന്നെ തിരുനെല്ലി പഞ്ചായത്തിന്റെ  പ്രത്യേക സാഹചര്യം പരിഗണിച്ച്  ഇവിടെ കിടത്തിച്ചികിത്സ ഉണ്ടായിരുന്നു.  പിഎച്ച്സി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന കിടത്തിച്ചികിത്സ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നതോടെ ഇല്ലാതായി. മുൻപ് 108 ആംബുലൻസിന്റെ സേവനം രാത്രി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. നിലവിൽ വൈകിട്ട് 5.30 വരെ മാത്രമാണ് ആംബുലൻസിന്റെ സേവനം ലഭിക്കുക. 

വഴിമുടക്കാൻ  കാട്ടാനയും

ഡോക്ടറും ആംബുലൻസും ഇല്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ നാട്ടുകാർ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം കൂടുതലായുള്ള ഇൗ  പ്രദേശത്ത് താമസിക്കുന്നവരിൽ ഏറെ പേർക്കും സ്വന്തമായി വാഹനമില്ല. ജനസംഖ്യയിൽ ഏറെയും ഗോത്ര വിഭാഗത്തിൽ പെട്ടവരാണ്.  രാത്രിയിൽ ചികിത്സ ലഭിക്കാൻ  27 കിലോമീറ്റർ യാത്ര ചെയ്തു മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തണം. മിക്കവാറും ദിവസങ്ങളിൽ റോഡിൽ  വഴിമുടക്കി കാട്ടാനകൾ ഉണ്ടാകും. ഗോത്ര  വിഭാഗങ്ങളോട് അധികാരികൾ തുടരുന്ന അവഗണനയുടെ പ്രതീകമാകുകയാണ് ഇൗ കുടുംബാരോഗ്യകേന്ദ്രം.  

രാത്രിയിൽ നഴ്സുമാർ മാത്രം 

കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9  മുതൽ വൈകിട്ട്  6 വരെയാണു ഒപി  സമയം.  ദിനംപ്രതി 100ൽ അധികം പേർ ഇവിടെ ചികിത്സ തേടുന്നുണ്ട്.  ഫാർമസി, ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും  രാവിലെ ലഭിക്കും.  ആദ്യകാലത്ത് 6  ഡോക്ടർമാർ ഉണ്ടായിരുന്നു.  ഇപ്പോഴത് 4 പേരായി. രാത്രിയിൽ നഴ്‌സും നഴ്‌സിങ് അസിസ്റ്റന്റോ ജീവനക്കാരോ ഡ്യൂട്ടിയിലുണ്ടാകുമെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സയില്ല. ആശുപത്രിയിൽ എത്തുന്നവരെ  മാനന്തവാടിയിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. ചില ദിവസങ്ങളിൽ വനിതകൾ മാത്രമാണ് രാത്രി ജോലിയിൽ ഉണ്ടാകുക. ഇവരുടെ സുരക്ഷയ്ക്ക് സുരക്ഷാ ജീവനക്കാരനെ പോലും നിയമിച്ചിട്ടില്ല.

ഒഴിഞ്ഞു കിടക്കുന്നു; കിടത്തിച്ചികിത്സാ വാർഡുകൾ 

കിടത്തിച്ചികിത്സയ്ക്കുള്ള വാർഡുകൾ ഒഴിഞ്ഞു കിടക്കുകയാണ്. 12 സ്ത്രീകളെയും 20 പുരുഷന്മാരെയും കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴും ആശുപത്രിയിലുണ്ട്. തിരുനെല്ലിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തരമായി അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ സിഎച്ച്സി ആയി ഉയർത്തി  രാത്രിയും ചികിത്സ ലഭ്യമാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. 

അപ്പപ്പാറ ആശുപത്രിയിൽ രാത്രി ഡോക്ടറില്ലാത്ത പ്രശ്നം സർക്കാരിന്റെ  ശ്രദ്ധയിൽപെടുത്തും. നിലവിൽ  ജനങ്ങൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. മുഴുസമയ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തും.- പി.വി. ബാലകൃഷ്ണൻ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്

തിരുനെല്ലി, പനവല്ലി, കുതിരക്കോട്, അരമംഗലം, അരണപ്പാറ, തോൽപെട്ടി  പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയമാണ് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം.  ഇവിടെ രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ നൽകാൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല. രാത്രിയിൽ കാട്ടാനയെ ഭയന്ന് വാഹനം കൊണ്ടു പോകാൻ പറ്റില്ല. രാത്രിയായാൽ ആർക്കും ആശുപത്രി ഉപകാരപ്പെടുന്നില്ല. ചെറിയ മുറിവ് പറ്റി പോയാൽ പോലും പ്രാഥമിക ചികിത്സ പോലും കിട്ടാറില്ല. മാനന്തവാടിയിലേക്കു പോകണമെന്ന മറുപടിയാണുകിട്ടുക. പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണം. - വെള്ളച്ചി അരണപ്പാറ വെള്ളിക്കോളനി 

അപ്പപ്പാറയിൽ രാത്രി ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. സാധാരണക്കാരും പട്ടികവർഗ വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. വന്യമൃഗശല്യം കാരണം രാത്രി വണ്ടി വിളിച്ചാൽ പോലും ആരും വരാത്ത അവസ്ഥ. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ രാത്രി നഴ്‌സുമാരെ മാത്രം ജോലിക്കിടുന്നത് അവസാനിപ്പിക്കണം.  ‌-സെയ്‌ദ് അഷ്‌റഫ് അപ്പപ്പാറ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com