ലഹരി കുത്തിവയ്പ് വ്യാപകമാകുന്നു; വയനാട് ജില്ലയിൽ 234 പേർ എച്ച്ഐവി പോസിറ്റീവ്

HIGHLIGHTS
  • സൗജന്യ രോഗ പരിശോധനയ്ക്ക് സംവിധാനം
hiv
SHARE

കൽപറ്റ ∙ ജില്ലയിൽ എച്ച്ഐവി പോസിറ്റീവായി ചികിത്സയിൽ കഴിയുന്നത് 234 പേർ. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 35 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പലരും പരിശോധനയ്ക്കു തയാറാകാൻ മടിക്കുന്നത് കൃത്യമായ ചികിത്സ നൽകുന്നതിനു തടസ്സമാകുകയാണെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സ‌െയ്തലവി, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. കെ.വി. സിന്ധു എന്നിവർ പറഞ്ഞു. 

ലഹരി കുത്തിവയ്പ് (ഇൻജക്ടബിൾ ഡ്രഗ് യൂസ്) വ്യാപകമാകുന്നത് എച്ച്ഐവി പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കാൻ ഇടയാകുന്നതിന്റെ ഒരു കാരണമാണെന്നും പരിശോധനയ്ക്കും ചികിത്സ നൽകുന്നതിനും വ്യാപക ബോധവൽക്കരണം ആവശ്യമാണെന്നും ഇവർ പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രി ലാബുകളിൽ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ നേരിട്ടെത്തി സൗജന്യമായി എച്ച്ഐവി പരിശോധന നടത്താം.

അണുബാധ സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സയും ലഭ്യമാണ്. മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ ആന്റി റിട്രോ വൈറൽ തെറപ്പി (എആർടി) യൂണിറ്റിലാണ് രോഗബാധിതർക്കു ജില്ലയിൽ ചികിത്സ നൽകുന്നത്. ജില്ലയിൽ എച്ച്ഐവി പരിശോധനയ്ക്കു മാനന്തവാടി ഗവ. മെഡിക്കൽ കോളജ്, കൽപറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലായി 5 ഐസിടിസി സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. 

എയ്ഡ്സ് ദിനാചരണം;  ജില്ലാതല ഉദ്ഘാടനം ബത്തേരിയിൽ

കൽപറ്റ ∙ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നും നാളെയുമായി  ബത്തേരിയിൽ നടക്കും. 'ഒന്നായി തുല്യരായി തടുത്തു നിർത്താം' എന്നതാണു ഈ വർഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശം. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവ ചേർന്നു വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇന്നു വൈകിട്ട് 5നു ബത്തേരി പഴയ ബസ് സ്റ്റാൻഡിൽ പാവ നാടകം, 5.30ന് അസംപ്ഷൻ നഴ്സിങ് സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബ് എന്നിവ നടക്കും.

6നു ഗാന്ധി സ്ക്വയറിൽ പ്രതിജ്ഞയെടുക്കലും ദീപം തെളിക്കലും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9നു കോട്ടക്കുന്നിൽ വിനായക കോളജ് ഓഫ് നഴ്സിങ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് നടക്കും. തുടർന്ന് കോട്ടക്കുന്നിൽ നിന്നു നഗരസഭാ ഹാളിലേക്ക് എയ്ഡ്സ് ദിന റാലി. രാവിലെ 10ന് ദിനാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.

റെഡ് റിബൺ ക്യാംപെയ്ൻ നഗരസഭാ ഉപാധ്യക്ഷ എൽസി പൗലോസ് ഉദ്ഘാടനം ചെയ്യും. നാളെ  മാനന്തവാടി എആർടി സെന്ററിന്റെ നേതൃത്വത്തിൽ റെഡ് റിബൺ ക്യാംപെയ്നും ഐഇസി വിതരണവും നടത്തും. ഐആർസിഎസ് സുരക്ഷാ പ്രോജക്ടിന്റെ നേതൃത്വത്തിൽ പനമരത്തും ഫ്ലെയിം സുരക്ഷാ പ്രോജക്ടിന്റെ നേതൃത്വത്തിൽ ബത്തേരിയിലും എച്ച്ഐവി പരിശോധനയും ഐഇസി വിതരണവും റെഡ് റിബൺ ക്യാംപെയ്നും നടക്കും.  കൽപറ്റ മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും ബോധവൽക്കരണ ക്ലാസും നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS