ADVERTISEMENT

ബത്തേരി ∙ മുണ്ടക്കൊല്ലിയിൽ മൂരിക്കിടാവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച് കടുവയുടെ കാടിറക്കം. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയലിന്റെ  പശുക്കിടാവാണ് ചത്തത്. ഒരാഴ്ചയ്ക്കിടെ കടുവാ ആക്രമണത്തിൽ 2 പശുക്കൾ കൊല്ലപ്പെട്ടതോടെ ജനരോഷം കടുത്തു. സ്ഥലത്തെത്തിയ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി. അനിൽകുമാർ ഉൾപ്പെട്ട വനപാലകരോട് പ്രതിഷേധിച്ചതിനൊപ്പം പശുവിന്റെ ജഡവുമായി ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കുമെന്നും റോഡ് തടയുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

അതോടെ വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ ലത്തീഫും വിഷയത്തിൽ ഇടപെട്ടു. ദേശീയ കടുവ സംരക്ഷണ സമിതിയുടെ നിർദേശ പ്രകാരം നിരീക്ഷണ സമിതി യോഗം ചേർന്ന് കൂടു സ്ഥാപിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. വെറ്ററിനറി ഡോക്ടറെത്തി പശുവിനെ പരിശോധിച്ചതു പ്രകാരമുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകാമെന്നും ഉറപ്പു നൽകി.ഇന്നലെ പുലർച്ചെ നാലരയോടെയാണ് തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ പിടികൂടിയത്.

കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനായി മുണ്ടക്കൊല്ലിയിൽ നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ച.
കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനായി മുണ്ടക്കൊല്ലിയിൽ നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ച.

50 മീറ്ററോളം മാത്രം വലിച്ചു കൊണ്ടു പോയ ശേഷം ഭാഗികമായി ഭക്ഷിക്കുകയും ചെയ്തു. പശുക്കിടാവിന്റെ കരച്ചിൽ കേട്ടുണർന്ന വീട്ടുകാർ തൊഴുത്തിൽ പശുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞ 24 ന് രാത്രി മുണ്ടക്കൊല്ലി കരുവള്ളി ദാസൻ എന്നയാളുടെ പശുവിനെയും കടുവ കൊന്നിരുന്നു. അന്ന് പശുവിന്റെ ജഡം തൊഴുത്തിന് സമീപം തന്നെ കിടന്നിരുന്നു. ഇരതേടാൻ ശേഷിയില്ലാത്ത കടുവയാകാം തൊഴുത്തിൽ നിന്ന് പശുക്കളെ പിടികൂടുന്നതെന്ന് കരുതുന്നു.

നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി .അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷീല പുഞ്ചവയൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ വി.ടി. ബേബി, എം.എം. അജയ‍ൻ, വി.എ. അഫ്സൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എസ്. ഫെബിൻ, കെ.ആർ. സാജൻ, എം.എ. സുരേഷ്, ഒ.കെ. ശശീന്ദ്രൻ, മുസ്തഫ കണ്ണോത്ത്, പി.എ. വിൻസെന്റ്, ഡപ്യൂട്ടി റേഞ്ചർ രാഗേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

"നമ്പിക്കൊല്ലി മുതൽ നമ്പ്യാർകുന്നിലെ പുതുശേരി വരെ വന്യജീവി പ്രശ്നം രൂക്ഷമാണ്.കാട്ടാന, കടുവ, കാട്ടുപന്നി എന്നിവ  കൃഷിയിടങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്. കാട്ടാനയായിരുന്നു മുൻകാലങ്ങളിൽ ഏറെ പ്രശ്നം. കിടങ്ങ് വൈദ്യുതവേലി, വനപാലകരുടെ നിരീക്ഷണം എന്നിവയിലൂടെ കാട്ടാനയെ ചെറുതായെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നുണ്ട്. എന്നാൽ കടുവകളെ തടയാൻ മാർഗങ്ങളില്ല. കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം കാലാനുസൃതമായി വർധിപ്പിക്കണം." - എസ്. രാധാകൃഷ്ണൻ കൺവീനർ, കർഷക സംരക്ഷണ സമിതി

"മുണ്ടക്കൊല്ലിയിൽ സമീപ ദിവസങ്ങളിൽ സ്ഥിരമായെത്തുന്ന കടുവയെ ഉടൻ പിടികൂടാനുള്ള നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണം. അല്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടാം. ആളുകളും കടുവയുടെ ആക്രമണത്തിനിരയായേക്കാം. ഒന്നര വർഷം മുൻപ് എന്റെ മറ്റൊരു പശുവിനെ കടുവ പിടികൂടിയിരുന്നു." - കെഎം. ഡാനിയൽ കടുവ കൊന്ന മൂരിക്കിടാവിന്റെ ഉടമ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com