ADVERTISEMENT

ഗൂഡല്ലൂർ ∙ അയ്യംക്കൊല്ലിക്കടുത്ത് അത്തിച്ചാലിൽ പന്നിക്കുരുക്കിൽ കുരുങ്ങി പുള്ളിപ്പുലി ചത്ത സംഭവത്തിൽ തോട്ടം ഉടമയുടെ ബത്തേരിയിലുള്ള മകളുടെ ഭർത്താവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധമുയരുന്നു. കേസുമായി ബന്ധപ്പെട്ട് യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ദി പീപ്പിൾ സംഘടന ഉദ്യോഗസ്ഥർക്കു പരാതി നൽകി. ‌

തോട്ടം ഉടമയുടെ മകളുടെ ഭർത്താവ് ബത്തേരി സ്വദേശി അനീഷ് രാജ(39)നെയാണു തമിഴ്നാട് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഒന്നാം തീയതി പുള്ളിപ്പുലി കുരുങ്ങിയതറിഞ്ഞു ബത്തേരിയിൽ നിന്നു 71 വയസ്സുള്ള തോട്ടം ഉടമയായ മാത്യുവിനെ സഹായിക്കുന്നതിനാണ് അനീഷ് രാജൻ അത്തിച്ചാലിലെത്തിയത്. പുലിയെ രക്ഷപ്പെടുത്തുന്നതിനായി വനം വകുപ്പ് ജീവനക്കാരുടെ കൂടെ സഹായത്തിനു നിൽക്കുകയും രാത്രിയിൽ ഇവർക്കു വേണ്ട ഭക്ഷണവും വെളിച്ചവും ക്രമീകരിക്കുകയും ചെയ്തത് അനീഷാണ്.

തുടർന്നു 2നു രാവിലെ അനീഷിന്റെ വാഹനത്തിൽ വനംവകുപ്പ് ജീവനക്കാരെ ചേരമ്പാടി വനംവകുപ്പ് ഓഫിസിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, വനംവകുപ്പ് ഓഫിസിൽ എത്തിയതോടെ വാഹനവും അനീഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത വിവരം പോലും വീട്ടുകാരെ അറിയിച്ചില്ല. പുലി കുരുങ്ങിയതറിഞ്ഞ് തോട്ടമുടമ പരിസരത്തുള്ളവരുടെ സഹായത്തോടെ രാവിലെ വനംവകുപ്പ് ജീവനക്കാരെ അറിയിച്ചതാണ്.

എന്നിട്ടും വൈകിട്ട് 3 മണിയോടെയാണു സ്ഥലത്തു വനപാലകരെത്തിയത്. രാത്രി 10 മണിക്കെത്തിയ വനം വകുപ്പ് ഡോക്ടർ പുലിയെ മയക്കി. പിറ്റേദിവസം രാവിലെയാണു പുലിയെ മുതുമലയിലേക്കു കൊണ്ടു പോയത്. പിന്നീട് മുതുമലയിൽ ചികിത്സയ്ക്കിടയിലാണ് പുലി ചത്തത്. പുലിയെ രക്ഷപ്പെടുത്താൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു പരാതിയിൽ പറയുന്നു. നിരപരാധിയെ അറസ്റ്റ് ചെയ്ത വനംവകുപ്പിന്റെ നടപടി അന്വേഷിക്കണമെന്നും സേവ് ദി പീപ്പിൾ സംഘടനയുടെ പ്രസിഡന്റ് ഡോ. എൽജു എൽദോ തോമസ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com