ADVERTISEMENT

കൽപറ്റ ∙ മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 154 കിലോഗ്രാം നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റുകൾ-കപ്പുകൾ, സ്‌റ്റൈറോ ഫോം പ്ലേറ്റ്, നോൺ വൂവൺ ബാഗ് തുടങ്ങിയവയാണു പിടിച്ചെടുത്തത്. 

മാനന്തവാടി നഗരസഭ, വൈത്തിരി, കാവുംമന്ദം, നെൻമേനി, പുൽപള്ളി, പൊഴുതന, തരിയോട്, കോട്ടത്തറ, നൂൽപുഴ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ജില്ലയിൽ  വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫിസർ അറിയിച്ചു.

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, കപ്പുകള്‍, സ്ട്രോകള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, പിവിസി ഫ്ലെക്സുകള്‍, പ്ലാസ്റ്റിക് സ്പൂണുകള്‍, ഷീറ്റുകള്‍, കൊടിതോരണങ്ങള്‍, അര ലീറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍, തെര്‍മോക്കോള്‍ പ്ലേറ്റുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയാണു നിരോധന പരിധിയില്‍ വരുന്നത്. ഇവയുടെ വില്‍പന, സൂക്ഷിക്കല്‍, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. ഗുരുതരമായ മാലിന്യ പ്രശ്നമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം നിര്‍ബാധം തുടരുന്നതു തടയാനാണു പരിശോധന കര്‍ശനമാക്കിയത്. 

ചില മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പലചരക്കുകടകളിലും പ്ലാസ്റ്റിക് സഞ്ചികള്‍ ഇപ്പോഴും ഉപയോഗിക്കുന്നു. എന്നാല്‍, പ്രായോഗികമായ ബദല്‍ സംവിധാനം ഒരുക്കാതെയാണു നിരോധന നടപടികളുമായി അധികൃതരെത്തുന്നതെന്നു പരാതിയുള്ള വ്യാപാരികളുണ്ട്. പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കുന്ന പേപ്പര്‍ ബാഗുകള്‍ക്ക് ചെലവ് കൂടുതലാണ്. ഇവ ഉപയോഗിക്കാനും അസൗകര്യമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍നിന്നു മാത്രം 16 സ്ഥാപനങ്ങളില്‍നിന്നായി 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. 1.60 ലക്ഷം രൂപയാണു പിഴ ചുമത്തിയത്.

ഓരോ തവണയും പിഴ ഉയരും

നിയമ ലംഘനം നടത്തുന്ന നിർമാതാക്കൾ, മൊത്ത വിതരണക്കാർ, ചെറുകിട വിൽപനക്കാർ, വ്യാപാരികൾ എന്നിവർക്കു 10,000 രൂപയാണ് ആദ്യ പിഴ. രണ്ടാമതും നിയമ ലംഘനം നടത്തിയാൽ 25,000 രൂപയും അതിനു ശേഷം 50,000 രൂപയും പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com