ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ വളർത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു. ഇൗ വർഷം ഇതുവരെ 15303 വളർത്തുനായ്ക്കൾക്കു കുത്തിവയ്പ് നൽകി. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 8153 വളർത്തുനായ്ക്കൾക്കും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 7150 വളർത്തുനായ്ക്കൾക്കുമാണു കുത്തിവയ്പ് നൽകിയത്. ഇതുവരെ 3871 വളർത്തുനായ്ക്കൾക്കു ലൈസൻസ് നൽകി.  ഇതുവരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 233 വാർഡുകളിലായി 328 വാക്സിനേഷൻ ക്യാംപുകൾ നടത്തി.

അതേസമയം, തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള നടപടികൾ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ വാക്സിനേഷൻ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതുവരെ 112 പേർക്ക് 2 ഡോസ് വീതം വാക്സീൻ നൽകി. പരീക്ഷണാടിസ്ഥാനത്തിൽ, കഴിഞ്ഞ 16ന് തെരുവുനായ്ക്കളുടെ വാക്സിനേഷൻ തുടങ്ങിയിരുന്നു. കൽപറ്റ നഗരസഭയിലാണ് ആദ്യം വാക്സിനേഷൻ നടത്തിയത്. വാക്സിനേഷൻ–വന്ധ്യംകരണ ക്യാംപുകൾക്കായി കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വൊളന്റിയർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി സന്നദ്ധ സേന രൂപീകരിച്ചു. ഇതുവരെ 79 പേരാണു സേനയിൽ റജിസ്റ്റർ ചെയ്തത്. ഇവരിൽ 49 പേർക്ക് ആദ്യഡോസ് വാക്സിനേഷൻ നൽകി. 3 ഡോസ് വാക്സീനാണു ഇവർക്കു നൽകുക.

ഇതിനിടെ, പ്രതിരോധ കുത്തിവയ്പ്പിനു തെരുവുനായ്ക്കളെ എത്തിക്കുന്ന സന്നദ്ധസേനാംഗങ്ങളുടെ പ്രതിഫലം സംബന്ധിച്ച് അവ്യക്തത തുടരുന്നതു പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്. നേരത്തെ, ഒരു തെരുവുനായയെ ക്യാംപിനെത്തിച്ചാൽ 300 രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഇറങ്ങിയ പുതിയ ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. നായ്ക്കളെ വന്ധ്യംകരണത്തിനെത്തിക്കുന്നവർക്കു മാത്രം പ്രതിഫലം നൽകിയാൽ മതിയെന്നാണു പുതിയ ഉത്തരവിലുള്ളത്.

സന്നദ്ധസേനയിൽ അംഗങ്ങളുടെ കുറവ് 

ക്യാംപുകളുടെ പ്രവർത്തനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സന്നദ്ധ സേനയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 79 പേരാണ്. എന്നാൽ, പരിശീലനത്തിനും വാക്സീൻ സ്വീകരിക്കുന്നതിനുമായി എത്തിച്ചേർന്നത് 49 പേർ മാത്രമാണ്. അംഗങ്ങളുടെ കുറവ് ക്യാംപുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുമെന്ന് അധികൃതർ പറയുന്നു. റജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 200 പേരെങ്കിലും ഉണ്ടെങ്കിലേ ക്യാംപുകളുടെ പ്രവർത്തനം വേഗത്തിലാക്കാൻ കഴിയുകയുള്ളു. പ്രതിരോധ കുത്തിവയ്പ്പിനു നായ്ക്കളെ എത്തിക്കുന്നവർക്കു പ്രതിഫലം നൽകേണ്ടെന്ന തീരുമാനം വന്നതോടെ പുതിയതായി ഇനിയാരും റജിസ്റ്റർ ചെയ്യില്ലെന്ന ആശങ്കയും അധികൃതർക്കുണ്ട്.

ഹോട്സ്പോട്ടുകൾ 7

ജില്ലയിൽ നിലവിൽ 3 നഗരസഭകൾ ഉൾപ്പെടെ  7 ഹോട്സ്പോട്ടുകളാണുള്ളത്. തെരുവുനായ്ക്കളുടെ കടിയേറ്റ വളർത്തുമൃഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹോട്സ്പോട്ടുകൾ നിർണയിക്കുന്നത്. കൽപറ്റ, ബത്തേരി, മാനന്തവാടി നഗരസഭകളും നൂൽപുഴ, മാനന്തവാടി, മേപ്പാടി, വെള്ളമുണ്ട, അമ്പലവയൽ പഞ്ചായത്തുകളുമാണു ഹോട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് കൽപറ്റ നഗരസഭയിലാണ്–310. ബത്തേരിയാണു 2–ാം സ്ഥാനത്ത്–281.

തെരുവുനായ്ക്കൾക്കു പുനരധിവാസ കേന്ദ്രം ഒരുക്കും

വാക്സിനേഷൻ നടപടികൾ പൂർത്തിയായാൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. ഇതിനായി ഷെൽട്ടർ ഹോമുകൾ സജ്ജീകരിക്കാനുള്ള നടപടികൾ ഒക്ടോബർ അവസാന വാരത്തോടെ തുടങ്ങാനാണു ലക്ഷ്യം. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് 2 ബ്ലോക്കുകൾക്ക് ഒന്ന് എന്ന ക്രമത്തിലാണു എബിസി സെന്ററുകളും ഷെൽട്ടർ ഹോമുകളും സജ്ജീകരിക്കുക.

തെരുവുനായ് ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേൽനോട്ട സമിതി ഇതിനു നേതൃത്വം നൽകും. ഷെൽട്ടർ ഹോമുകൾ സജ്ജീകരിക്കുന്നതിനു ആവശ്യമായ സേവനങ്ങൾ മേൽനോട്ട സമിതി വേഗത്തിൽ ലഭ്യമാക്കും. ജില്ലയിൽ നിലവിൽ ബത്തേരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് എബിസി സെന്ററുകളുള്ളത്. ഒരുദിവസം ഒരുകേന്ദ്രത്തിൽ 10 നായ്ക്കളെയെങ്കിലും വന്ധ്യംകരണത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com