ബത്തേരി∙ നമ്പർ പ്ലേറ്റിൽ വ്യാജ റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തി കർണാടകയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബസ് മുത്തങ്ങ മോട്ടർവാഹന ചെക്പോസ്റ്റിൽ പിടികൂടി. കർണാടകയിലെ കോലാറിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ ശബരിമല തീർഥാടകരുമായി എത്തിയ മിനി ബസാണ് പിടിക്കപ്പെട്ടത്. ബസിൽ കെഎ 01 എസി 5040 എന്നെഴുതിയ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. നമ്പർ മായിച്ചതു പോലെ തോന്നിയതിനാൽ നമ്പർ പ്ലേറ്റിൽ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു.
വാഹനത്തിന്റെ ചേസിസ് നമ്പറും ഡ്രൈവർ സതീഷിന്റെ കൈവശമുണ്ടായിരുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉള്ള ചേസിസ് നമ്പറും ഒത്തു നോക്കിയ ഉദ്യോഗസ്ഥർ രണ്ടും രണ്ടാണെന്ന് കണ്ടെത്തി.ബസിന്റെ ചേസിസ് നമ്പർ പ്രകാരമുള്ള യഥാർഥ റജിസ്ട്രേഷൻ നമ്പർ കെഎ 51 എസി 7569 ആണെന്നും കണ്ടെത്തിയതോടെ ബസ് കസ്റ്റഡിയിലെടുത്തു. തീർഥാടകർക്ക് മറ്റൊരു ബസ് ഏർപ്പെടുത്തി നൽകി.
തീർഥാടകരുമായെത്തിയ ബസിന് മതിയായ രേഖകൾ ഇല്ലാത്തതിനാലാകാം മറ്റൊരു ബസിന്റെ ആർസി ബുക്കും നമ്പർ പ്ലേറ്റുമായി അതിർത്തി കടന്നെത്തിയതെന്നാണ് നിഗമനം. കസ്റ്റഡിയിലെടുത്ത ബസ് കൂടുതൽ അന്വേഷണത്തിനായി ബത്തേരി പൊലീസിന് കൈമാറി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.കെ. ദിനേഷ്കുമാർ, എംഎംവിഐ കെ. ദിനേശൻ, ഓഫിസ് അസിസ്റ്റന്റ് എബിൻ രാജ് എന്നിവർ നേതൃത്വം നൽകി.