പുൽപള്ളി ∙ പഞ്ചായത്തിലെ കോളറാട്ടുകുന്നു പ്രദേശത്തും ശല്യം വിതച്ചു കാട്ടാനകൾ. കഴിഞ്ഞ രാത്രി ആനയിറങ്ങി പ്രദേശത്തു പലരുടെയും കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാവിലെ കൊളപ്പാറ ജിനിലിന്റെ വീടിനു മുകളിലേക്കു പ്ലാവ് മറിച്ചിട്ടു. നാട്ടുകാര്‍ ചേര്‍ന്നു മുറിച്ചുമാറ്റി. പാറയിൽ ചന്ദ്രൻ, കല്ലേരിമറ്റത്തിൽ ബാലകൃഷ്ണൻ, കുട്ടപ്പൻ, ഐക്കര ബാബു, എന്നിവരുടെ കൃഷിയാണു നശിപ്പിച്ചത്. തെങ്ങ്, വാഴ, കമുക്, കാപ്പി എന്നിവയ്ക്കാണു നാശമുണ്ടായത്.
വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്നു കിടക്കുകയാണ്. രാത്രി കാവലിന് ആളെ നിയമിക്കണമെന്നും വേലിയും കിടങ്ങും ഫലപ്രദമാക്കണമെന്നും പഞ്ചായത്ത് അംഗം ജോഷി ചാരുവേലില്‍ ആവശ്യപ്പെട്ടു. വനത്തില്‍ നിന്നിറങ്ങി റോഡിലൂടെ വീടുകളുടെ സമീപത്തെത്തുന്ന ആനയെ ഭയന്നു രാവിലെ പശുവിനെ കറക്കാനും പള്ളിയില്‍ പോകാനും ആളുകള്‍ ഭയപ്പെടുന്നു. ജനങ്ങളുടെ ഭീതിയകറ്റാനുള്ള സത്വര നടപടികള്‍ വേണം.