മാനന്തവാടി നഗരസഭ: യുഡിഎഫിൽ പ്രതിസന്ധി

wayanad-map
SHARE

മാനന്തവാടി ∙ കഴിഞ്ഞ ഇടതു നഗരസഭാ ഭരണത്തോടുള്ള ജനങ്ങളുടെ അപ്രീതിയുടെ പേരിൽ അപ്രതീക്ഷിതമായി നഗരസഭാ ഭരണം ലഭിച്ച യുഡിഎഫ് വൻ പ്രതിസന്ധിയിൽ. സ്വതന്ത്ര അടക്കം 3 അംഗങ്ങളുള്ള മുസ്‌ലിം ലീഗും നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് നേതൃത്വം അകപ്പെട്ടത് ഉൗരാക്കുരുക്കിൽ. ഏതു വിധേനയും പ്രശ്നം പരിഹരിക്കാനും ഭരണം നിലനിർത്താനുമായി രാത്രി വൈകിയും മാരത്തൺ ചർച്ചകൾ തുടരുകയാണ്.

ഇന്നലെ നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി അടക്കം 7 കൗൺസിലർമാരാണു വിട്ടു നിന്നത്. ഇതിൽ 2 പേർ എത്താനാകില്ലെന്നു മുൻകൂട്ടി അറിയിച്ചിരുന്നു. അതിനിടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കും പൊതുമരാമത്ത് സ്ഥിരം സമിതി അംഗത്വത്തിന്റെയും തിരഞ്ഞെടുപ്പ് ഇന്നു നടക്കും. കോൺഗ്രസിലെ മാർഗരറ്റ് തോമസ് രാജിവച്ചു വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സ്മിതാ തോമസിന് നൽകാനായിരുന്നു ധാരണ. ഇന്നലത്തെ യോഗത്തിൽ നിന്നു വിട്ട് നിന്ന ഇവർ ഇൗ സ്ഥാനം സ്വീകരിക്കാൻ വിസമ്മതം അറിയിക്കുകയായിരുന്നു.

നഗരസഭാ അധ്യക്ഷയായി ഒരു വിഭാഗം സ്മിതയുടെ പേരാണു നിർദേശിക്കുന്നത്. നഗരസഭാധ്യക്ഷയാകാൻ ആഗ്രഹിക്കുന്ന മാർഗരറ്റ് തോമസും ഇന്നലത്തെ യോഗത്തിനെത്തിയില്ല. രാജിവച്ച സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിൽ ഇവരും വിമുഖത പുലർത്തുകയാണ്. കുഴിനിലം വാർഡിൽ നിന്ന് യുഡിഎഫ് വിമതയായി വിജയിച്ച കൗൺസിലർ ലേഖാ രാജീവനാണ് വികസനകാര്യ സ്ഥിരം സമിതിയിലെ അവശേഷിക്കുന്ന ഏക യുഡിഎഫ് വനിത. ഇവരെ നഗരസഭാധ്യക്ഷയാക്കാൻ കോൺഗ്രസ് നേതൃത്വം  തീരുമാനിച്ചിരുന്നു.എന്നാൽ തങ്ങളുടെ സ്ഥാനാർഥിയെ തോൽപിച്ച വ്യക്തിയെ അധ്യക്ഷയാക്കുന്നതിനെതിരെ ലീഗ് നിലപാട് സ്വീകരിക്കുകയായിരുന്നു. 

നിലവിലെ അധ്യക്ഷ സി.കെ.രത്നവല്ലിയെ മാറ്റി ലേഖ രാജീവനെ അധ്യക്ഷയാക്കാൻ ശനിയാഴ്ച ഡിസിസി ഓഫിസിൽ വച്ച് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, കെപിസിസി സെക്രട്ടറി കെ. ജയന്ത്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുടെ സാന്നിധ്യത്തിലാണ്  തീരുമാനിച്ചത്. ഇതിന് മുൻപ് എല്ലാ കോൺഗ്രസ് കൗൺസിലർമാരുടെയും അഭിപ്രായം പാർട്ടി നേതൃത്വം ആരാഞ്ഞിരുന്നു. ഭൂരിഭാഗം പേരും ലേഖയുടെ പേരാണ് നിർദേശിച്ചതെന്ന് അറിയുന്നു. 

അതേ സമയം പാർട്ടിക്ക് വേണ്ടി അധ്വാനിക്കുന്നവരെ പാടേ അവഗണിച്ചു മുന്നണിക്ക് എതിരായി മത്സരിച്ച് ജയിച്ച വ്യക്തിയെ തിരികെ  കൊണ്ടുവന്ന് അധ്യക്ഷയാക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്നുണ്ട്. ഇതിനൊപ്പം ലേഖാ രാജീവൻ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിലുള്ള കോൺഗ്രസ്  മണ്ഡലം കമ്മിറ്റിയുടെയും ലീഗിന്റെയും എതിരഭിപ്രായവും നേതൃത്വം കണക്കിലെടുക്കേണ്ടതായി വരും.

നിലവിലെ നഗരസഭാധ്യക്ഷയെ മാറ്റേണ്ട ആവശ്യമില്ലെന്നു വാദിക്കുന്നവരും ഉണ്ട്. ഇനി മാറ്റണമെന്നു നിർബന്ധമാണെങ്കിൽ അതു കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി  ജയിച്ച ആരെങ്കിലും ആകണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്മിതാ തോമസിന് അനുകൂലമാണ് ഇൗ വാദം.  എന്നാൽ 22നു നടക്കുന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ജേക്കബ് സെബാസ്റ്റ്യന് അവസരം നൽകാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞു.  സ്മിത തോമസ് ജേക്കബിന്റെ സഹോദര ഭാര്യ ആയതിനാൽ അനുജത്തി അധ്യക്ഷനും ജ്യേഷ്ഠൻ ഉപാധ്യക്ഷനും ആകുന്ന സാഹചര്യമാണ് ഉണ്ടാകുക.  പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച മാർഗരറ്റ് തോമസിന്റെ നിലപാടിൽ കൗൺസിലർമാരിൽ ഭൂരിഭാഗം ശക്തമായി വിയോജിച്ചിരുന്നു.

നിലവിലെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ തുടർന്നാൽ 22ന് ശേഷം അവിശ്വാസം കൊണ്ടുവരാനുള്ള ആലോചനയിലാണ് മറ്റു കോൺഗ്രസ് കൗൺസിലർമാർ. നിലവിൽ ഒഴിവുള്ള നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ജേക്കബ് സെബാസ്റ്റ്യന് 2 വർഷവും ഒരു വർഷം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച പി.വി. ജോർജിനും എന്നാണ് കോൺഗ്രസിലെ  ധാരണ.  ഇൗ പാക്കേജിന്റെ ഭാഗമായാണ് വികസന സ്ഥിരം സമിതി അധ്യക്ഷയായി സ്മിത തോമസിനെ നിശ്ചയിച്ചത്. എന്നാൽ ഇതിനു ശേഷമാണ് സാഹചര്യങ്ങൾ മാറി മറിഞ്ഞത്.

മുൻപു നടന്ന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് അസാധു ആയതിനാലാണ് എൽഡിഎഫിലെ വിപിൻ വേണുഗോപാൽ അധ്യക്ഷനായത്. ഇന്നു നടക്കുന്ന വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തിന് എൽഡിഎഫിന് സാധ്യത നന്നേ കുറവാണ്. തങ്കമണി മാത്രമാണ് ഇൗ കമ്മിറ്റിയിൽ എൽഡിഎഫിനുള്ളത്. അതേസമയം നഗരസഭാധ്യക്ഷയ്ക്ക് എതിരെ അവിശ്വാസ പ്രമേയം യുഡിഎഫ് കൊണ്ടുവരുന്ന സാഹചര്യം ഉണ്ടായാൽ  ഭരണം പിടിക്കാനുള്ള നീക്കം നടത്താൻ എൽഡിഎഫിൽ ആലോചനയുണ്ട്. ലീഗ് വിട്ടു നിൽക്കുകയും കോൺഗ്രസിലെ അതൃപ്തരെ പ്രയോജനപ്പെടുത്താനുമായാൽ ഇതു സാധ്യമാകും. കൈ വിട്ടുപോയ ഭരണം തിരികെപ്പിടിക്കാൻ  ഇടതുപക്ഷം ശ്രമിക്കുമെന്നതിനാൽ കരുതലോടെയാണ് യുഡിഎഫിലെ വിവിധ ക്യാംപുകളും നീക്കങ്ങൾ നടത്തുന്നത്.

ഇന്നു രാവിലെ 10പൊതുമരാമത്ത് സ്ഥിരം സമിതി അംഗത്തിന്റെ  തിരഞ്ഞെടുപ്പ് നടക്കും. ഇന്നലെ ധനകാര്യ സ്ഥിരം സമിതിയിൽ നിന്നു രാജിവച്ച സിപിഎമ്മിലെ അബ്ദുൽ ആസിഫും മുൻ നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസയും തമ്മിലാകും മത്സരം. യുഡിഎഫിലെ പാളയത്തിൽ പടയിലാണ് എൽഡിഎഫിന്റെ കണ്ണ്. രാവിലെ 11നാണ് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

കയ്യിൽ കിട്ടിയ ഭരണം കൊണ്ടുനടക്കാൻ കഴിയാത്ത ജനപ്രതിനിധികൾക്കെതിരെയും ഇവരെ നേർവഴിക്ക് നടത്താൻ കഴിയാത്ത ഡിസിസി നേതൃത്വത്തിനെതിരെയും കോൺഗ്രസ് പ്രവർത്തകരിൽ പ്രതിഷേധം ഉയരുന്നുണ്ട്. മൊബൈൽ ഫോൺ ഓഫാക്കി പാർട്ടി യോഗത്തിൽ നിന്ന് വിട്ട് നിന്ന നഗരസഭാധ്യക്ഷക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്നു രാവിലെ 9 മണിക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു വികസനകാര്യ അധ്യക്ഷയെ നിശ്ചയിക്കുമെന്ന് പാർ‌ലിമെന്ററി പാർട്ടി ലീഡർ ജേക്കബ് സെബാസ്റ്റ്യൻ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA