ADVERTISEMENT

ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാനയാക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതു തുടർക്കഥയാകുന്നു. തേയിലത്തോട്ടത്തിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചിന്ന ചൂണ്ടിയിലെ രാജകുമാരിയെ ഇന്നലെ വൈകിട്ടു കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. മൂന്നു മാസത്തിനുള്ളിൽ ആനക്കലിക്ക് ഇരയാകുന്ന നാലാമത്തെയാൾ. നീലഗിരിയിൽ 20,000 ജനസംഖ്യയുള്ള ആദ്യത്തെ പഞ്ചായത്തിലാണ് കാട്ടാനകളുടെ ആക്രമണത്തിൽ നിസ്സഹായരായ മനുഷ്യർ ചതഞ്ഞരഞ്ഞു മരിക്കുന്നത്.  ജൂലൈ 8നാണ് കാമരാജ് നഗറിലെ ശ്രീനാഥൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് മൃതദേഹവുമായി നാട്ടുകാർ ഗൂഡല്ലൂരിലെത്തി റോഡ് ഉപരോധിച്ചിരുന്നു. 

കാട്ടാനയുടെ ആക്രമണത്തിൽ നിന്നു ജനങ്ങൾക്ക് സംരക്ഷണം നൽകണം എന്ന ആവശ്യം മാത്രമാണ് ജനങ്ങൾ അന്ന്  ഉന്നയിച്ചത്. ഊട്ടിയിൽ നിന്ന് കലക്ടർ എസ്. പി അമൃത് ഗൂഡല്ലൂരിലെത്തി നാട്ടുകാരുമായി സംസാരിച്ചു. ജനങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നും തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും ഉറപ്പ് നൽകിയാണ് കലക്ടർ മടങ്ങിയത്. പിന്നീട് ഒന്നും സംഭവിച്ചില്ല. ആക്രമണകാരിയായ കാട്ടാനയെ വനത്തിലേക്കു തുരത്താന്‍ പോലും വനംവകുപ്പ് നടപടികൾ സ്വീകരിച്ചില്ല. ആക്രമണം നടത്തുന്ന കാട്ടാനകളെ കണ്ടെത്തി വനത്തിലേക്കു തുരത്താനും പിടികൂടുന്നതിനുമായി മഹാരാഷ്ട്രയിൽ നിന്നു വിദഗ്ധർ വരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല. 

ചിന്നചൂണ്ടിയിലും ഭാരത്തിലും കാമരാജിലുമായി മൂന്നുപേരെ കൊലപ്പെടുത്തിയത് ഒരേ ആന തന്നെയാണെന്നാണു നാട്ടുകാർ പറയുന്നത്. ഈ ആനയെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റിയാൽ പ്രതിസന്ധി തീരും. എന്നാൽ പട്ടയമില്ലാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ഓവാലി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നു കാട്ടാനയെ തുരത്തുന്നതിന് ഉന്നത അധികാരികൾക്കു പോലും താൽപര്യമില്ല. വനംമന്ത്രി കെ. രാമചന്ദ്രനും ജില്ലയിലെ കൂനൂർ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ തുടർ മരണങ്ങൾ സംഭവിക്കുമ്പോഴും അധികൃതരുടെ നിസ്സംഗത നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com