ADVERTISEMENT

ബത്തേരി ∙ ബത്തേരി ഡിപ്പോയിൽ സഞ്ചാരികൾക്കുള്ള സ്ലീപ്പർ ബസുകളുടെയും ജീവനക്കാർക്കുള്ള വിശ്രമ മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകുന്നതിനും കെഎസ്ആർടിസിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനുമാണു ശ്രമമെന്നു മന്ത്രി പറ‍ഞ്ഞു. ട്രേഡ് യൂണിയനുകളുമായി 17നു നടത്തുന്ന ചർച്ചയിൽ ആശങ്കകൾക്ക് സമ്പൂർണ പരിഹാരമാകുമെന്നും മന്ത്രി പറ‍ഞ്ഞു. കെഎസ്ആർടിസി ഡിപ്പോയിൽ ടേക്ക് എ ബ്രേക്ക് സൗകര്യത്തിനു നഗരസഭ അപേക്ഷ തന്നാൽ ആ നിമിഷം അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ്, കൗൺസിലർ പ്രജിത രവി, പി.ആർ. ജയപ്രകാശ്, സി.എം. സുധീഷ്. ഉമ്മർ കുണ്ടാട്ടിൽ, ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക് മാനേജർ എൻ.കെ. ജേക്കബ്സാം ലോപ്പസ്, വയനാട് ക്ലസ്റ്റർ ഓഫിസർ ജോഷി ജോൺ എന്നിവർ പ്രസംഗിച്ചു. മന്ത്രി ആന്റണി രാജു പങ്കെടുത്ത ചടങ്ങ് ബത്തേരി ഡിപ്പോയിലെ ഭരണ പ്രതിപക്ഷ സംഘടനകളെല്ലാം ബഹിഷ്കരിച്ചു. സിഐടിയു, ബിഎംഎസ് സംഘടനകളിൽപെട്ടവർ മാറി നിന്നപ്പോൾ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് കറുത്ത മാസ്ക് ധരിച്ച് ഡിപ്പോയ്ക്ക് പുറത്തു പ്രതിഷേധിച്ചു.

5 റൂട്ടുകളിൽ ബസ്  ആവശ്യപ്പെട്ട് എംഎൽഎ

ബത്തേരി ∙ മുൻപ് മുടങ്ങിപ്പോയതടക്കം 5 റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ. സി. ബാലകൃഷ്ണൻ എംഎൽഎ മന്ത്രി ആന്റണി രാജുവിന് കത്ത് നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പുലർച്ചെ 3ന് സർവീസ് നടത്തിയിരുന്ന ബസ്, മുള്ളൻകൊല്ലി – പുൽപള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർക്കുലർ, ബത്തേരി– കാസർകോട് സർവീസ്, ബത്തേരിയിൽ നിന്ന് ചുള്ളിയോട്, അമ്പലവയൽ, മേപ്പാടി, ചുണ്ട, കൽപറ്റ, മീനങ്ങാടി വഴിയുള്ള സർക്കുലർ, ബത്തേരിയിൽ നിന്ന് നാലാം മൈൽ, കുറ്റ്യാടി, നാദാപുരം തലശ്ശേരി വഴി മലബാർ കാൻസർ സെന്റർ എന്നീ സർവീസുകൾ ആരംഭിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. പെരിക്കല്ലൂരിൽ കെഎസ്ആർടിസിയുടെ ഓപ്പറേറ്റിങ് ഡിപ്പോ ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഭിക്ഷയെടുത്ത് വാങ്ങിയ ഡീസൽ കെഎസ്ആർടിസിക്ക് 

ബത്തേരി ∙ ഇന്ധനമില്ലാതെ പ്രതിസന്ധിയിലായ കെഎആർടിസിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി ടൗണിൽ യൂത്ത് ലീഗിന്റെ ഭിക്ഷയെടുക്കൽ സമരം. ഭിക്ഷയെടുത്തു ലഭിച്ച തുകയ്ക്ക് ഡീസൽ വാങ്ങി നൽകിയായിരുന്നു പ്രതീകാത്മക പ്രതിഷേധം. ഡീസൽ കുപ്പികളിലാക്കി ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ സമരക്കാർ എത്തിച്ചു. ബാക്കി വന്ന 171 രൂപ ഗതാഗത മന്ത്രിയുടെ പേരിൽ ഡിഡി അയയ്ക്കുകയും ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് തണലോട്ട്, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, നിസാം കല്ലൂർ, നൗഷാദ് മംഗലശേരി, അസീസ് വേങ്ങൂർ, ഇ.പി. ജലീൽ, റിയാസ് കൈനാട്ടി. പി.എം. ഷബീർ എന്നിവർ നേതൃത്വം നൽകി.

നൈറ്റ് ജംഗിൾ സഫാരിക്ക്  ബസ്

ബത്തേരി ∙ ബത്തേരിയിൽ നിന്ന് വടക്കനാട്, ഓടപ്പള്ളം, മുത്തങ്ങ, പൊൻകുഴി, പുൽപള്ളി റൂട്ടിൽ ചെതലയം ഭാഗങ്ങളെ ബന്ധപ്പെടുത്തി കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരി നടത്തുമെന്നു മന്ത്രി ആന്റണി രാജു. രണ്ടു ബസുകൾ ഇതിനായി നീക്കി വയ്ക്കും. 60 കിലോമീറ്റർ നീളുന്ന യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്നും 300 രൂപയുടെ പാക്കേജിലാണ് സർവീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. 3 ബസുകളാണ് ബത്തേരി ഡിപ്പോയിൽ സഞ്ചാരികളുടെ താമസത്തിനായി സ്ലീപ്പറുകളാക്കിയിട്ടുള്ളത്. സിംഗിൾ കിടക്കകളും ഫാമിലി മുറികളുമുണ്ട്. എസിയിൽ സിംഗിൾ ബെഡിന് 160 രൂപയും ഫാമിലി മുറിക്ക് 800 രൂപയുമാണു നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com