ADVERTISEMENT

ഗൂഡല്ലൂർ ∙ ഇന്തിയാ ഒട്രുമൈ പയണം- രാഹുൽ ഗാന്ധി എംപിയുടെ ഭാരത് ജോഡോ പദയാത്രയ്ക്കു തമിഴ് മക്കൾ ഇട്ട പേരാണത്. ഗാന്ധി കുടുംബത്തിൽനിന്ന് ആദ്യമായൊരാൾ ഗൂഡല്ലൂരിലെത്തിയപ്പോൾ ഒരുനോക്കു കാണാനായി വഴികളെല്ലാം താണ്ടി വൻ ജനക്കൂട്ടമൊഴുകി. നീലഗിരിക്കുന്നുകളിൽ അതൊരു ചരിത്രസംഗമമായി. ആർത്തിരമ്പിയ ജനസാഗരം മലയാളത്തിലും തമിഴിലും കന്നഡയിലുമെല്ലാം മുദ്രാവാക്യം മുഴക്കി.

    ഭാരത് ജോഡോ യാത്രയുമായി ഗൂ‍ഡല്ലൂരിലെത്തിയ രാഹുൽ ഗാന്ധി എംപി തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു.						ചിത്രം: മനോരമ
ഭാരത് ജോഡോ യാത്രയുമായി ഗൂ‍ഡല്ലൂരിലെത്തിയ രാഹുൽ ഗാന്ധി എംപി തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ

വിവിധ ഭാഷക്കാരും മതക്കാരും വെവ്വേറെ വേഷമണിഞ്ഞവരുമെല്ലാം ചേർന്നപ്പോൾ ഗൂഡല്ലൂർ ഇന്ത്യയുടെ ഭൂപടമായി. ദേശഭക്തി ഗാനങ്ങളുമായി അനൗൺസ്മെന്റ് വാഹനങ്ങൾ നിർത്താതെയോടി. ബ്രിട്ടിഷ് രാജിനെതിരെ മഹാത്മാഗാന്ധി നടത്തിയ ദണ്ഡിയാത്രയുമായാണു ഭാരത് ജോഡോ യാത്രയെ അനൗൺസ്മെന്റുകാരൻ താരതമ്യം ചെയ്യുന്നത്. രാഹുലിനൊപ്പമുള്ള പദയാത്രയെ കോൺഗ്രസ് നയിക്കുന്ന രണ്ടാം സ്വാതന്ത്ര്യസമരവുമായും.

  ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ ഗൂഡല്ലൂരിൽ റോഡരികിൽ കാത്തുനിൽക്കുന്ന ജനക്കൂട്ടം. 							             ചിത്രം: മനോരമ
ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ ഗൂഡല്ലൂരിൽ റോഡരികിൽ കാത്തുനിൽക്കുന്ന ജനക്കൂട്ടം. ചിത്രം: മനോരമ

ഉച്ചയ്ക്കു രണ്ടു മണി മുതൽ പൊരിവെയിലത്ത് ആബാലവൃദ്ധം പ്രിയ നേതാവിനെ കാണാൻ കാത്തുനിൽപ്പായിരുന്നു. നിശ്ചയിച്ചതിലും അൽപം വൈകി വൈകിട്ട് 4.30യ്ക്ക് കോഴിപ്പാലത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നു രാഹുൽ നടന്നു തുടങ്ങുമ്പോഴും കാത്തിരുന്നവർ മുഷിഞ്ഞില്ല. റോഡരികിലും കെട്ടിടങ്ങളുടെ മുകളിലും അവർ രാഹുലിനു നേരെ കൈവീശി. ചിലർ ആവേശത്തോടെ ഒപ്പം ചേർന്നു നടന്നു. അവരിൽ കൊച്ചു കുട്ടികളുമുണ്ടായി. യാത്രയ്ക്കൊപ്പം പൂർണസമയം നടക്കുന്ന ഭാരത് യാത്രികരെയെല്ലാം അടുത്തുവിളിച്ച് ജനക്കൂട്ടം സെൽഫിയെടുത്തു.

 ഭാരത് ജോഡോ യാത്രയ്ക്കു ഗൂഡല്ലൂരിൽ നൽകിയ സ്വീകരണത്തിൽ രാഹുൽ ഗാന്ധി എംപി പ്രസംഗിക്കുന്നു. 	ചിത്രം: മനോരമ
ഭാരത് ജോഡോ യാത്രയ്ക്കു ഗൂഡല്ലൂരിൽ നൽകിയ സ്വീകരണത്തിൽ രാഹുൽ ഗാന്ധി എംപി പ്രസംഗിക്കുന്നു. ചിത്രം: മനോരമ

ദേശീയപതാകയും കോൺഗ്രസിന്റെ മൂവർണക്കൊടിയും സ്വാതന്ത്ര്യ സമരനേതാക്കളുടെ ചിത്രവുമെല്ലാമായി ഗൂഡല്ലൂരിൽ ഭാരത് ജോഡോ യാത്രയ്ക്കൊരുക്കിയ സ്വീകരണം വൻ ‘കളറായി’. ഒന്നേകാൽ മണിക്കൂറെടുത്താണ് കോഴിപ്പാലത്തു നിന്ന് 6 കിലോമീറ്റർ പിന്നിട്ട് പദയാത്ര പൊതുസമ്മേളനവേദിയായ ഗൂഡല്ലൂർ ചുങ്കത്തെത്തിയത്. ലളിതമായി തയാറാക്കിയ പൊതുസമ്മേളന വേദിയിൽ തമിഴ്നാട്ടിലെ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാവരുമുണ്ടായി.

നീലഗിരി ഡിസിസി പ്രസിഡന്റ് എൽ. ഗണേശ് എംഎൽഎ അധ്യക്ഷനായി. ടിഎൻസിസി പ്രസിഡന്റ് കെ.എസ്. അഴഗിരി, എംപിമാരായ ജ്യോതിമണി, ജയകുമാർ, വിജയ് വസന്ത്, എംഎൽഎമാരായ ഹസൻ മൗലാന, രാജേഷ്കുമാർ, ദുരൈചന്ദ്രശേഖരൻ, രാധാകൃഷ്ണൻ, മുൻ ടിഎൻസിസി പ്രസി‍ഡന്റ് തങ്കബാലു, തുടങ്ങിയവർ പ്രസംഗിച്ചു.

അതിർത്തി കടന്നത് വാഹനത്തിൽ; ഗൂഡല്ലൂരിന്റെ പ്രശ്നങ്ങൾ ചർച്ചയായി

രാവിലെ ഒൻപതേ കാലോടെയാണ് രാഹുൽ ഗാന്ധി എംപി മലപ്പുറം ചുങ്കത്തറയിൽ നിന്നു അതിർത്തി ചെക്പോസ്റ്റിലെത്തിയത്. മന്ത്രി കെ. രാമചന്ദ്രനും തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കളും ചേർന്നു രാഹുലിനെ സ്വീകരിച്ചു. സംസ്ഥാന അതിർത്തിയിലെ വനമേഖലകളിൽ പദയാത്രയ്ക്കു സുരക്ഷാ ഭീഷണിയുള്ളതിനാൽ വാഹനത്തിലാണു രാഹുൽ ഗാന്ധിയും മറ്റു ഭാരത് യാത്രികരും തമിഴ്നാട്ടിലേക്കു പ്രവേശിച്ചത്.

കോഴിപ്പാലത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർത്തിയിട്ട കണ്ടെയ്നറിൽ വൈകിട്ട് 3 വരെ രാഹുൽ വിശ്രമിച്ചു. തുടർന്ന് ടാൻ ടീയിലെ തൊഴിലാളി പ്രതിനിധികളുമായും ചെറുകിട തേയിലത്തോട്ടം ഉടമകളുമായും രാഹുൽ ഗാന്ധി സംവദിച്ചു. ഗൂഡല്ലൂർ ജന്മംഭൂമിയിലെ കർഷകപ്രശ്നവും പ്രതിനിധികൾ രാഹുൽ ഗാന്ധിയുടെ മുൻപിൽ അവതരിപ്പിച്ചു. സംഘാടകർ പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയതിനാലും തിരക്ക് നിയന്ത്രണാതീതമായതിനാലും ചെമ്പാല യത്തീംഖാന, നന്തട്ടിയിലെ പുരാതന ശിവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം നടന്നില്ല.

കോയമ്പത്തൂർ, ഈറോഡ്, സേലം, വയനാട് എന്നിവിടങ്ങളിൽനിന്നെല്ലാം കോൺഗ്രസ് പ്രവർത്തകർ ഗൂഡല്ലൂരിലെത്തിയിരുന്നു. 4.45ന് പദയാത്ര ആരംഭിച്ചു. മോണിങ് സ്റ്റാർ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ട കണ്ടെയ്നറുകളിലാണ് ഇന്നലെ രാത്രിയിൽ രാഹുലും കൂട്ടരും അന്തിയുറങ്ങിയത്.

ഗൂഡല്ലൂരിനെ പുകഴ്ത്തി രാഹുൽ

പ്രസംഗത്തിലുടനീളം ഗൂഡല്ലൂരിനെ വാനോളം പുകഴ്ത്തി രാഹുൽ ഗാന്ധി എംപി. ‘എന്റെ സഹോദരി പ്രിയങ്കയ്ക്ക് ഷിംലയിൽ ഒരു വീടുണ്ട്. എന്റെ വീടിരിക്കുന്ന സ്ഥലം എത്ര സുന്ദരമാണെന്ന് അവൾ എപ്പോഴും എന്നോടു പറയും. എന്നാൽ, ഇന്നു ഞാൻ സഹോദരിയോടു പറഞ്ഞു; ഗൂഡല്ലൂർ ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്’- രാഹുലിന്റെ വാക്കുകൾ. ആദ്യമായാണ് ഗൂഡല്ലൂരിൽ രാഹുൽ ഗാന്ധിയോ നെഹ്റു കുടുംബത്തിലെ ഏതെങ്കിലും അംഗമോ എത്തുന്നത്. വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയായ ഗൂഡല്ലൂർ ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു രാഹുൽ പറഞ്ഞു. 

രാജ്യത്ത് സാമ്പത്തിക അസമത്വംവർധിച്ചു: ജയറാം രമേശ്

ബിജെപി ഭരണത്തിനു കീഴിൽ രാജ്യത്തെ സാമ്പത്തിക അസമത്വം വർധിച്ചതായി കോൺഗ്രസ് വക്താവ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുകയും ചെയ്തു. സംസ്ഥാനങ്ങളുമായുള്ള ബന്ധം പൂർണമായി തകർന്നു. എല്ലാത്തരത്തിലും രാജ്യത്തെ വിഭജിക്കുകയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ തെറ്റിക്കുന്നു.

രാജ്യത്തിന്റെ ചരിത്രം സംഘപരിവാറിന് അനുകൂലമായി മാറ്റിയെഴുതുന്നു. നോട്ടുനിരോധനവും തെറ്റായി നടപ്പിലാക്കിയ ജിഎസ്ടിയും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറാൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com