ADVERTISEMENT

പുൽപള്ളി ∙ കാലംതെറ്റിയുള്ള മഴക്കെടുതി അതിർത്തിക്കപ്പുറത്തെ പരുത്തി കർഷകരുടെ വയറ്റത്തടിക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്കും നീളുന്ന മഴ പരുത്തിക്കൃഷിക്കു വൻ നാശമാണുണ്ടാക്കിയത്. പരുത്തിക്കൃഷി കാര്യമായുള്ള എച്ച്ഡി കോട്ട, നഞ്ചൻകോഡ്, രാംനഗര താലൂക്കുകളിലാണ് കർഷകർക്കു വൻനഷ്ടമുണ്ടായത്. കഴിഞ്ഞ വർഷം പരുത്തി ക്വിന്റലിന് 12,000 രൂപവരെ വിലയുണ്ടായിരുന്നു. ഏറെക്കാലത്തിനു ശേഷമുണ്ടായ വിലക്കയറ്റം ഇക്കൊല്ലം കൃഷിയുടെ വ്യാപ്തി കൂട്ടി. ചെറിയ ചെലവില്‍ ചെയ്യാവുന്ന കൃഷിയായതിനാല്‍ കര്‍ഷകര്‍ പരമാവധി സ്ഥലത്ത് പരുത്തിക്കൃഷിയിറക്കി. 

ഇക്കൊല്ലമാവട്ടെ ഒന്നാം ഗ്രേഡിന് 7,000 രൂപയാണു വില. മഴ നനയുകയോ, നിറം മങ്ങുകയോ ചെയ്താല്‍ 5,000 രൂപയിലും കുറയും.പരുത്തിക്കായ മൂത്തുണങ്ങി പൊട്ടുന്ന സമയത്ത് മഴ പെയ്താല്‍ അതില്‍ വെള്ളമിറങ്ങി പരുത്തി ചീഞ്ഞു നശിക്കും. നിറവും മാറും. ഇക്കൊല്ലം ഓഗസ്റ്റ് മുഴുവനായും മഴ പെയ്തു. സെപ്റ്റംബര്‍ രണ്ടാം വാരത്തിലും മഴ വിട്ടുമാറുന്നില്ല. തമിഴ്നാട്ടിലെ തിരുപ്പൂര്‍, മധുര എന്നിവിടങ്ങളിലേക്കാണു പരുത്തി കൂടുതലായി കയറ്റിപോകുന്നത്. ദിവസവും ലോഡുകണക്കിനു പരുത്തി വിവിധ മാര്‍ക്കറ്റുകളില്‍ നിന്നു കയറ്റുന്നുണ്ട്.പരുത്തി വിളവെടുപ്പ് സജീവമായതോടെ കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമവും രൂക്ഷമായി. 

ഇതര കൃഷിയിടങ്ങളിലേക്ക് തൊഴിലാളികളെത്തുന്നില്ല. തൊഴിലാളികളില്‍ പലരും പരുത്തിക്കൃഷി ചെയ്തിട്ടുണ്ട്. മഴ നനയാതെ പരുത്തി പറിച്ചു പഞ്ഞിയെടുത്തില്ലെങ്കില്‍ അധ്വാനം വെള്ളത്തിലാകുമെന്നു തൊഴിലാളികള്‍ പറയുന്നു. വാഴ, ഇഞ്ചിത്തോട്ടങ്ങളില്‍ സ്ഥിരമായി ജോലിക്കു പോയിരുന്നവര്‍ നാട്ടുകാരുടെ വിളവെടുപ്പില്‍ സജീവമായി. ഇതുമൂലം മലയാളികളടക്കമുള്ള പാട്ടക്കര്‍ഷകരുടെ ഇഞ്ചി വിളവെടുപ്പും മുടങ്ങിയിട്ടുണ്ട്. കര്‍ണാടക ഊരുകളില്‍ നിന്നു തൊഴിലാളികളെ പ്രതീക്ഷിക്കുന്നവരെല്ലാം വെട്ടിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com