ADVERTISEMENT

പുൽപള്ളി ∙ വയനാട്ടിലേക്കുള്ള രാത്രി യാത്രക്കാരുടെ സൗകര്യത്തിനായി കോഴിക്കോട്ടു നിന്ന് പെരിക്കല്ലൂരിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നു. വൈകുന്നേരം 5നു കല്‍പറ്റയില്‍ നിന്നു കോഴിക്കോട്ടേക്കു തിരിക്കുന്ന ബസ് രാത്രി 8.10നു കോഴിക്കോട്ട് നിന്നു വയനാട്ടിലേക്കു മടങ്ങും. രാത്രി 11 മണിക്ക് ബത്തേരിയിലെത്തി പുല്‍പള്ളി വഴി അര്‍ധരാത്രിയോടെ പെരിക്കല്ലൂരിലെത്തും. രാവിലെ 7നു പെരിക്കല്ലൂരില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് 8ന് ബത്തേരിയിലെത്തും. കോവിഡിനെ തുടര്‍ന്ന് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു.

ഇപ്പോള്‍ രാത്രി കോഴിക്കോട്ടു നിന്നു വയനാട്ടിലേക്കു കാര്യമായ സര്‍വീസില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് കല്‍പറ്റ, മാനന്തവാടി ബസുകളില്‍ കയറിപ്പറ്റുന്നത്. ബത്തേരി, പുല്‍പള്ളി ഭാഗത്തേക്കുള്ളവര്‍ കല്‍പറ്റയിലിറങ്ങി പിന്നെയും കാത്തു നില്‍ക്കണം. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഒട്ടേറെ യാത്രക്കാര്‍ ബസ് സ്റ്റാന്റില്‍ നിന്നും ഇരുന്നും നേരം വെളുപ്പിക്കുന്നു. അവധി ദിനങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.

കോവിഡ് പ്രതിസന്ധികള്‍ മാറിയതോടെ യാത്രക്കാരുടെ എണ്ണം കാര്യമായി വര്‍ധിച്ചു. സമയ ലാഭത്തിനു രാത്രി യാത്ര നടത്താനാവശ്യമായ ഗതാഗത സൗകര്യം വയനാട്ടുകാര്‍ക്കില്ല. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നുണ്ടായിരുന്ന പല ദീര്‍ഘദൂര സര്‍വീസുകളും പുനഃരാരംഭിച്ചിട്ടുമില്ല. സ്വകാര്യ മേഖലയിലുണ്ടായിരുന്ന എല്ലാ സര്‍വീസുകളും ആരംഭിച്ചിട്ട് ഏറെക്കാലമായിട്ടും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പലതുമില്ല. വൈകുന്നേരം പെരിക്കല്ലൂരില്‍ നിന്നുള്ള കോട്ടയം ഡീലക്സ് സര്‍വീസ് ബത്തേരിയില്‍ നിന്നാരംഭിച്ച് അവിടെ അവസാനിക്കുകയാണ്. കോട്ടയം ഭാഗത്തേക്കുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന സര്‍വീസാണിത്.

പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളെ ജനങ്ങളില്‍ ഭൂരിഭാഗവും കോട്ടയം മേഖലയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. ഇവര്‍ക്കു തങ്ങളുടെ നാടുമായി ബന്ധപ്പെടാനുള്ള സൗകര്യമാണ് ഇല്ലാതായത്. രാത്രി 8 മണിയോടെ കോട്ടയം ഭാഗത്തേക്ക് പുതിയ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് 6 മണിക്കുണ്ടായിരുന്ന സര്‍വീസ് ഇല്ലാതായത്. പാടിച്ചിറയില്‍ നിന്നു വൈകിട്ടുണ്ടായിരുന്ന പത്തനംതിട്ട സര്‍വീസും മു‍ടങ്ങിക്കിടക്കുന്നു. വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന സര്‍വീസാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com