കരിമത്തെ പൊതുസ്റ്റേജ് പൊളിച്ചു; നഷ്ടമായത് നാടിന്റെ സമരകേന്ദ്രം

after-stage-demolished
ടൗൺ മധ്യത്തിലെ പൊതുസ്റ്റേജ് പൊളിച്ച ഭാഗത്ത് റോഡ് നിർമാണം പുരോഗമിക്കുന്നു.
SHARE

പുൽപള്ളി ∙ മേഖലയിലേക്കു കുടിയേറ്റം കടന്നെത്തിയതു മുതൽ പൊതുകാര്യത്തിനായി ഉപയോഗിച്ചിരുന്ന സ്റ്റേജ് ഇനിയില്ല. ഒട്ടേറെ പോരാട്ടങ്ങൾക്കും ചെറുത്തു നിൽപ്പുകൾക്കും സാക്ഷ്യം വഹിച്ച പൊതുസ്റ്റേജ് റോഡ് വികസനത്തിനായി പൊളിച്ചുമാറ്റി. സംസ്ഥാന–ദേശീയ നേതാക്കൾ, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ, മത സാമുദായിക നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരും ഇവിടെയെത്തിയിട്ടുണ്ട്.

ഈ സ്റ്റേജിൽ പ്രസംഗം പഠിച്ചു വളർന്നവരും ഇവിടെ പ്രസംഗവും പൊതുപ്രവർത്തനവും അവസാനിപ്പിച്ചവരുമുണ്ട്. നാടിന്റെ ദുഃഖത്തിലും സന്തോഷത്തിലും ഉയർച്ചയിലും ഒപ്പമുണ്ടായിരുന്ന സ്റ്റേജ് കഴിഞ്ഞ ദിവസമാണു പൊളിച്ചത്.കിഫ്ബി ഫണ്ടിലെ പയ്യമ്പള്ളി– കാപ്പിസെറ്റ് റോഡ് നിർമാണത്തിനാണ് ‍ടൗണിൽ റോഡിലേക്കിറങ്ങി നിന്ന സ്റ്റേജ് പൊളിച്ചത്.

ഇനി അവിടെയൊരു സ്റ്റേജ് നിർമിക്കാനുള്ള സ്ഥലവുമില്ല. പൊതുസ്റ്റേജ് ഇവിടെ വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ളവരുണ്ട്. ചിലപ്പോൾ ഇവിടെ നടക്കുന്ന പരിപാടികൾ ഗതാഗത തടസ്സമുണ്ടാക്കുന്നു. ശബ്ദകോലാഹലവും ഇഷ്ടപ്പെടാത്തവരുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് സദാസമയവും സജീവമായ കേന്ദ്രമാണിത്.വേദി കിട്ടാത്തവർ എതിർഭാഗത്ത് സന്നാഹമൊരുക്കി തിരിച്ചടിക്കുന്നതും കാണാമായിരുന്നു. കുടിയേറ്റ സമരങ്ങൾ, നക്സൽബാരി ആക്രമണം എന്നീ പോരാട്ടങ്ങളുടെ ചെറുത്തുനിൽപു കേന്ദ്രം കരിമം എന്ന ഈ കവലയായിരുന്നു.

ആദ്യകാലത്ത് കരിമത്തിന്റെ വളർച്ച ഈ കവലയ്ക്കു ചുറ്റുമായിരുന്നു. പിന്നീടാണ് കരിമം പുൽപള്ളിയായി വളർന്നു നാടറിയുന്ന സ്ഥലമായി മാറിയത്. പഴശ്ശിരാജാ കോളജ് ഭൂമിപ്രശ്നവുമായി പൊട്ടിപ്പുറപ്പെട്ട സമരത്തിന്റെ കേന്ദ്രവും ഇവിടമായിരുന്നു. ഇവിടെ സത്യഗ്രഹമനുഷ്ഠിച്ച സമരസമിതി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ വൻ സംഘർഷമുണ്ടായി. വിവാദ ഭൂമി പിടിച്ചെടുക്കാനായിരുന്നു സമരം. ഈ സംഘർഷത്തിനിടെയുണ്ടായ വെടിവയ്പിൽ 3 പേർ മരിച്ചു.

ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിക്കുന്ന ഇതുപോലൊരു ഇടം ഇനി ടൗണിലില്ല. ബസ് സ്റ്റാന്‍ഡും വ്യാപാര കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന ഇവിടെ പരിപാടി നടത്തിയാലേ നാലാൾ കാണാനും കേൾക്കാനുമുണ്ടാകൂ. സ്റ്റേജ് പൊളിച്ചു മാറ്റിയതിൽ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും നിരാശരാണ്. എന്താണ് പരിഹാരമെന്ന് നേതാക്കൾ ആലോചിക്കുന്നുണ്ട്.

വഴി കാണാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും. ‌ജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമാകും വിധത്തിൽ പാതയോരത്ത് ഇനി സ്റ്റേജ് വേണ്ടെന്നാണു വ്യാപാരികളില്‍ ചിലരുടെ അഭിപ്രായം. സ്ഥിരമായ സ്റ്റേജിനു പകരം എടുത്തുമാറ്റാവുന്ന സ്റ്റേജ് പരീക്ഷിക്കാമെന്ന അഭിപ്രായവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS