ADVERTISEMENT

ബത്തേരി∙ 5 മാസത്തിനിടെ 7 ബൈക്കുകൾ മോഷ്ടിച്ച് ഒന്നൊഴികെ ബാക്കിയെല്ലാം പൊളിച്ച് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.ബീനാച്ചി കട്ടയാട് റൊട്ടിക്കടയിൽ വീട്ടിൽ എം. ഷഫീഖ് (29) ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈയിലും ഒക്ടോബർ 16നും ബത്തേരി കെഎസ്ആർടിസി പരിസരത്തു നിന്നും ഓഗസ്റ്റ് 24, സെപ്റ്റംബർ 13, ഒക്ടോബർ 10, 16, 31 തീയതികളിൽ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു നിന്നും കഴിഞ്ഞ ഒക്ടോബർ 24ന് പനമരം ബവ്റിജസ് ഔട്‌ലെറ്റിന് മുൻപിൽ നിന്നുമാണ് ഇയാൾ ബൈക്കുകൾ മോഷ്ടിച്ചത്.5മാസത്തിലധികമായി തുടർച്ചയായി ബൈക്ക് മോഷണങ്ങളിൽ പൊലീസ് അന്വേഷിച്ച് വരവെ ബൈക്ക് മോഷണ പോയ സ്ഥലങ്ങളിൽ പലയിടത്തും ഹെൽമറ്റും കോട്ടും ധരിച്ച് നടന്നു നീങ്ങുന്ന ആളെ സിസിടിവികളിൽ കണ്ടെത്തി.

ബൈക്ക് മോഷ്ടാവ് ഷഫീഖ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഹെൽമറ്റ്.
ബൈക്ക് മോഷ്ടാവ് ഷഫീഖ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഹെൽമറ്റ്.

എന്നാൽ മുഖം വ്യക്തമായിരുന്നില്ല. എന്നാൽ ഹെൽമറ്റ് പ്രത്യേക നിറത്തിലുള്ളതായിരുന്നു. ഇതേ ഹെൽമറ്റ് ധരിച്ച് കോളിയാടിയിലൂടെ ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ വ്യക്തമായതോടെ ഷഫീഖിലേക്ക് അന്വേഷണമെത്തി. അയാളുടെ വീട്ടിൽ നിന്ന് ഹെൽമറ്റ് കൂടി കണ്ടെടുത്തതോടെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇന്നലെ ഉച്ചയോടെ അറസ്റ്റു ചെയ്യുകയായിരുന്നു.പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

ഷഫീഖ്
ഷഫീഖ്

ബൈക്ക് മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മുൻകൂട്ടി വന്ന് ഏറെ നേരം നിരീക്ഷിച്ച ശേഷം കോട്ടും ഹെൽമറ്റും ധരിച്ചെത്തി ബൈക്കിന്റെ പ്ലഗ് അഴിച്ചുമാറ്റിയ ശേഷം വണ്ടി കൊണ്ടുപോവുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.മോഷണത്തിനായി ഷഫീഖ് എത്തിയ ബൈക്ക് അര കിലോമീറ്റർ മാറി നിർത്തിയിടും. ബൈക്ക് മോഷ്ടിച്ച ശേഷം പിന്നീട് വന്ന് കൊണ്ടുപോകും.ഒരു ബൈക്കൊഴികെ ബാക്കിയെല്ലാം വിൽപനയ്ക്കായി ഷഫീഖ് പൊളിച്ച് പാർട്സുകളാക്കിയിരുന്നു. മിക്കതും വിൽപന നടത്തുകയും ചെയ്തിരുന്നു. ഒരു ബൈക്കും വിൽക്കാനായി സൂക്ഷിച്ചിരുന്ന ബാക്കി പാർട്സുകളും ഷഫീഖിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

ടൗണിലെ അക്രിക്കടയിൽ മുൻപ് ജോലി ചെയ്തിരുന്ന ആളാണ് ഷഫീഖ്. അതുകൊണ്ടു തന്നെ വാഹനങ്ങൾ പൊളിച്ചുമാറ്റാൻ വിദഗ്ധനുമായിരുന്നു. ബത്തേരിയിൽ നിന്ന് ഗ്രൈൻഡറും കട്ടറും വാടകയ്ക്ക് എടുത്ത ശേഷം രാത്രിയിലായിരുന്നു ബൈക്കുകൾ പൊളിച്ചിരുന്നത്.എസ്ഐമാരായ ജെ. ഷജീം, പി.ഡി. കുര്യാച്ചൻ, സിപിഒമാരായ ടി.ആർ. രാജേഷ്, അജിത്കുമാർ, നിഷാദ്, ശരത്പ്രകാശ്, ടി.ഡി. സന്തോഷ്, സുനിൽ, സുജിത് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com