ADVERTISEMENT

ബത്തേരി ∙ ഭാരത് ജോഡോ യാത്ര നയിച്ച് കർണാടകയിലെ ഗുണ്ടൽപേട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പ്. രാഹുൽ ഗാന്ധി പങ്കെടുത്ത സമ്മേളന വേദിയിയായ ഗുണ്ടൽപേട്ട ടൗണിലെ മൈതാനത്തേക്ക് ഇന്നലെ രാവിലെ മുതൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഗൂഡല്ലൂരിലെ യാത്രാ പരിപാടികൾ കഴിഞ്ഞാണ് രാഹുൽ ഇന്നലെ രാവിലെ ഒൻപതരയോടെ ഗുണ്ടൽപേട്ടിലേക്ക് എത്തി. ഭാരത് ജോഡോ യാത്രയെ ആർക്കും തടുക്കാനാവില്ലെന്നും ജനങ്ങൾക്കു വേണ്ടിയുള്ള യാത്രയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജാതിമത വേർതിരിവുകളില്ലാതെ ഇന്ത്യൻ ജനതയെ ഒന്നിച്ചു കൊണ്ടുപോകാനാണ് ഈ യാത്രയെന്നും രാഹുൽ പറഞ്ഞു. 

വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും ജനം പൊറുതിമുട്ടുമ്പോഴും രാജ്യത്ത് വെറുപ്പും വിദ്വേഷവും വിതയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പൗരന്മാരെ തമ്മിലകറ്റി വൻകിട കോർപറേറ്റ് മുതലാളിമാർക്കു വേണ്ടി ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. സമ്മേളനത്തിന് ശേഷം ഗുണ്ടൽപേട്ടിൽ നിന്ന് ദേശീയപാത 766 ലൂടെ ബേഗൂരിലേക്ക് 5 കിലോമീറ്ററോളം രാഹുൽ പദയാത്ര നടത്തി.

ആയിരങ്ങൾ അനുഗമിച്ചു. ഗുണ്ടൽപേട്ടിലെ സമ്മേളനത്തിൽ കർ‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, ജയറാം രമേശ്, രൺദീപ് സുർജേവാല, വീരപ്പമൊയ്‌ലി, കെ.എച്ച്. മുനിയപ്പ, ഭാരത് ജോഡോ കോ– ഓർഡിനേറ്റർ ഡി.കെ. ഹരിപ്രസാദ്, മുൻ കെപിസിസി പ്രസിഡന്റ് ഡോ. ജി. പരമേശ്വരൻ, ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ എ.വി. പാട്ടീൽ, എഐസിസി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, റോജി ജോൺ, കെപിസിസി വൈസ് പ്രസിഡന്റ് പി.വി. മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.മൈസൂരു, ബല്ലാരി എന്നിവിടങ്ങളിൽ വൻ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 15നു യാത്ര തെലങ്കാനയില്‍ പ്രവേശിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com