ADVERTISEMENT

മാനന്തവാടി ∙ മൂന്നു കായിക ഇനങ്ങളെ മനോഹരമായി സംഗമിച്ച ട്രയാത്‌ലൺ ചാലഞ്ച് കായിക പ്രേമികൾക്കു പകർന്നു നൽകിയത് ആവേശകരമായ നവ്യാനുഭവം. പുതിയ ഒരു കായിക ഇനത്തെ ഏറെ ആകാംഷയോടെയാണ് കായിക പ്രേമികൾ നോക്കിക്കണ്ടത്. നീന്തിയും സൈക്ലിങ് നടത്തിയും ഓടിയും താരങ്ങൾ മുന്നേറിയപ്പോൾ പുതിയ കായിക ഇനത്തെ കാഴ്ചക്കാർ ആവേശത്തോടെ വരവേറ്റു. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നീ ഇനങ്ങൾ അടങ്ങുന്നതാണ് ട്രയാത്‌ലൺ മത്സരം.

ആദ്യം മാനന്തവാടി പുഴയിൽ ചങ്ങാടക്കടവ് പാലത്തിനു സമീപത്തുള്ള ചെക്ക് ഡാമിലെ ജലപ്പരപ്പിൽ 750 മീറ്റർ നീന്തലാണ് നടന്നത്. രാവിലത്തെ തണുപ്പിനെ അവഗണിച്ച് മത്സരാർഥികൾ ആവേശത്തോടെ പുഴയിൽ നീന്തി. പിന്നീട് കാട്ടിക്കുളത്തേക്കും തിരിച്ച് പഴശ്ശി പാർക്ക് വരെയും സൈക്ലിങ് നടത്തി. തിരിച്ച് വന്നു 2 കിലോമീറ്റർ ഓട്ടവും കൂടി പൂർത്തിയാക്കുക എന്നതായിരുന്നു മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 15 താരങ്ങളാണ് നീന്തിയും സൈക്ലിങ് നടത്തിയും ഓടിയും ട്രയാത്‌ലൺ ചാലഞ്ചിലൂടെ കാണികളുടെ മനം കവർന്നത്.

ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ട്രയാത്തിലോൺ ജില്ലാ കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് സംസ്ഥാനതല ട്രയാത്‌ലൺമത്സരം സംഘടിപ്പിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പഴശ്ശി പാർക്കിൽ മത്സരത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 2023 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ട്രയാത്‌ലൺ മത്സരത്തിനു മാനന്തവാടിയെ വേദിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു മത്സരം ഒരുക്കിയത്.

ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം തിരൂർ സ്വദേശി റാഷിദ് റഹ്മാനും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് നെൻമാറ സ്വദേശിനി എസ്. അക്ഷയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രയാത്‌ലൺ അസോസിയേഷൻ പ്രസിഡന്റ് എസ്. ഗോപകുമാർ വർമ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

എഡിഎം എൻ.ഐ. ഷാജു, ട്രയാത്‌ലൺ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ജി. അജിത് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഭരതൻ, ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, പഴശ്ശി പാർക്ക് മാനേജർ ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.ട്രയാത്‌ലൺ ചാലഞ്ച് ജില്ലയുടെ കായിക, വിനോദ സഞ്ചാര മേഖലകളിൽ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ട്രയാത്‌ലൺ മത്സരങ്ങൾക്ക് വയനാടിന്റെ കാലാവസ്ഥ ഏറെ ഗുണകരമാണെന്നു മത്സര വിജയിയായ റാഷിദ് റഹ്മാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com