പനമരം∙ കാട്ടാനശല്യം രൂക്ഷമായതോടെ വനാതിർത്തിയിലെ കർഷകർ കൃഷിയിടം ഉപേക്ഷിച്ച് ഇറങ്ങേണ്ട അവസ്ഥ. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വന്യമൃഗ ശല്യമാണ് ഇക്കുറി. കൃഷിയിടത്തിലിറങ്ങി ഒറ്റരാത്രി കൊണ്ടു വിളകൾ നശിപ്പിക്കുകയാണ്. പൂതാടി, പനമരം, പുൽപള്ളി പഞ്ചായത്തുകളിലാണ് കാട്ടാനശല്യം ഏറെയും. ഇതിൽ പനമരം പഞ്ചായത്തിൽ പാതിരി സൗത്ത്, വെള്ളമുണ്ട സെക്‌ഷനുകളിൽ പെടുന്ന പരിയാരം, അമ്മാനി, മണൽവയൽ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി പകലും കാട്ടാന ഇറങ്ങുന്നുണ്ട്. കാട്ടാനക്കൂട്ടം പകലും കൃഷിയിടത്തിൽ തമ്പടിക്കുന്നതിനാൽ പേടി കൂടാതെ പുറത്തിറങ്ങാനോ വയൽ പണി പോലും ചെയ്യാനോ കഴിയാത്ത അവസ്ഥ. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക് എന്നിവിടങ്ങളിൽ രാത്രിയാണ് ആനയിറങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയിറങ്ങിയ കാട്ടാനക്കൂട്ടം കേച്ചേരി ജോസഫ്, കാടപറമ്പിൽ ജോസ്, ജോയി, ഷാന്റി ചേനപ്പാടി, ഏങ്ങപ്പള്ളി ബേബി, വടക്കാഞ്ചേരി ജോസ് തുടങ്ങി ഒട്ടേറെ കർഷകരുടെ വിളകളാണു നശിപ്പിച്ചത്. വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത വേലി തകർന്നതാണു കാട്ടാന ശല്യം വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. വനത്തിൽ നിന്നിറങ്ങുന്ന കാട്ടാന വൈദ്യുത വേലികളും മറ്റും തകർത്താണ് തെങ്ങ്, കാപ്പി, കുരുമുളക്, കമുക്, വാഴ, ഏലം, ഗ്രാമ്പു, പച്ചക്കറികൾ അടക്കമുള്ളവ നശിപ്പിക്കുന്നത്. കാട്ടാനശല്യം കാരണം കിട്ടിയ വിലയ്ക്കു സ്ഥലം വിറ്റ കർഷകരും വനാതിർത്തി പ്രദേശത്തുണ്ട്.

കാട്ടാനശല്യം രൂക്ഷമായിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കാട്ടാനകളെ പ്രതിരോധിക്കാനുള്ള പല പദ്ധതികളും വരുന്നുണ്ടെങ്കിലും ഇവയെല്ലാം മുടക്കാനാണു വനം വകുപ്പിലെ ചിലർ ശ്രമിക്കുന്നതെന്നും ഇതിന്റെ ഫലമാണ് 16 കോടിയുടെ പദ്ധതി എങ്ങുമെത്താതെ പോയതെന്നും നാട്ടുകാർ ആരോപിക്കുന്നു. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം ഇല്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.