ADVERTISEMENT

കൽപറ്റ ∙ ഒടുവിൽ ജില്ലയിലെ കായികപ്രേമികളുടെ ആ സ്വപ്നം യാഥാർഥ്യമായി. ജില്ലയുടെ കായിക സ്വപ്നങ്ങൾക്കു നിറമേകി മരവയലിൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം മന്ത്രി വി. അബ്ദുറഹ്മാൻ നാടിനു സമർപ്പിച്ചു. കായിക കേരളത്തിന് ഒട്ടേറെ അഭിമാനതാരങ്ങളെ സംഭാവന ചെയ്ത വയനാടിന്റെ കായിക പാരമ്പര്യത്തിന് ഈ കളിക്കളം പുതിയ കുതിപ്പും കരുത്തുമാകും. മാനന്തവാടി പഴശ്ശിപാർക്കിൽ നിന്ന് ഒ.ആർ. കേളു എംഎൽഎ കായിക താരങ്ങൾക്കു കൈമാറിയ ദീപശിഖ വൈകിട്ടു നാലരയോടെ മരവയലിലെ സ്റ്റേഡിയത്തിൽ എത്തി. സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ദീപശിഖ ഏറ്റുവാങ്ങി. 

തുടർന്നു ജില്ലയിൽ നിന്നുള്ള ഒളിംപ്യന്മാരായ മഞ്ജിമ കുര്യാക്കോസ്, ടി. ഗോപി, ദേശീയ താരങ്ങളായ ഇബ്രാഹിം ചീനിക്ക, ടി. താലിബ് എന്നിവർ ചേർന്നു ദീപശിഖയുമായി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് വലംവച്ചു. പ്രത്യേകം ഒരുക്കിയ ദീപസ്തംഭത്തിലേക്കു മന്ത്രി വി. അബ്ദുറഹ്മാൻ ദീപം പകർന്നതോടെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഇന്ത്യൻ ഫുട്‌ബോൾ താരം എം.എം. വിജയൻ പതാക ഉയർത്തി. എം.കെ. ജിനചന്ദ്രന്റെ ഫോട്ടോ മന്ത്രി വി. അബ്ദുറഹ്മാൻ അനാഛാദനം ചെയ്തു. ആയോധന കലകളുടെ പ്രദർശനവും സംഗീത വിരുന്നും ചടങ്ങുകൾക്കു പൊലിമയേകി. കേരള പൊലീസ്–യുണൈറ്റഡ് എഫ്സി പ്രദർശന ഫുട്‌ബോൾ മത്സരവും നടന്നു.

യാഥാർഥ്യമായത് ചിരകാല സ്വപ്നം

3 പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് ജില്ലയുടെ കായിക മോഹങ്ങൾക്ക് നിറം പകർന്ന് ജില്ലാ സ്റ്റേഡിയം മിഴി തുറന്നത്. പ്രതിസന്ധികളോടു പടവെട്ടി വിജയം കൊയ്ത ഒട്ടേറെ കായികതാരങ്ങൾ ജില്ലയിലുണ്ടായിട്ടും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കായിരുന്നില്ല. 1998ൽ പൊതുപ്രവർത്തകനും പ്ലാന്ററുമായ എം.ജെ. വിജയപത്മനാണ് കൽപറ്റയിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ മുണ്ടേരി മരവയലിൽ 7.88 ഏക്കർ വിലയ്ക്കു വാങ്ങി സ്പോർട്സ് കൗൺസിലിനു സൗജന്യമായി വിട്ടുനൽകിയത്.2010 ഏപ്രിൽ 28ന് സ്റ്റേഡിയം പ്രവൃത്തി ഔദ്യോഗികമായി തുടങ്ങി.

കേരള പൊലീസ് ഹൗസിങ് കൺസ്‌ട്രക്‌ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല. സ്ഥലം നികത്തുന്നതിനു മണ്ണിറക്കിയതിനു പിന്നാലെ പ്രവൃത്തി നിർത്തിവച്ച് കോർപറേഷൻ കരാറിൽ നിന്നു പിൻവാങ്ങി. ഫണ്ട് അനുവദിക്കുന്നതിലെ തർക്കങ്ങളായിരുന്നു കാരണം. ഇതിനുശേഷം പ്രവൃത്തി പുനരാരംഭിക്കുന്നതിനു ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. അടങ്കൽ തുക ഏഴു കോടി രൂപയുടേതാക്കി പുതുക്കി സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിച്ചെങ്കിലും ഫയൽ ധനവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങി.പിന്നീട് 2016ൽ പുതിയ കൗൺസിൽ അധികാരമേറ്റതോടെയാണ് ജില്ലാ സ്റ്റേഡിയമെന്ന സ്വപ്നത്തിനു ജീവൻ വച്ചത്.

സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ

രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്നതിന് പര്യാപ്തമായ 8 ട്രാക്കുകളുള്ള ആധുനിക നിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടു കൂടിയ ഫുട്ബാൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീർണമുളള വിഐപി ലോഞ്ച്, കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കുമുളള ഓഫിസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുളള ഹോസ്റ്റൽ കെട്ടിടം, പൊതുശുചിമുറികൾ, ജല വിതരണ സംവിധാനം, മഴവെളള സംഭരണം, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നീ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. 18.67 കോടി രൂപയാണ് കിഫ്ബി മുഖേന നിർമാണത്തിനായി ചെലവിട്ടത്. കിറ്റ്കോ മുഖേനയായിരുന്നു നിർമാണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com