ഗൂഡല്ലൂർ ∙ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കട പൂട്ടി മുദ്രവച്ചു. കടയുടമയുടെ പേരിൽ കേസെടുത്തു. ഗൂഡല്ലൂർ കോഴിക്കോട് റോഡിൽ ബസ് സ്റ്റോപ്പിന് മുൻപിലെ കടയിൽ നിന്നാണു നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഗൂഡല്ലൂർ ഡിവൈഎസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗൂഡല്ലൂർ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥൻ സെന്തിൽ കുമാർ കട പൂട്ടി സീൽ വച്ചു.
ഗൂഡല്ലൂരിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ മൂന്നാമത്തെ കടയാണ് പൂട്ടി മുദ്ര വയ്ക്കുന്നത്. ലഹരി വസ്തുക്കളുടെ മേൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കടകൾ സീൽ വയ്ക്കുന്നത്. കടകളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തരുതെന്ന് പൊലിസ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.