ADVERTISEMENT

മാനന്തവാടി ∙ പ്രവർത്തനം ബോർഡിൽ മാത്രം ഒതുങ്ങുന്നു എന്ന വിമർശനങ്ങൾക്കിടയിലും വയനാട് ഗവ. മെഡിക്കൽ കോളജിന് ആരോഗ്യ സർവകലാശാലയുടെ അംഗീകാരം. 2023–24 അക്കാദമിക വർഷത്തിൽ കോളജിൽ 100 മെഡിക്കൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പരിശോധനയ്ക്കെത്തിയ ആരോഗ്യ സർവകലാശാല വിദഗ്ധ സംഘം അധികൃതർക്കു നൽകി. ഇനി മെഡിക്കൽ കോളജിന് വേണ്ട നാഷനൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരത്തിന് വേണ്ടി ബുധനാഴ്ച അപേക്ഷ സമർപ്പിച്ചു.

വയനാട് ഗവ. മെഡിക്കൽ കോളജിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ സർവകലാശാലയിലെ വിദഗ്ധ സംഘം കോളജ് അധികൃതർക്കൊപ്പം.

നാഷനൽ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) അംഗീകാരം ലഭിച്ചാൽ അടുത്ത വർഷമെങ്കിലും വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.കോന്നി മെഡിക്കൽ കോളജിലെ പ്രഫ. ഡോ. ടി.പി. അഷറഫ്, ഇടുക്കി മെഡിക്കൽ കോളജിലെ അസോഷ്യേറ്റ് പ്രഫ. ഡോ. ഷാജി ശ്രീധർ, ആരോഗ്യ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ. സനിൽ എന്നിവരടങ്ങുന്ന സംഘമാണു പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞ തവണ ആരോഗ്യ സർവകലാശാല സംഘം ചൂണ്ടിക്കാണിച്ച ന്യൂനതകൾ മിക്കതും പരിഹരിച്ചതോടെയാണ് അംഗീകാരത്തിനു വഴി തുറന്നത്.

താണ്ടാൻ ഇനിയും കടമ്പകൾ

ഗവ. മെഡിക്കൽ കോളജ് പൂർണ തോതിൽ പ്രവർത്തനക്ഷമമാകണമെങ്കിൽ ഇനിയും ഒട്ടേറെ കടമ്പകൾ താണ്ടണം. മെഡിക്കൽ കോളജിനായി 140 തസ്തികകൾ സൃഷ്ടിക്കുകയും പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തുടങ്ങിയവരെ നിയമിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് വികസന സൊസൈറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മെഡിക്കൽ കോളജിനു വിട്ടു നൽകിയിട്ടുണ്ട്.

ഇവിടെ കെട്ടിട നിർമാണത്തിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. സർക്കാർ ഏജൻസിയായ വാപ്കോസ് വിശദമായ പ്രൊജക്ട് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. കെട്ടിട നിർമാണം പൂർത്തീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുമാണ് ഇനി വേണ്ടത്. എന്നാൽ, സർക്കാർ അനുവദിച്ച 140 തസ്തികകളിൽ ഭൂരിഭാഗവും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.

നിയമിച്ച ഡോക്ടർമാർ തന്നെ വർക്കിങ് അറേഞ്ച്മെന്റിൽ ചുരമിറങ്ങുന്ന പതിവിനും മാറ്റമൊന്നുമില്ല. 6 പ്രഫസർമാർ വേണ്ടിടത്തു 3 പേരെ മാത്രമാണു നിലവിൽ നിയമിച്ചത്. 2 പേർ കൂടി ഉടനെത്തുമെന്നു പറയുന്നു. 21 അസോഷ്യേറ്റ് പ്രഫസർമാർ വേണ്ടിടത്ത് 10 പേരുടെ കുറവുണ്ട്. അസി. പ്രഫസർമാരുടെ 28 തസ്തികയിലും ഇതു തന്നെയാണ് അവസ്ഥ. 28 സീനിയർ റസിഡന്റുമാർ വേണ്ടിടത്ത് പകുതിപ്പേർ മാത്രമാണ് ഇവിടേക്കു നിയോഗിക്കപ്പെട്ടത്. 32 ജൂനിയർ റസിഡന്റുമാർ വേണ്ടിടത്ത് 30 പേരെ നിയമിച്ചിട്ടുണ്ട്.

പൂവണിയട്ടെ, പ്രതീക്ഷകൾ

എൻഎംസി സംഘം പരിശോധനയ്ക്ക് എത്തുന്നതിന് മുൻപ് ലക്ചറർ ഹാൾ, ലബോട്ടറികൾ, പരീക്ഷാ ഹാൾ, ലൈബ്രറി, ഹോസ്റ്റലുകൾ എന്നിവയെല്ലാം ഒരുക്കേണ്ടതായുണ്ട്. നിലവിലുള്ള ഒഴിവുകൾ നികത്തുകയും കൂടുതൽ തസ്തികകൾ അനുവദിക്കുകയും വേണം. ഇൗ മാസം ആരോഗ്യമന്ത്രി ജില്ലയിൽ എത്തുന്നതോടെ ഇക്കാര്യങ്ങൾക്കു വേഗത കൈവരുമെന്നാണു പ്രതീക്ഷ. 1980ൽ ജില്ല രൂപീകൃതമായതു മുതലുള്ള ആവശ്യമാണ് ജില്ലയിൽ ഗവ. മെഡിക്കൽ കോളജ് അനുവദിക്കണമെന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ കൽപറ്റയിൽ മെഡിക്കൽ കോളജിന് തറക്കല്ലിട്ടെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 2021 ഫെബ്രുവരി 12നാണു കഴിഞ്ഞ പിണറായി വിജയൻ സർക്കാർ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയത്. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജാക്കി മാറ്റുക മാത്രമാണ് ഉണ്ടായതെന്ന വിമർശനങ്ങളും ഇതോടെ ഉയർന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനു മതിയായ സൗകര്യം ഒരുക്കുന്നതിനൊപ്പം സാധാരണക്കാർക്കു മതിയായ ചികിത്സ ലഭിക്കാനുള്ള നടപടികളും അടിയന്തരമായി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജില്ലാ ആശുപത്രിക്കായി നിർമാണം നടക്കുന്ന ബഹുനില കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്നു തന്നെയാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com