ADVERTISEMENT

കൽപറ്റ ∙ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തയാൾ ദേഹമാസകലം പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് അഗ്നിരക്ഷാ സേനയെയും പൊലീസിനെയും  നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി. കാക്കവയൽ തെനേരിയിലെ സ്വകാര്യത്തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായ കൊല്ലം പുനലൂർ അഞ്ജലി ഭവനത്തിൽ രമേശനാണു (48) സിവിൽ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ചിലർ തട്ടിയെടുത്തതില്‍ അമ്പലവയല്‍ പൊലീസിൽ നൽകിയ പരാതിയിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.

2020 ജനുവരിയിൽ അമ്പലവയലിലെ പൂപ്പൊലി പ്രദർശനം കാണാനെത്തിയപ്പോൾ ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു. ഇൗ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി പിന്നീട് അറിഞ്ഞു. പിന്നീട് അമ്പലവയലില്‍വച്ച്, സമ്മാനത്തുക വാങ്ങിത്തരാമെന്ന് പറഞ്ഞ് 2 പേരെത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയതായും യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ വച്ച് ബലമായി മദ്യം കുടിപ്പിക്കുകയും മർദിച്ചവശനാക്കിയ ശേഷം വാഴവറ്റയിൽ ഉപേക്ഷിച്ചതായും രമേശൻ പറയുന്നു. എന്നാല്‍ പൊലീസ് തന്നെ പ്രതിയാക്കാനാണു  ശ്രമിച്ചതെന്ന് രമേശൻ പറയുന്നു. 

രമേശൻ കൽപറ്റയിലെ വയനാട് പ്രസ് ക്ലബ്ബിൽ ഫോണിലൂടെ വിളിച്ചറിയിച്ചതോടെയാണു സംഭവം പുറംലോകമറിയുന്നത്. രമേശന്റെ കയ്യിൽ ലൈറ്റും റബർ ടാപ്പിങ്ങിനു ഉപയോഗിക്കുന്ന കത്തിയുമുണ്ടായിരുന്നു. കലകടറോ ജില്ലാ പൊലീസ് മേധാവിയോ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. ഉച്ചയ്ക്ക് ഒന്നേകാലോടെ വൈത്തിരി തഹസിൽദാർ ടോമിച്ചൻ സ്ഥലത്തെത്തി രമേശനോട് സംസാരിച്ചെങ്കിലും രമേശന്‍ മുറി തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീ്ട് അഗ്നിരക്ഷാസേന വാതിൽ തകർത്ത് അകത്തു കയറി ദേഹത്തേക്ക് വെള്ളം ചീറ്റിച്ചാണു രമേശനെ കീഴ്പ്പെടുത്തിയത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് രമേശിനെ വൈകിട്ടോടെ കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി. 

രക്ഷാപ്രവർത്തനം: കയ്യടി നേടി അഗ്നിരക്ഷാസേനയും പൊലീസും 

ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ രമേശനെ  കീഴ്പ്പെടുത്താനായതു അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും തന്ത്രപരമായ നീക്കങ്ങളിലൂടെ. 11.40 ഓടെ കൽപറ്റ ഡിവൈഎസ്പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പിന്നാലെ കൽപറ്റ അഗ്നിരക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസ്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ വി. ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. രമേശന്റെ മുറിയിൽ നിന്നു പെട്രോളിന്റെ രൂക്ഷഗന്ധവുമുണ്ടായിരുന്നു. 

കയ്യിൽ ലൈറ്റും റബർ ടാപ്പിങ്ങിനു ഉപയോഗിക്കുന്ന കത്തിയും പിടിച്ചു നിൽക്കുന്ന രമേശനെ ഏതുരീതിയിൽ കീഴ്പ്പെടുത്താനാകുമെന്നായിരുന്നു ഇരുസംഘത്തിന്റെയും ആലോചന. ശുചിമുറിയിൽ കയറിയ രമേശനെ അനുനയിപ്പിച്ചു കിടപ്പുമുറിയിലെത്തിക്കാനായി ആദ്യശ്രമം. മുറിക്കുള്ളിൽ പെട്രോൾ ഗന്ധം മനസ്സിലാക്കിയ  അഗ്നിരക്ഷാ സേന മുറിക്കുള്ളിലും പുറത്തെ വരാന്തയിലും വെള്ളമൊഴിച്ച് അപകടസാധ്യത ഒഴിവാക്കിയിരുന്നു. കിടപ്പുമുറിയുടെ ജനൽ വഴിയാണു ഇയാൾ സംസാരിച്ചിരുന്നത്. 

ജനൽ അടയ്ക്കാൻ സമ്മതിക്കാതിരുന്നാൽ രമേശൻ പതറുമെന്ന് മനസ്സിലാക്കിയ അഗ്നിരക്ഷാസേന, തുറന്നു കിടക്കുകയായിരുന്ന ജനലിനു മുന്നിൽ ഏണി വച്ചു. ഇതോടെ ഏണി തള്ളിമറിച്ചിടാനായി രമേശന്റെ ശ്രമം. ഇൗ സമയം അഗ്നിരക്ഷാസേനയും പൊലീസും മുറിയുടെ വാതിൽ തകർക്കാന്‍ ആരംഭിച്ചു. വാതിൽ തകർക്കുന്ന ശബ്ദം രമേശന്‍ കേള്‍ക്കാതിരിക്കാനായി ബഹളമുണ്ടാക്കാൻ സമീപത്തുണ്ടായിരുന്നവർക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. 5 മിനിറ്റുകൾക്കുള്ളിൽ തന്നെ വാതിൽ തകര്‍ത്ത് അകത്തു കടന്ന് രമേശനെ കീഴ്പ്പെടുത്താൻ അഗ്നിരക്ഷാസേനയ്ക്കും പൊലീസിനുമായി. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ സൈനുദ്ദീൻ, എ.ആർ. രാജേഷ്, എം.പി. ധനീഷ് കുമാർ, കെ.എസ്. ശ്രീജിത്ത്, ഷാഹുൽ ഹമീദ്, സുജിത്ത്, അഭിജിത്ത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com