ADVERTISEMENT

കൽപറ്റ ∙ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. തുടർന്നു സ്വാതന്ത്ര്യദിന സന്ദേശം നൽകും. രാവിലെ 8ന് ചടങ്ങുകൾ തുടങ്ങും. പരേഡിൽ 24 പ്ലാറ്റൂണുകൾ അണിനിരക്കും. സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

ദേശഭക്തിഗാനം പ്രകാശനം ചെയ്തു

കൽപറ്റ ∙ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷ ഭാഗമായി ജില്ലാ ഭരണകൂടം തയാറാക്കിയ ദേശഭക്തിഗാനം മന്ത്രി എം.വി. ഗോവിന്ദൻ കലക്ടർ എ. ഗീതയ്ക്കു നൽകി പ്രകാശനം ചെയ്തു. 4 മിനിറ്റ് ഗാനം കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണു റിലീസ് ചെയ്തത്.

വലിയ പതാക ഉയർത്തി

ബത്തേരി∙ പൊതുജനങ്ങൾക്ക് ഉയർത്താവുന്ന ദേശീയപതാകയുടെ വലിപ്പ പരിധി എടുത്തു കളഞ്ഞതോടെ പലരും ഇത്തവണ വലുപ്പമേറിയ പതാകകൾ ഉയർത്തുന്നുണ്ട്. ചീരാൽ കൊഴുവണയിലെ നാട്ടുകാർ 3 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള പതാകയാണ് ഉയർത്തിയത്. 13 മീറ്റർ ഉയരമുള്ള കൊടിമരത്തിലാണ് പതാക ഉയർത്തിയത്. കൊളുമ്പി, കൊയ്മ എന്നീ മുത്തശ്ശിമാർ ചേർന്നാണ് പതാക ഉയർത്തിയത്. 

75 പരിപാടികളുമായി ഡബ്ല്യുഎംഒ കോളജ് 

മുട്ടിൽ ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡബ്ല്യുഎംഒ കോളജ് 75 പരിപാടി സംഘടിപ്പിക്കുന്നു. ചർച്ചകൾ, സെമിനാറുകൾ, വിവിധ മത്സരങ്ങൾ, ഫ്രീഡം വാൾ പെയിന്റിങ്, ഗ്രാമ സന്ദർശനം, ഡോക്യുമെന്ററി പ്രദർശനം, ചിത്രപ്രദർശനം, പുസ്തക പ്രദർശനം തുടങ്ങിയ 75 പരിപാടികൾ കോളജിലെ 13 വകുപ്പുകൾ, എൻസിസി, എൻഎസ്എസ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ, ലൈബ്രറി, ഐക്യുഎസി എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുക. ഇന്നു രാവിലെ 9ന് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ഫരീദ് പതാക ഉയർത്തും. തുടർന്നു കോളജ് മാനേജർ എം. എ. മുഹമ്മദ് ജമാൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 

രഥയാത്രയുമായി സ്കൂൾ

ബത്തേരി∙ സ്വതന്ത്ര്യദിനാഘോഷ ഭാഗമായി പൂമല മെക്‌ലോർഡ്സ് ഇംഗ്ലീഷ് സ്കൂൾ ജില്ലയിലുടനീളം രഥയാത്ര നടത്തുന്നു. ആസാദി കാ രഥ് യാത്ര എന്ന പരിപാടിയിൽ വിവിധ ടൗണുകളിൽ ഫ്ലാഷ്മോബ്, നൃത്തം, പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഫ്ലാഗ് ഓഫ് ചെയ്തു.  പ്രിൻസിപ്പൽ സി.എ. ബീന അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഷിംജിത് ദാമു, പിടിഎ പ്രസിഡന്റ് സിജോ മാത്യു, റെജി ജോർജ്, മാത്യു ഏബ്രഹാം എടയക്കാട്ട് എന്നിവർ പ്രസംഗിച്ചു

കാക്കവയൽ ജവാൻ സ്മൃതിയിൽ ഇന്ന് റീത്ത് സമർപ്പണം

കാക്കവയൽ ∙ ആസാദി കാ അമൃത് മാഹാത്സവത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി ഇന്ന് കാക്കവയൽ ജവാൻ സ്മൃതിയിൽ റീത്ത് സമർപ്പിക്കും. തുടർന്ന് തെനേരി ഫാത്തിമ മാതാ പള്ളിയിൽ കുടുംബ സംഗമവും നടത്തും. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

ദേശഭക്തിഗാന മത്സരം നടത്തി

ബത്തേരി ∙  ഡോൺ ബോസ്കോ കോളജിൽ കോളജ്, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ദേശഭക്തിഗാന മത്സരം നടത്തി. കോളജ് തലത്തിൽ സെന്റ് മേരീസ് കോളജ്, നീലഗിരി കോളജ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്കൂൾ തലത്തിൽ അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഡോൺബോസ്കോ കോളജ് എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡ്രീംവാൾ നിർമാണവും നടന്നു. പ്രിൻസിപ്പൽ ഫാ. ഡോ. ജോൺസൺ പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com