ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു; 6 മൊബൈൽ ഫോണുകൾ, 40,000 രൂപ, പാസ്പോർട്ട് രേഖകൾ, ലഗേജ് നശിച്ചു

Mail This Article
അടിവാരം ∙ വയനാട് ചുരത്തിൽ യാത്രയ്ക്കിടെ വാൻ കത്തിനശിച്ചു. യാത്രക്കാരായ 17 വനിതകൾ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 6 മൊബൈൽ ഫോണുകൾ, 40,000 രൂപ, പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, ലഗേജ് എന്നിവ കത്തിനശിച്ചു. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സും താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തീ അണച്ചപ്പോഴേക്കും വാൻ പൂർണമായും കത്തി നശിച്ചിരുന്നു.
ഇന്നലെ രാവിലെ ചുരത്തിലെ 6, 7 വളവുകൾക്കിടയിലാണു തീപിടിത്തമുണ്ടായത്. കോഴിക്കോട് തിരുവണ്ണൂരിൽ നിന്നു വയനാട് കാക്കവയലിലെ ബന്ധുവീട്ടിലേക്ക് പോയവരാണു വാനിലുണ്ടായിരുന്നത്. ഹാൻഡ് ബ്രേക്കിന്റെ പിൻഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടു പന്തികേട് തോന്നിയ ഡ്രൈവർ വാഹനം ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി നിർത്തി യാത്രക്കാരോട് പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.
യാത്രക്കാർ പുറത്തിറങ്ങി അൽപ സമയത്തിനകം വാഹനത്തിനുള്ളിൽ പുക നിറഞ്ഞു. അതോടെ വാഹനത്തിൽ നിന്നു സാധനങ്ങൾ എടുക്കാൻ പറ്റാത്ത രീതിയിൽ തീ ആളിപ്പടർന്നു. കോഴിക്കോട് പാലാഴി സ്വദേശി ത്രിഷാദിന്റെ ഉടമസ്ഥതയിലുള്ള ട്രാവലർ വണ്ടിയാണു കത്തിയത്. വയർ ഷോർട്ടായതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി ഡ്രൈവർ തിരുവണ്ണൂർ ഞാറ്റിങ്ങൽ പറമ്പ് ടി.ടി.സലിം പറഞ്ഞു.
ചുരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കാനായി, പരമാവധി വീതിയുള്ള സ്ഥലം നോക്കി നിർത്തുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. മുക്കം ഫയർ സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ.മുരളീധരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. എസ്ഐമാരായ കെ. ശ്രീനിവാസൻ,
സി.കെ. വിനോദ് കുമാർ എഎസ്ഐ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. വയനാട്ടിൽ നിന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ട്രാവലറിലെ യാത്രക്കാരെ മറ്റുവാഹനങ്ങളിൽ കാക്കവയലിലേക്കു കയറ്റി വീട്ടു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.