ADVERTISEMENT

തരുവണ ∙  കമുകിനു ബാധിക്കുന്ന മഞ്ഞളിപ്പ് രോഗം അതിവേഗം പടരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.വെള്ളമുണ്ട പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തരുവണയിലുമുള്ള കമുകിൻ തോട്ടങ്ങളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. രോഗം ബാധിച്ച കമുകുകൾ വളരെവേഗം ഉണങ്ങി പോകുന്നതിനാൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. കമുകിന്റെ പട്ടകൾ മഞ്ഞ നിറത്തിലാകുന്നതാണ് രോഗ ലക്ഷണം. പിന്നീട് തലപ്പ് ഉണങ്ങി വീഴുന്നതോടെ പൂർണമായും നശിക്കും. 

വയനാട്ടിൽനിന്നു കർണാടകയിലേക്കാണു പൈങ്ങ കൂടുതലും കയറ്റി അയയ്ക്കുന്നത്. ഇക്കുറി കമുക് പൂവിടുമ്പോൾ തന്നെ മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നു. ഇതു കർണാടകയിലേക്കു പൈങ്ങ കയറ്റാൻ വിലയുറപ്പിച്ചു പാട്ടത്തിനെടുക്കുന്ന കച്ചവടക്കാരെയും പൊളിക്കാൻ കരാറെടുക്കുന്ന സ്ത്രീതൊഴിലാളികളെയും പ്രതിസന്ധിയിലാക്കുകയാണ്. അടക്കയ്ക്കു നല്ല വില കിട്ടുന്ന സമയത്താണു രോഗബാധയെന്നതും വലിയ നഷ്ടമുണ്ടാക്കുന്നു. ഈ രോഗത്തിനെതിരെ എന്ത് മരുന്ന് പ്രയോഗിച്ചിട്ടും കാര്യമില്ലെന്നു  കർഷകർ പറയുന്നു. 

മേൽമണ്ണിലെ മൂലകങ്ങളുടെ കുറവും ലവണാംശത്തിൽ ഉണ്ടാകുന്ന വ്യത്യാസവുമാണു മ‍ഞ്ഞളിപ്പിനു കാരണമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതാനും വർഷങ്ങളായി ഒഴിയാതെയുള്ള രോഗബാധ മൂലം ഭൂരിഭാഗം പേരും കമുകു കൃഷി ഉപേക്ഷിക്കുകയാണ്. ഒരുകാലത്ത് വയനാട്ടിൽ വ്യാപകമായിരുന്ന കമുകുതോട്ടങ്ങൾ ഇന്നു നാമമാത്രമായി ചുരുങ്ങി. പലരും കമുക് വെട്ടിമാറ്റി വാഴക്കൃഷി ആരംഭിച്ചു. 

വേണം വളപ്രയോഗം 

നേരിട്ടുള്ള ഭക്ഷ്യവസ്തുവല്ലാത്തതിനാൽ കമുകിനു രാസവളപ്രയോഗമാണ് അഭികാമ്യം. മണ്ണിനെയും മറ്റുള്ള വിളകളെയും ബാധിക്കാത്ത തരത്തിലാകണം വളപ്രയോഗം. മണ്ണുപരിശോധന നടത്തിയശേഷം സംയോജിത വളപ്രയോഗരീതിയാണു വേണ്ടത്. വളപ്രയോഗത്തിനു മുൻപായി ഒരു കമുകിന് 250 ഗ്രാം കുമ്മായം വീതം മണ്ണിൽ നനവുള്ളപ്പോൾ ചേർക്കുക.

ശേഷം ഒന്നാം വളമായ 220 ഗ്രാം യൂറിയ, 200 ഗ്രാം രാജ്ഫോസ്, 235 ഗ്രാം പൊട്ടാഷ് എന്നിവയും ഒരാഴ്ചയ്ക്കു ശേഷം 50 ഗ്രാം മഗ്നീഷ്യം സൾഫേറ്റും ഇടുക.ഒരു മാസത്തിനുശേഷം 100 ഗ്രാം സമ്പൂർണയും മണ്ണിൽ ചേർത്തുകൊടുക്കുക. ഒരു ലീറ്റർ വെള്ളത്തിൽ 10 ഗ്രാം എന്ന തോതിൽ കലക്കി തെളിഞ്ഞ കാലാവസ്ഥയിൽ തളിക്കണം. സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിൽ ഓരോ കമുകിനും 10 കിലോ ജൈവവളവും പ്രയോഗിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com