ADVERTISEMENT

മാനന്തവാടി ∙ മാസങ്ങളായി തവിഞ്ഞാൽ കൃഷിഭവനിലും വില്ലേജ് ഓഫിസിലും സ്ഥിരം ഓഫിസർമാർ ഇല്ലാത്തതിനാൽ പൊതുജനം വലയുന്നു.  വില്ലേജ് ഓഫിസർ ഇല്ലാത്തതു കാരണം പെൻഷൻ, സ്കോളർ‌ഷിപ്, ഉപരി പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേണ്ട സർട്ടിഫിക്കറ്റ്, വായ്പകൾക്കായി വേണ്ട രേഖകൾ എന്നിവ ലഭിക്കുന്നതിനു പ്രയാസം നേരിടുകയാണ്. കഴിഞ്ഞ ഒരു വർഷമായി തവിഞ്ഞാൽ കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസർ ഇല്ല. പകരം ചാർജ് നൽകിയ ഉദ്യോഗസ്ഥനും സ്ഥലം മാറി പോയി. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിതം നീക്കുന്ന സാധാരണക്കാർ താമസിക്കുന്ന പഞ്ചായത്തിൽ കൃഷി ഓഫിസർ ഇല്ലാത്തത് കൃഷിക്കാരെ വലയ്ക്കുകയാണ്.

ഭവന നിർമാണത്തിനു വേണ്ടി ഭൂമി തരം മാറ്റാനും, കടാശ്വാസ കമ്മിഷനുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിനും കാലവർഷത്തിലെ നഷ്ടപരിഹാരം ലഭിക്കുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്.  പഞ്ചായത്തിന്റെയും സർക്കാരിന്റെയും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഫയലുകളും കെട്ടിക്കിടക്കുകയാണ്. പഞ്ചായത്തിൽ അസി. എൻജിനീയറുടെ സീറ്റിലും ആളില്ലാതായിട്ടു മാസങ്ങളായി. ഇതും പദ്ധതി നിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അസി. എൻജിനീയറുടെയും കൃഷി ഓഫിസറുടെയും ഒഴിവു നികത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കിയിരുന്നു. എത്രയും വേഗം ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ആവശ്യപ്പെട്ടു.

സമരം തുടങ്ങാൻ യൂത്ത് കോൺഗ്രസ്‌

തലപ്പുഴ ∙ വില്ലേജിലും, കൃഷി ഭവനിലും ഉടൻ തന്നെ സ്ഥിരമായി ഓഫിസർമാരെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം  ജനകീയ സമരങ്ങൾക്കു നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. യോഗം ബ്ലോക്ക്‌ കോൺഗ്രസ്  ജനറൽ സെക്രട്ടറി പി.എസ്. മുരുകേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ നിധിൻ തലപ്പുഴ അധ്യക്ഷത വഹിച്ചു. അസീസ് വാളാട്, അജോ മാളിയേക്കൽ, ജിജോ വരയാൽ, വിജിൻ തലപ്പുഴ, പ്രദീപ് കമ്പമല, നിജിൻ പേരിയ, എ. സ്മിഷ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com