40 ദിവസത്തിനുള്ളിൽ വയനാട്ടിൽ ലഹരി മരുന്നുമായി പിടിയിലായത് 102 പേർ

HIGHLIGHTS
  • ഫുൾ ലഹരിമയമാണു വയനാട്ടിൽ, മിക്കദിവസവും കഞ്ചാവ്, എംഡിഎംഎ, പെത്തഡിൻ കേസുകൾ പിടിക്കുന്നു. കഴിഞ്ഞദിവസം മേപ്പാടിയിൽ എം‍‍ഡിഎംഎയുമായി ഒരു യുവതിയെയും പിടിച്ചു.
drug-addiction
Representative image. Photo credit: shutterstock/Infinity Time
SHARE

അമ്പലവയൽ ∙ കോവിഡ് കാലത്ത് കുറഞ്ഞ ലഹരി കേസുകൾ വീണ്ടും ജില്ലയിൽ വർധിക്കുന്നു. ലഹരി മരുന്നു കടത്തലും വിൽപനയും കൂടുന്നതുമൂലമുള്ള കുറ്റകൃത്യങ്ങൾ സാമൂഹികാന്തരീക്ഷത്തിലും പ്രശ്നങ്ങളുണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പലയിടങ്ങളിൽ നിന്നായി ഒട്ടേറെ പേരാണു മാരക ലഹരി മരുന്നുകളും കഞ്ചാവുമെല്ലാമായി പിടിയിലായത്. യുവാക്കളും സ്ത്രീകളുമടക്കമുള്ളവരാണ് ഇപ്പോൾ കേസുകളിൽ പിടിയിലാകുന്നതെന്നതും ശ്രദ്ധേയമാണ്.

സ്കൂൾ – കോളജ് വിദ്യാർഥികളുൾപ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസവും വാഹന പരിശോധനയിൽ കഞ്ചാവ് കടത്തിയ ബത്തേരി പള്ളിക്കണ്ടി സ്വദേശികളെ എക്സൈസ് പിടികൂടിയിരുന്നു. എംഡിഎംഎ അടക്കമുള്ള മാരക ലഹരി മരുന്നുകളും അതിർത്തി കടന്നെത്തുന്നുണ്ട്. മുൻപ് വല്ലപ്പോഴും മാത്രം പിടികൂടിയിരുന്ന മാരക ലഹരി മരുന്നുകൾ ഇപ്പോൾ വയനാട്ടിൽ ആഴ്ചയിൽ രണ്ടും മൂന്നു തവണ പിടികൂടുന്നുണ്ട്. എക്സൈസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ ഊർജിതമായി നടക്കുന്നതും കേസുകൾ വർധിക്കാനുള്ള കാരണമായി പറയുന്നു.

40 ദിവസം; 102 പ്രതികൾ 273.54 ഗ്രാം എംഡിഎംഎ!

ജില്ലയിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് 9 വരെയുള്ള 40 ദിവസങ്ങളിൽ മാരക ലഹരിമരുന്നായ എംഡിഎംഎ മാത്രം 273. 54 ഗ്രാമാണ് എക്സൈസ് പിടികൂടിയത്. ഇക്കാലയളവിൽ വിവിധ കേസുകളിലായി 102 പ്രതികളുമുണ്ട്. മുൻകാലത്തേക്കാൾ കൂടുതലാണ് എം‍‍ഡിഎംഎ കേസുകളുടെയും പിടിയിലാകുന്നവരുടെ എണ്ണം. ഇൗ കാലയളവിൽ എക്സൈസ് മാത്രം 468 പരിശോധനകൾ സ്വന്തമായും 7 സംയുക്ത പരിശോധനകളും നടത്തി. ഇതേ കാലയളവിൽ 1.83 കിലോ കഞ്ചാവും ജില്ലയിൽ പലയിടങ്ങളിൽ നിന്നായി പിടികൂടിയിട്ടുണ്ട്. 2 സംസ്ഥാന അതിർത്തികളുള്ള ജില്ലയായതിനാൽ വാഹന പരിശോധനകൾ എക്സൈസ് കൂടുതലായി നടത്താറുണ്ട്. കഴിഞ്ഞ 40 ദിവസത്തിൽ 7647 വാഹന പരിശോധകളാണ് നടത്തിയത്. 5 വാഹനങ്ങൾ ലഹരി കടത്തിയതിനു പിടിയിലാവുകയും ചെയ്തു.

ലഹരിയുടെ ഇടനാഴിയായി വയനാട് 

2 സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന ജില്ലയെന്നതിനാൽ ലഹരി മരുന്ന് കടത്തുന്നതിന്റെ വഴിയായും ജില്ലയെ ലഹരി സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന ഇടനാഴിയാണു വയനാട്. ബെംഗളൂരു, മൈസൂരു തുടങ്ങിയ ഇടങ്ങളിൽ നിന്നെത്തുന്ന ബസ് യാത്രികരായ യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ എംഡിഎംഎ ഉൾപ്പെടെ പിടികൂടിയിരുന്നു. തമിഴ്നാട് അതിർത്തി കടന്നും ലഹരിയെത്തുന്നുണ്ട്.

പാൻമസാലകൾ കൂടുതലായും തമിഴ്നാട് അതിർത്തികളിലൂടെ സംസ്ഥാനത്തേക്കും കടക്കുന്നുണ്ട്.  കുറഞ്ഞ തുകയ്ക്ക് അവിടെ ലഭിക്കുന്നവ ഇവിടെയെത്തുമ്പോൾ 3 മുതൽ 4 ഇരട്ടി വിലയ്ക്കാണു വിൽപന നടത്തുന്നത്. കടകളിൽ രഹസ്യമായി പേപ്പറിൽ പൊതിഞ്ഞാണു വിൽപന. പരിചയക്കാർക്കും സ്ഥിരമായി വാങ്ങുന്നവർക്കുമാണു വിൽപന കൂടുതലും. എക്സൈസ് നടത്തുന്ന പരിശോധനയിൽ പിടിച്ചാലും പിഴയടച്ച് പുറത്തിറങ്ങിയാൽ വീണ്ടും വിൽപന നടത്തുന്ന കച്ചവടക്കാരുണ്ട്.  വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്നുള്ള കടകളിലെല്ലാം പരിശോധനകൾ ശക്തമാണെങ്കിലും പലയിടങ്ങളിലും ഇപ്പോഴും പാൻമസാല ലഭിക്കുന്നുണ്ടെന്നാണു വിവരം.

കാരിയർമാരായി സ്ത്രീകളും വിദ്യാർഥികളും

ജില്ലയിൽ ലഹരി മരുന്ന് കടത്തിലും വിൽപനയിലും പിടികൂടുന്ന ഭൂരിഭാഗം കേസുകളിലും സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടാറുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റെ‍ാരു വിവരം. അടുത്ത കാലത്തു പിടികൂടിയ കേസുകളിൽ വിൽപന നടത്തിയ യുവതിയെ പിടികൂടിയിരുന്നു.  മുൻപും സമാനമായ രീതിയിൽ എംഡിഎംഎ ഉൾപ്പെടെയുള്ളവയുടെ വിൽപനയും കടത്തിലും ഇവർ പങ്കാളികളായിരുന്നു. സ്ത്രീയെന്ന പരിഗണനയിൽ പരിശോധന കുറയുമെന്ന ധാരണയിലാണു ലഹരിമാഫിയ കാരിയർമാരായി പെൺകുട്ടികളെ ഉപയോഗിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ലഹരി എത്തിക്കേണ്ടിടത്ത് എത്തിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതിന്റെ പ്രതികാരം തീർക്കാനും മറ്റുമായി നടക്കുന്ന ഒറ്റുകൊടുക്കലിലൂടെയാണ് ഇത്തരക്കാർ പിടിയിലാകുന്നതും. കുറഞ്ഞ സമയത്ത് വൻ തുക വരുമാനം നേടുന്നതിനു വിദ്യാർഥികളും കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി മരുന്നുകൾ കടത്തുന്നുണ്ട്.

യുവാവ് അറസ്റ്റിൽ

കൽപറ്റ ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൽപറ്റ സ്വദേശി വി. മിൻഹാജ് (30) കൽപറ്റ പൊലീസിന്റെ പിടിയിലായി. സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്ന് 0.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA