ADVERTISEMENT

കൽപറ്റ ∙ വ്യാജ വാട്സാപ് അക്കൗണ്ട് വഴി പണം തട്ടുന്ന സംഘം കലക്ടർ എ. ഗീതയെയും വെറുതെ വിട്ടില്ല. കലക്ടറുടെ ഫോട്ടോ ഉപയോഗിച്ച് നിർമിച്ച വ്യാജ വാട്സാപ് അക്കൗണ്ട് വഴി ഇന്നലെ പണം തട്ടാൻ ശ്രമം നടത്തി. ‘വ്യാജന്മാരെ സൂക്ഷിക്കണേ’ എന്ന തലക്കെട്ടോടെ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ കലക്ടർ തന്നെയാണു ഇക്കാര്യം അറിയിച്ചത്. കലക്ടറുടെ ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ അക്കൗണ്ടിൽ നിന്നാണു പണം തട്ടാൻ ശ്രമം നടന്നത്. ഇതുസംബന്ധിച്ച് സ്ക്രീൻഷോട്ടും കലക്ടർ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. 

കലക്ടറാണെന്നും താൻ ഒരു പ്രധാനപ്പെട്ട യോഗത്തിലാണെന്നും അതുകൊണ്ട് ഫോൺ കോളുകൾ സ്വീകരിക്കാൻ കഴിയില്ലെന്നും സഹായിക്കാൻ കഴിയുമോയെന്നുമാണു സന്ദേശം വന്നത്. എന്തു സഹായമാണു വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സൈബർ സെൽ സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, അക്കൗണ്ട് വ്യാജമാണെന്നും സന്ദേശം അയയ്ക്കുന്ന നമ്പർ ഉപയോഗിക്കുന്ന വ്യക്തിക്ക് വാട്സാപ് അക്കൗണ്ട് ഇല്ലെന്നും കണ്ടെത്തി. തുടർന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും നമ്പർ ബ്ലോക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു. 

വ്യാജമായി ഉണ്ടാക്കിയ ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ടെന്നും നിങ്ങൾ ഇത്തരമൊരു തട്ടിപ്പിന് ഇരയായാൽ, ഉടൻ സൈബർ പൊലീസിൽ പരാതി നൽകണമെന്നും കലക്ടർ ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചു. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുകയും സുരക്ഷിതരായിരിക്കുകയും ചെയ്യണമെന്നും ഫെയ്സ്ബുക് പേജിൽ കലക്ടർ എ. ഗീത കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com