ADVERTISEMENT

കൽപറ്റ ∙ രാഹുൽഗാന്ധി എംപിയുടെ പിഎ ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ കൽപറ്റ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.   മൊഴിയെടുക്കാനെന്നു പറഞ്ഞു സ്റ്റേഷനിലേക്കു വിളിപ്പിച്ച എംപി ഓഫിസ് ജീവനക്കാരെയും കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിന്റെ കാരണം ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി ബോധ്യപ്പെടുത്തുക, ഗാന്ധി ചിത്രം തകർത്ത കേസ് പുനരന്വേഷണത്തിനു വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനു പിന്നാലെയാണ് നേതാക്കൾ കുത്തിയിരിപ്പു സമരം തുടങ്ങിയത്. 

ഇന്നലെ വൈകിട്ടു മൂന്നരയോടെ തുടങ്ങിയ സമരം രാത്രി 8 വരെ നീണ്ടു. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ.    എന്നാൽ, ജില്ലാ പൊലീസ് മേധാവി സ്ഥലത്തില്ലെന്നു കൽപറ്റ ഡിവൈഎസ്പി ടി.പി. ജേക്കബ് നേതാക്കളെ അറിയിച്ചു.  ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലത്തെത്താതെ പിന്മാറില്ലെന്നു നേതാക്കൾ നിലപാടെടുത്തു. തുടർന്ന് അഡീഷനൽ എസ്പി എസ്. ഷാനവാസ് സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി.  അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും  എഎസ്പിയെ ബോധിപ്പിച്ചതായും ഇക്കാര്യങ്ങൾ അടക്കം പരിശോധിക്കാമെന്നും എഎസ്പി ഉറപ്പു നൽകിയതായും ഇതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.  ഇതിനിടെ, സ്റ്റേഷനു പുറത്തു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയെങ്കിലും സ്റ്റേഷന്റെ ഗേറ്റ് അടച്ച് പൊലീസ് പ്രതിരോധം തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com