ADVERTISEMENT

ബത്തേരി ∙ യുഡിഎഫ് ഭരിക്കുന്ന നൂൽപുഴ പഞ്ചായത്തിൽ ലീഗ് സ്വതന്ത്ര അംഗം രാജി വച്ചതായി അഭ്യൂഹം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും പതിനഞ്ചാം വാർഡ് തേലംപറ്റയിൽ നിന്നു ലീഗ് സ്വതന്ത്രയായി ജയിച്ച മിനി സതീശനാണു രാജി വച്ചതായി അഭ്യൂഹം പടരുന്നത്. ഇന്നലെ രാവിലെ പ്രസിഡന്റ് ഷീജ സതീഷ് മുൻപാകെ രാജി സമർപ്പിച്ചതായാണു വിവരമെങ്കിലും തനിക്ക് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ പങ്കെടുക്കാതെ സ്ഥലത്തു നിന്നു മാറി നിൽക്കുന്ന മിനി സതീശനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിച്ചിട്ടില്ല. രാജി വിവരം തീർത്തും അടിസ്ഥാന രഹിതമാണെന്ന് ലീഗ് നേതാവ് ടി. മുഹമ്മദ് പറഞ്ഞു. വാക്കാൽ തമാശയ്ക്കു പറഞ്ഞ കാര്യം മറ്റു പാർട്ടികളിൽപെട്ടവർ പറഞ്ഞു പരത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 30 വർഷമായി എൽഡിഎഫ് ഭരിച്ചു പോന്ന പഞ്ചായത്തിൽ ഇതാദ്യമായാണ് ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

ആകെയുള്ള 17 സീറ്റിൽ 9 ഇടത്ത് യുഡിഎഫും 6 ഇടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും ഒരിടത്ത് സ്വതന്ത്രനുമാണ് ജയിച്ചത്. ഇതിൽ സ്വതന്ത്രനായി ജയിച്ച സണ്ണി തയ്യിൽ ഇപ്പോഴും സിപിഎം അനുഭാവിയാണ്. യുഡിഎഫിൽ നിന്നു രണ്ടു പേരെ അടർത്തിയെടുത്താൽ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടൽ എൽഡിഎഫിനുണ്ട്.

ലീഗ് ജയിച്ച മൂന്നു സീറ്റിൽ വനിത സംവരണ സീറ്റാണ് മിനി സതീശന് നൽകിയത്.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണു രാജി നീക്കത്തിനു കാരണമെന്നാണ് അറിയുന്നത്. 1 കോടി രൂപ ചെലവിൽ നിർമിക്കുന്ന 2 സബ് സെന്ററുകൾ നൂൽപുഴ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയിരുന്നു. അതിൽ ഒന്ന് മിനി സതീശൻ പ്രതിനിധീകരിക്കുന്ന പതിനഞ്ചാം വാർഡിലാണു സ്ഥാപിക്കാൻ തീരുമാനിച്ചത്.

എന്നാൽ പതിനഞ്ചാം വാർഡിൽ ആട്ടുകൊല്ലിയിലും ചിറക്കമ്പത്തും സെന്റർ സ്ഥാപിക്കാൻ ആളുകൾ സൗജന്യമായി സ്ഥലം വിട്ടു നൽകാൻ തയാറായി. ഇതിൽ ആട്ടുകൊല്ലിയിൽ സ്ഥാപിക്കണമെന്നായിരുന്നു മിനിയുടെ നിലപാട്. എന്നാൽ ഇതിനെ മറികടന്നു കൂടുതൽ സൗകര്യപ്രദമായ ചിറക്കമ്പത്ത് സ്ഥാപിക്കാൻ നീക്കം നടന്നതോടെയാണ് മിനി ഇടഞ്ഞതെന്ന് അറിയുന്നു. സബ് സെന്ററിന് 50 ലക്ഷം പാസായി അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. കിംവദന്തികളിൽ കഴമ്പില്ലെന്നും അട്ടിമറി സ്വപ്നങ്ങൾ നടക്കില്ലെന്നും കോൺഗ്രസ് നേതാവ് ബെന്നി കൈനിക്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com