ADVERTISEMENT

പനമരം ∙ പഞ്ചായത്തിൽ ഹരിതകർമസേന അംഗങ്ങൾ മാലിന്യം ശേഖരിക്കുന്ന ഗോഡൗണിലേക്കുള്ള റോഡ് തകർന്നു മാലിന്യനീക്കം നിലച്ചു. കഴിഞ്ഞ 2 തവണയായി ഉണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമുള്ള വിള്ളലിനെത്തുടർന്നാണ് റോഡ് പൂർണമായും ഇടിഞ്ഞുതാഴ്ന്നത്. ഗോഡൗണിലേക്കുള്ള മൺറോഡ് പൂർണമായും തകർന്നതോടെ തരംതിരിച്ചു സൂക്ഷിച്ച മാലിന്യം കയറ്റി പോകാൻ കഴിയാതായതോടെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരണം നിലച്ചു. ഇതു വ്യാപാരികൾക്കടക്കം ബുദ്ധിമുട്ടായതിനു പുറമേ മാലിന്യം ശേഖരിക്കുന്ന 12 ഹരിതകർമസേന അംഗങ്ങളുടെ വരുമാനവും നിലച്ചു. 2 മാസത്തിലേറെയായി മറ്റു പല കാരണം കൊണ്ട് വേതനം ലഭിക്കാതെ ജോലിയെടുക്കുന്നതിനിടെയാണ് റോഡ് തകർന്നുള്ള പ്രതീക്ഷയും തകർന്നത്. 

മാലിന്യശേഖരണ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നു വാഹനം എത്താതായതോടെ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം.
മാലിന്യശേഖരണ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നു വാഹനം എത്താതായതോടെ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം.

പഞ്ചായത്തിലാകമാനം കിലോമീറ്ററുകൾ കാൽനടയായി നടന്ന് ഓരോ വീടുകളിലും കയറിയിറങ്ങി അത്യധികം കഷ്ടപ്പാടു സഹിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഇവർക്കു വീടുകളിൽ നിന്നും ലഭിക്കുന്ന യൂസർഫീ ഇനത്തിലാണു വരുമാനമാർഗം നിശ്ചയിക്കുന്നത്. ഇതാകട്ടെ മിക്ക വീടുകളിൽ നിന്നും ലഭിക്കാതായതോടെ ദുരിതം ഇരട്ടിയിലധികമായി. ഈ ഓണക്കാലത്തിന് മുൻപെങ്കിലും മുടങ്ങി കിടക്കുന്ന വേതനം ലഭിക്കുമെന്നും മാലിന്യ ഗോഡൗണിലേക്കുള്ള റോഡ് അടിയന്തരമായി താൽക്കാലികമായി എങ്കിലും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഹരിതകർമ സേനാംഗങ്ങൾ. മാലിന്യ നീക്കം നിലച്ചത് ടൗണിലുടനീളം മാലിന്യം നിറയുന്നതിനു കാരണമാകുമെന്നും ഉടനടി മാലിന്യം നീക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണു വ്യാപാരികൾ അടക്കമുള്ളവരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com