ADVERTISEMENT

കൽപറ്റ ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷം ജില്ലയിൽ വിപുലമായി ആചരിക്കും. ഹർ ഘർ തിരംഗ ക്യാംപെയ്നിന്റെ ഭാഗമായി നാളെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. 15ന് സൂര്യാസ്തമയത്തോടെ പതാക താഴ്ത്താം. സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പതാക ഉയരും. സംസ്ഥാന ജീവനക്കാരും പൊതുമേഖല ജീവനക്കാരും അവരവരുടെ വസതികളിലും ദേശീയപതാക ഉയർത്തണമെന്നും നിർദേശമുണ്ട്. 

ദേശീയ പതാക രാത്രി താഴ്‌ത്തേണ്ടതില്ല. ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. പ്ലാസ്റ്റിക് പതാകകളും തോരണങ്ങളും ഉപയോഗിക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് പതാകകളും മറ്റും വിൽപന നടത്തരുത്. ജില്ലാതല ഉദ്യോഗസ്ഥർ പ്രത്യേക കേന്ദ്രങ്ങൾ/സ്ഥപനങ്ങളിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങുകൾക്ക് നേതൃത്വം നൽകണമെന്ന് കലക്ടർ എ. ഗീത അറിയിച്ചു. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ എഡിഎം എൻ.ഐ. ഷാജു, ഡപ്യൂട്ടി കലക്ടർ വി. അബൂബക്കർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിന വാർഷികം ആഘോഷിക്കും

മാനന്തവാടി ∙ നഗരസഭയുടെ നേതൃത്വത്തിൽ  ആസാദ് കി അമൃത മഹോത്സവത്തിന്റെ ഭാഗമായി നാളെ ആഘോഷ പരിപാടികൾക്കു തുടക്കം കുറിക്കും. വിദ്യാലയങ്ങൾ, കുടുംബശ്രീ, അങ്കണവാടികൾ, ആശാവർക്കർമാർ, വ്യാപാര സമൂഹം, വിവിധ ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.  15ന് ഉച്ചയ്ക്ക് 2ന് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് സ്വാതന്ത്ര ദിന റാലി ആരംഭിച്ച് ഗാന്ധി പാർക്കിൽ സമാപിക്കുമെന്നു നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി, സ്ഥിരം സമിതി അധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

മന്ത്രി ശശീന്ദ്രൻ പതാകയുയർത്തും

കൽപറ്റ ∙ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. തുടർന്നു മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. രാവിലെ 8ന് ചടങ്ങുകൾ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചാണു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തുക.

ചടങ്ങിലെക്കെത്തുന്നവരെ തെർമൽ സ്‌കാനർ പരിശോധനയ്ക്കും വിധേയമാക്കും. പരേഡിൽ 24 പ്ലാറ്റൂണുകൾ അണിനിരക്കും. പൊലീസ്- 3, എക്‌സൈസ്, വനം, എക്‌സ് സർവീസ്മെൻ- 1 വീതം, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് 3, എസ്പിസി 15 എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ അണിനിരക്കുക. ജവാഹർ നവോദയ, കൽപറ്റ കേന്ദ്രീയ വിദ്യാലയം, കണിയമ്പാറ്റ ചിൽഡ്രൻസ് ഹോം, എസ്കെഎംജെ സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിയവർ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കും.

സ്കൂളുകളിൽ വിതരണം ചെയ്ത ദേശീയ പതാക ക്രമവിരുദ്ധമെന്ന്

പനമരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലെ ചില സ്കൂളുകളിൽ വിതരണം ചെയ്ത ദേശീയപതാക, മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലെന്നു പരാതി. നിലവാരം കുറഞ്ഞ തുണിയിൽ അശ്രദ്ധമായെന്നോണം തയ്പ്പിച്ചെടുത്ത പതാകയിൽ 3 നിറങ്ങളും കൃത്യമായ രീതിയിലല്ലാത്തതു ദേശീയപതാകയെ അപമാനിക്കുകയാണെന്നു രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെടുന്നു.

വ്യാപാരസ്ഥാപനങ്ങളിൽ കുറഞ്ഞ വിലയ്ക്കു പതാക ലഭിക്കുമ്പോൾ കുട്ടികളിൽ നിന്നു 20 രൂപ ഈടാക്കി നിറങ്ങൾ ഇളകിയ പതാക നൽകുകയാണ്. ചില പതാകകളുടെ നടുവിൽ വെള്ളയ്ക്കു പകരം കുങ്കുമവും പച്ചയും ചേർന്ന മറ്റൊരു നിറമാണെന്നും രക്ഷിതാക്കൾ പറയുന്നു. കുടുംബശ്രീ യൂണിറ്റിൽ നിന്നാണു വൻതുക നൽകി സ്കൂൾ അധികൃതർ പതാക വാങ്ങിയത്. പതാകയിൽ നിറം മാറിയതു ചൂണ്ടിക്കാണിച്ചപ്പോൾ ജില്ലാ മിഷനു പരാതി നൽകാനാണു ബന്ധപ്പെട്ടവർ പറഞ്ഞതെന്ന് അധ്യാപകർ പറയുന്നു. നാളെ വീടുകളിൽ ഉയർത്താനുള്ള പതാകകളാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിന് എന്തു പരിഹാരം കാണുമെന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com