ADVERTISEMENT

പനമരം ∙ മഴയ്ക്കു ശമനം, ഭീതിയകലുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ജില്ലയിൽ പലയിടങ്ങളിലും മഴയ്ക്കു ശക്തി കുറഞ്ഞതും ഇടയ്ക്കിടയ്ക്ക് മാനം തെളിഞ്ഞു വെയിൽ ഉദിച്ചതും പുഴയിൽ വെള്ളം ചെറിയ തോതിൽ താഴുന്നതും പുഴയോരവാസികൾക്ക് അടക്കം ആശ്വാസമാകുന്നു. എന്നാൽ പുഴയോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും കോളനികളും കൃഷിയിടങ്ങളും മൈതാനങ്ങളും ഇന്നലെയും വെള്ളത്തിനടിയിലാണ്.

ദിവസങ്ങളായി വെള്ളത്തിലായ മാത്തൂർ കോളനി.

വെള്ളം കയറിയിറങ്ങുന്നതനുസരിച്ചു പനമരം വലിയ പുഴയോരം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വ്യാപകമായി ഇടിയുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഒരാഴ്ചയോളമായി വെള്ളം കെട്ടിനിന്ന താഴ്ന്ന പ്രദേശത്തെ വാഴ, കപ്പ അടക്കമുള്ള കൃഷിനാശം സംഭവിച്ചവർ ഒട്ടേറെയുണ്ട്. ആദ്യ വെള്ളപ്പൊക്കത്തിനു ശേഷം വയൽ ഒരുക്കി വിത്തുവിതച്ച കർഷകർക്കും രണ്ടാം തവണ വെള്ളം കയറി വിത്ത് ഒഴുകിപ്പോയത് തിരിച്ചടിയായി.

വെള്ളം കയറിയ സ്ഥലത്തു നിന്നും ചങ്ങാടത്തിൽ പോയി മീൻപിടിച്ചു മടങ്ങുന്നവർ.

പല കർഷകർക്കും വിത്ത് നശിച്ച പാടങ്ങളിൽ വീണ്ടും വിത്ത് വിതയ്ക്കേണ്ട സ്ഥിതിയാണുള്ളത്. പല കർഷകർക്കും വിത്ത് വിതയ്ക്കണമെങ്കിൽ ഇനി വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണുള്ളത്. വെള്ളംകയറി നെൽവിത്ത് നശിച്ച കർഷകർക്കു കൃഷിവകുപ്പ് അടിയന്തരമായി വിത്ത് സൗജന്യമായി നൽകാനുള്ള നടപടി ഉണ്ടാകണമെന്നാണു കർഷകരുടെ ആവശ്യം. കൂടാതെ മാത്തൂർ പോലുള്ള വയലുകളിൽ മാലിന്യം അടിഞ്ഞു കൂടിയതും കർഷകർക്ക് ദുരിതമായി തീർന്നിട്ടുണ്ട്. മഴ കുറഞ്ഞതോടെ വെള്ളം കയറിയ പ്രദേശങ്ങളിൽ ചങ്ങാടങ്ങളും കോട്ടത്തോണിയും തണ്ടാടി വലകളും മറ്റുമുപയോഗിച്ചുള്ള മീൻപിടിത്തവും സജീവമായുണ്ട്.

ഊട്ടുപാറ – ചെന്നലോട് റോഡ് ഇടിഞ്ഞത് അപകടഭീഷണിയാകുന്നു

വെണ്ണിയോട് വലിയ പുഴ നിറഞ്ഞ് ഊട്ടുപാറ – ചെന്നലോട് റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞ നിലയിൽ‌.

കോട്ടത്തറ ∙ ഊട്ടുപാറ – ചെന്നലോട് റോഡിൽ ഹോമിയോ ഡിസ്പെൻസറിക്കു സമീപം പുഴയോരം ഇടിഞ്ഞ് റോഡ് തകരുന്നു. വെണ്ണിയോട് വലിയ പുഴ നിറഞ്ഞൊഴുകുന്നതിനാൽ റോഡിനോട് ചേർന്നുള്ള താഴ്ഭാഗം എങ്ങിനെയാണെന്ന് അറിയണമെങ്കിൽ വെള്ളം ഇറങ്ങണം. കോട്ടത്തറ - കരിഞ്ഞകുന്ന് വഴി വെണ്ണിയോട്, പടിഞ്ഞാറത്തറ, കാവുംമന്ദം, ചെന്നലോട്, കമ്പളക്കാട് ഭാഗത്തേക്ക് ഇതിലൂടെയാണു വാഹനങ്ങൾ പോകുന്നത്.  റോഡ് അരികിൽ കാട് വളർന്നു നിൽക്കുന്നതിനാൽ വാഹന യാത്രികർക്ക് പ്രത്യേകിച്ചു രാത്രിയാത്ര ചെയ്യുന്നവർക്ക് അപകടാവസ്ഥ തിരിച്ചറിയാൻ പ്രയാസമാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് ഇവിടെ അപകട മുന്നറിയിപ്പ് സഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പേരിയ - വട്ടോളി- വാളാട് റോഡ് വെള്ളത്തിൽ മുങ്ങി 

വെള്ളത്തിനടിയിലായ മരവയൽ മിനി സ്റ്റേഡിയം.

മാനന്തവാടി ∙ 4 ദിവസം ശക്തമായ മഴപെയ്താൽ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിൽ തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ - വട്ടോളി - വാളാട് റോഡ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പുഴ കരകവിഞ്ഞതോടെ റോഡ് വീണ്ടും വെള്ളത്തിൽ മുങ്ങി. ഈ വർഷം 3 തവണയാണ് റോഡ് വെള്ളത്തിനടിയിലായത്. ഇതു വഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കരിക്കാറ്റിൽ, പുന്നശ്ശേരി, കാരങ്കോട്, വട്ടോളി, എടലക്കുനി എന്നീ പ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്ന റോഡാണിത്. താഴ്ന്ന പ്രദേശമായതിനാൽ എല്ലാ മഴക്കാലത്തും  റോഡ് വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. പ്രളയ ഭീതി അവസാനിപ്പിക്കാൻ റോഡ് ഉയരം കൂട്ടി നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

കൊളത്താറ വാറുമ്മൽകടവ് റോഡിലെ കലുങ്ക് മഴയിൽ തകർന്നു

കൊളത്താറ വാറുമ്മൽകടവ് റോഡിൽ കൊളത്താറ കലുങ്കിനോടു ചേർന്നുള്ള ഭാഗം ഒലിച്ചുപോയ നിലയിൽ.

പനമരം ∙ കൊളത്താറ വാറുമ്മൽകടവ് റോഡിൽ മാസങ്ങൾക്കു മുൻപു ലക്ഷങ്ങൾ മുടക്കി നിർമിച്ച കലുങ്കിനോടു ചേർന്നുള്ള റോഡ് ഒലിച്ചുപോയി. പഞ്ചായത്തിൽ വലിയ പുഴയ്ക്കു സമാന്തരമായി പോകുന്ന റോഡിൽ കൊളത്താറ തോടിനു കുറുകെ പുഴയോരത്ത് കലുങ്കിനോടു ചേർന്നുള്ള റോഡ് പൂർണമായും പുഴയെടുത്തതോടെ കോളനിവാസികൾ അടക്കം ദുരിതത്തിലായി. കാലവർഷം തുടങ്ങി ആദ്യ വെള്ളപ്പൊക്കത്തിൽ തന്നെ റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. അടുത്ത മഴയിൽ മണ്ണു പൂർണമായും ഒലിച്ചുപോയി. ഇതോടെ കോളനിയിലുള്ളവർക്കു റേഷനടക്കമുള്ള സാധനങ്ങൾ വാങ്ങണമെങ്കിൽ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം.

റോഡ് ഉണ്ടെങ്കിലും പാലമോ കലുങ്കോ ഇല്ലാത്തതിനെ തുടർന്നു പതിറ്റാണ്ടുകളോളം ദുരിതത്തിലായ ഇവർ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണു മാസങ്ങൾക്ക് മുൻപ് പ്രളയ ദുരിതാശ്വാസ പദ്ധതിയിൽപെടുത്തി കലുങ്ക് നിർമിച്ചത്. നിർമാണത്തിലെ അഴിമതിയാണ് റോഡ് ഇത്ര പെട്ടെന്ന് തകരാൻ കാരണമെന്നാണു നാട്ടുകാരുടെ ആക്ഷേപം. ഒട്ടേറെ കോളനികളും നൂറുകണക്കിനു യാത്രക്കാരും ആശ്രയിക്കുന്ന റോഡ് വർഷങ്ങൾക്കു മുൻപ് തകർന്നപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തോടിനു കുറുകെ പൈപ്പ് സ്ഥാപിച്ച് ആയിരത്തിലധികം ചാക്ക് മണ്ണിട്ട് റോഡ് പുനഃസ്ഥാപിച്ചെങ്കിലും പൈപ്പ് തകർന്നതോടെ നാട്ടുകാർ തെങ്ങിൻതടി ഉപയോഗിച്ചു നടപ്പാലം നിർമിച്ചാണ് അക്കരെയിക്കരെ കടന്നിരുന്നത്.

ഇതും തകർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെയാണ് തോടിനു കുറുകെ കലുങ്ക് നിർമിച്ചത്. എന്നാൽ വേണ്ടത്ര രീതിയിലുള്ള സുരക്ഷ ഭിത്തി നിർമിക്കാത്തതാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണം.  റോഡ് തകർന്നതിനോടു ചേർന്നുള്ള വൈദ്യുത പോസ്റ്റും ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മഴ കഴിഞ്ഞാലുടൻ ഇവിടെ സംരക്ഷണഭിത്തി നിർമിച്ച് ഇടിഞ്ഞ റോഡ് പുനഃസ്ഥാപിക്കണമെന്നും താൽക്കാലികമായി കടന്നു പോകുന്നതിന് മരത്തടി ഉപയോഗിച്ചുള്ള പാലം നിർമിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com