നാടെങ്ങും വിപുലമായ സ്വാതന്ത്യ്ര ദിനാഘോഷം

കൽപറ്റ എസ്കെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കുന്നു.
SHARE

കൽപറ്റ ∙ രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളികൾ ചെറുക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിഘടന വാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന ഛിദ്രശക്തികളെ ഐക്യബോധത്തോടെയും ആർജവത്തോടെയും പരാജയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സന്തുലിതമായ വികസനമാണു ഭരണകൂടങ്ങൾ വിഭാവനം ചെയ്യേണ്ടത്. വികസന പ്രവർത്തനങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് എത്തുമ്പോൾ മാത്രമാണ് ജനാധിപത്യ വികസനമായി മാറുക. കാർഷിക വളർച്ചയിൽ ഊന്നിയ വികസനമാണ് രാജ്യത്തിന് അഭികാമ്യം. വികസനത്തിന്റെ സൽഫലങ്ങൾ ഗ്രാമീണ ഭവനത്തിൽ കൂടി എത്തിച്ചേരുമ്പോഴാണു രാജ്യം വികസിത രാഷ്ട്രമായി മാറുന്നതെന്നും മന്ത്രി പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നു. 24 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എം.എ. സന്തോഷ് പരേഡ് കമാൻഡർ ആയിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി പുളിയാർമലയിൽ നിന്ന് കൽപറ്റയിലേക്കു നടത്തിയ റാലി.

പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എക്സ് സർവീസ്മെൻ എന്നിവർക്ക് പുറമേ എൻസിസി, എസ്പിസി, സ്‌കൗട്ട് ആൻഡ് ഗൈഡൻസ് എന്നിവരുടെയും പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. വാകേരി ജിവിഎച്ച്എസ്എസ് സംഘം ബാൻഡ് വാദ്യമൊരുക്കി. കമ്പളക്കാട് ഡിഎച്ച്ക്യു ക്യാംപ് റിസർവ് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് വി.വി. ഷാജൻ സെക്കൻഡ് ഇൻ കമാൻഡറായിരുന്നു. കൽപറ്റ കേന്ദ്രീയ വിദ്യാലയം, കണിയാമ്പറ്റ ജിഎംആർഎസ്, കൽപറ്റ എസ്കെഎംജെ സ്‌കൂൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ദേശഭക്തി ഗാനവും വനിതാ ശിശു വികസന വകുപ്പിന്റെ പാക്കനാർ പാട്ടും അരങ്ങേറി.

ചടങ്ങിൽ ഉത്തമ സേവനത്തിനുളള കേന്ദ്ര സർക്കാരിന്റെ ഉത്കൃഷ്ട സേവാ പതക്കിന് അർഹരായ സബ് ഇൻസ്പെക്ടർമാരായ വിമൽ ഷാജി, എസ്. പ്രകാശൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടി. മുഹമ്മദ് കുട്ടി എന്നിവർക്കു മന്ത്രി മെഡൽ നൽകി. 2021 വർഷത്തെ സായുധ സേന പതാക ദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ചു നൽകിയ കൽപറ്റ ജോയിന്റ് റജിസ്ട്രാർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, മാനന്തവാടി ദ്വാരക എസ്എച്ച്എസ്എസ് എന്നിവയ്ക്കുള്ള മുഖ്യമന്ത്രിയുടെ സായുധ സേന പതാക ദിന റോളിങ് ട്രോഫിയും മന്ത്രി നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ എ. ഗീത, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, കൽപറ്റ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ്, എഡിഎം എൻ.ഐ. ഷാജു, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു. ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ വകുപ്പുകൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാഘാഷച്ചടങ്ങുകൾ നടത്തി. വീടുകളിലും ദേശീയപതാക ഉയർത്തി.

വിദ്യാർഥികൾക്കൊപ്പം ദേശഭക്തി ഗാനം ആലപിച്ച് കലക്ടർ

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കൽപറ്റ എസ്കെഎംജെ സ്കൂളിലെ വിദ്യാർഥികളുടെ കൂടെ കലക്ടർ എ. ഗീത ദേശഭക്തിഗാനം ആലപിച്ചു. ഹർ ഘർ തിരംഗ ക്യാംപെയ്നിന്റെ ഭാഗമായി ജില്ലാ ഭരണകൂടം തയാറാക്കിയ ദേശഭക്തി ഗാനമാണിത്. മന്ത്രി എം.വി. ഗോവിന്ദനാണു ഗാനം പ്രകാശനം ചെയ്തത്. എസ്കെഎംജെ സ്‌കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂരാണ് ഗാനം രചിച്ചത്. ഗാനത്തിനു സംഗീതം നൽകിയത് സ്‌കൂളിലെ സംഗീത അധ്യാപികയായ പി.എൻ. ധന്യയാണ്. പ്ലസ്ടു വിദ്യാർഥികളായ കെ.ജെ. സംപൂജ്യ, അഭിരാമി.വി.കൃഷ്ണൻ, നസീഹ നസ്റിൻ, അന്ന ഐശ്വര്യ, എസ്. ശ്രീലക്ഷ്മി, എം.കെ. അരുണിമ, അലൈന കുരുണിയൻ എന്നിവർക്കൊപ്പമാണ് കലക്ടർ ഗാനം ആലപിച്ചത്.

കൽപറ്റ ∙ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ടി.കെ. നസീമ പതാക ഉയർത്തി. സെക്രട്ടറി ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ദേശഭക്തി ഗാന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന പതാക ഉയർത്തി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ നഴ്സിങ് ഓഫിസർ ഇൻ ചാർജ് ഭവാനി തരോളിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. സ്റ്റാഫ് കൗൺസിൽ പ്രശ്നോത്തരി മത്സരവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ ജില്ലാ മെഡിക്കൽ ഓഫിസ് ജീവനക്കാർ പായസവും മധുരവും വിതരണം ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എ.പി. ദിനേശ് കുമാർ പതാക ഉയർത്തി. ദേശ ഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.

കോൺഗ്രസ് റാലി നടത്തി

കൽപറ്റ ∙ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും സ്വാതന്ത്ര്യം അംഗീകരിക്കാതിരുന്നവരുമാണു നാടു ഭരിക്കുന്നതെന്നു കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാർ എംഎൽഎ ആരോപിച്ചു. യഥാർഥ സ്വാതന്ത്ര്യ സമര സേനാനികൾ കോൺഗ്രസുകാർ ആയിരുന്നു. എല്ലാ വിഭവങ്ങളും ഊറ്റിയെടുത്തു ബ്രിട്ടിഷുകാർ ചൂഷണം ചെയ്ത നമ്മുടെ രാജ്യത്തെ ലോകശക്തിയായി വളർത്തിയെടുത്തത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പുളിയാർമലയിൽ നിന്നു ടൗണിലേക്ക് നടത്തിയ റാലിയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ പുളിയാർമലയിൽ നിന്ന് നടത്തിയ സ്വാതന്ത്ര്യദിന റാലിയിൽ എൻ.ഡി. അപ്പച്ചന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. തൂവെള്ള ഖദർ വസ്ത്രവും ഗാന്ധിത്തൊപ്പിയും ധരിച്ച് ദേശീയ പതാകയുമേന്തിയാണു പ്രവർത്തകർ അണിനിരന്നത്.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് വിസിറ്റിങ് പ്രഫസർ ഡോ. ആർ. സുരേന്ദ്രൻ, കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, എൻ. വേണുഗോപാൽ, ബിനു തോമസ്, ഒ.വി. അപ്പച്ചൻ, മംഗലശേരി മാധവൻ, എം.എ. ജോസഫ്, എം.ജി. ബിജു എന്നിവർ പ്രസംഗിച്ചു.  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ കോൺഗ്രസ് ഓഫിസുകൾക്കു മുൻപിലും മണ്ഡലം–ബൂത്ത്–സിയുസി കമ്മിറ്റികളുടെ നേതൃത്വത്തിലും ദേശീയപതാക ഉയർത്തി.

പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ ∙ പഞ്ചായത്തിന്റെ നേത‍‍ൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ, എസ്പിസി കെഡറ്റുകൾ എന്നിവർ അണിനിരന്ന ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അസ്മ എന്നിവർ പ്രസംഗിച്ചു. എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 75 പ്രതിഭകൾ, മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചവർ എന്നിവരെ ആദരിച്ചു. 76 ടീമുകൾ മാറ്റുരച്ച ഭാരതീയം ക്വിസ് ആദ്യ ഘട്ടത്തിൽ വിജയിച്ച 20 ടീമുകളെ ഉൾപ്പെടുത്തി ഫൈനൽ റൗണ്ട് മത്സരം നടത്തി. തുടർന്നു കലാ മേളയും നൃത്ത വിരുന്നും നടത്തി.

മാനന്തവാടിയിൽ സ്വാതന്ത്ര്യ ദിന ഘോഷയാത്ര 

മാനന്തവാടി ∙ നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ റാലി നടത്തി. കളരിപ്പയറ്റ് പ്രദർശനം, മതസാഹോദര്യവും മാനവീകതയും ഉയർത്തുന്ന ഗാനങ്ങൾ, കലാവിരുന്ന് എന്നിവയെല്ലാം പരിപാടിക്ക് മികവേകി. വിമുക്തഭടൻമാർ അടക്കം വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.  കെഎസ്ഇബി പരിസരത്ത് നിന്നാരംഭിച്ച സ്വാതന്ത്ര്യ ദിന റാലി നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. എൻസിസി, സ്കൗട്ട്  ആൻഡ് ഗൈഡ്സ്, എസ്പിസി, വിഭാഗങ്ങളും നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകരും വിദ്യാർഥികളും റാലിയിൽ അണിനിരന്നു.

നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പായി. സാംസ്കാരിക സമ്മേളനം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. റാഷിദ് ഗസാലി കൂളിവയൽ പ്രഭാഷണം നടത്തി. മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു സെബാസ്റ്റ്യൻ, സീമന്തിനി സുരേഷ്, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, പി.വി.എസ്. മൂസ, അബ്ദുൽ ആസിഫ്, വി.ആർ. പ്രവീജ്, നഗരസഭാ സൂപ്രണ്ട് ജയൻ തൃശ്ശിലേരി എന്നിവർ ്രപസംഗിച്ചു.

നീലഗിരിയിൽ സ്വാതന്ത്യ്രദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഊട്ടിയില്‍ നടന്ന പരിപാടിയില്‍ കലക്ടര്‍ എസ്.പി അമൃത് പൊലീസിന്റെ ഗാര്‍ഡ് ഒാഫ് ഒാണര്‍ സ്വീകരിക്കുന്നു.

ഗൂഡല്ലൂർ ∙ നാടെങ്ങും സ്വാതന്ത്ര്യ ദിനത്തിന്റെ 75–ാം വാർഷികം ആഘോഷിച്ചു. ഊട്ടി ആർട്സ് കോളജ് മൈതാനത്തിൽ നടന്ന പരിപാടിയിൽ കലക്ടർ എസ്. പി അമൃത് ദേശീയ പതാക ഉയർത്തി. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്നു നടന്ന പരിപാടിയിൽ വിവിധ വകുപ്പുകളിൽ മികച്ച സേവനം ചെയ്ത ജീവനക്കാർക്ക് അംഗീകാരപത്രം  നൽകി. വിവിധ സ്കൂളുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ നടന്ന ആഘോഷ പരിപാടിയിൽ റേഞ്ചർ മനോഹരൻ കൊടി ഉയർത്തി.

ദേശീയ കൊടിയുമായി പന്തിയിലെ ആനകളെ അണിനിരത്തി. തുടർന്ന് ആനയൂട്ടും നടത്തി. താലൂക്കുകളിലെ 5 ഗ്രാമപഞ്ചായത്തുകളിലും ഗ്രാമസഭ നടന്നു ഗ്രാമ സഭയിൽ ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രമേയം പാസാക്കി. നീലഗിരിയിൽ നടപ്പിലാക്കിയ പട്ടയ നിരോധന നിയമം മാറ്റി കർഷകർക്കു പട്ടയം നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയ അമൃത സരോവരം പദ്ധതിയും ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലും ആഘോഷ പരിപാടികൾ നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}