ADVERTISEMENT

കൽപറ്റ ∙ സംരംഭകരുടെ പ്രശ്നങ്ങൾ കേൾക്കാനും പരാതികളിൽ ഇടപെടാനും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ മീറ്റ് ദ് മിനിസ്റ്റർ പരിപാടി നടത്തി. തദ്ദേശ സ്ഥാപനങ്ങളും ബാങ്കുകളും പിന്തുണ നൽകിയാൽ കേരളം സംരംഭകരുടെ പറുദീസയാകുമെന്നു മന്ത്രി പറഞ്ഞു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ 7 മാസം കൊണ്ട് 88217 സംരംഭങ്ങൾ തുടങ്ങി.

കേരള ബ്രാൻഡിൽ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിലെ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി ഇ- കൊമേഴ്‌സ് പോർട്ടൽ സജ്ജമാക്കും. ഉൽപന്ന വിതരണത്തിനായി സൂപ്പർ മാർക്കറ്റുകളുടെ ശൃംഖല തുടങ്ങുന്ന കാര്യവും പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു.

ചടങ്ങിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, കിൻഫ്ര എം.ഡി. സന്തോഷ് കോശി, കെഎസ്ഐഡിസി ജനറൽ മാനേജർ ജി. അശോക് ലാൽ, വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ സി.എസ്. സിമി, എഡിഎം എൻ.ഐ. ഷാജു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു. 

പരിഗണിച്ചത് 38 പരാതികൾ

കൽപറ്റ ∙ കോവിഡും പ്രളയക്കെടുതിയും നൽകിയ സാമ്പത്തിക പരാധീനതകളെ അതിജീവിച്ചെത്തിയ സംരംഭകർക്കു മന്ത്രിയുടെ നിർദേശങ്ങളും ഇടപെടലുകളും പുതിയ പ്രതീക്ഷയായി. 38 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 14 എണ്ണം തീർപ്പാക്കി. 24 എണ്ണം തുടർ നടപടികൾക്കായി മാറ്റി. പുതിയതായി ലഭിച്ച 25 പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. വൻകിടക്കാർക്ക് എളുപ്പത്തിൽ വായ്പ നൽകുന്ന ബാങ്കുകൾ ചെറുകിട സംരംഭകരെ അവഗണിക്കുന്ന നിലപാടു തിരുത്തണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവരെ ഓഫിസിലേക്കു വിളിച്ചുവരുത്തരുത്.

ഭൂപ്രശ്നങ്ങളിലെ അനാവശ്യ സങ്കീർണതകൾ പരിഹരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഡബ്ല്യസിഎസ് പട്ടയഭൂമികളിലെ സംരംഭത്തിനു ലൈസൻസ് ലഭ്യമാക്കുന്നതിനു പൊതുവായ മാനദണ്ഡപ്രകാരം തീരുമാനങ്ങളെടുക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ആവശ്യമുള്ള പരാതികളിൽ പരിശോധന നടത്താൻ മന്ത്രി കലക്ടർക്കു നിർദേശം നൽകി. വായ്പകളിൽ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ കെഎഫ്സി, ബന്ധപ്പെട്ട ബാങ്കുകളോടും നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.

ജില്ലയുടെ വ്യവസായ നിക്ഷേപക സാധ്യതകൾ വിശകലനം ചെയ്യുന്നതിനു എംഎൽഎമാരുമായും ചർച്ച നടത്തി. എംഎൽഎമാരായ ഒ.ആർ കേളു, ടി.സിദ്ദീഖ്, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെഎസ്ഐഡിസി ജനറൽ മാനേജർ ജി. അശോക് ലാൽ, കിൻഫ്ര ജനറൽ മാനേജർ സന്തോഷ്‌ കോശി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ, വിവിധ വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വികസന സാധ്യതകളും പ്രയാസങ്ങളും ജനപ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com