മരിയനാട്ട് വിളവെടുപ്പ് സജീവം; നേട്ടം കൊയ്ത് ഇടനിലക്കാർ

HIGHLIGHTS
  • വനംവകുപ്പന്റെ തോട്ടം കയ്യേറി കുടിൽ കെട്ടിയത് 700 ലധികം കുടുംബങ്ങൾ
  • സമരക്കാരിൽ നിന്നു ഇടനിലക്കാർ കാപ്പി വാങ്ങുന്നത് കുറഞ്ഞ വിലയ്ക്ക്
tribes-image
മരിയനാട് തോട്ടത്തിൽ ഗോത്രവിഭാഗക്കാർ കുടിൽ കെട്ടിയ നിലയിൽ.
SHARE

ഇരുളം ∙ വനംവകുപ്പ് അധീനതയിലുള്ളതും ഇപ്പോൾ ഗോത്രവിഭാഗക്കാർ കയ്യേറി കുടിൽ നിർമിച്ചതുമായ തോട്ടത്തിലെ കാപ്പി വില കുറച്ചും തൂക്കം വെട്ടിച്ചും ഇടനിലക്കാർ തട്ടിയെടുക്കുന്നതായി പരാതി. 

സ്ഥലം കൈവശപ്പെടുത്തിയവരാണ് കാപ്പി പറിക്കുന്നത്. കോളനിയിലെത്തുന്ന ഇടനിലക്കാർ ഇതു കുറഞ്ഞ വിലയ്ക്കാണു വാങ്ങുന്നത്. പൊതുമാർക്കറ്റിൽ പച്ചക്കാപ്പി കിലോയ്ക്ക് 35 രൂപ വിലയുണ്ട്. ഇടനിലക്കാർ നൽകുന്നതാകട്ടെ പരമാവധി 24 രൂപയും. സർക്കാർ നിരോധിച്ച സ്കെയിൽ അടക്കമുള്ള ത്രാസ് ഉപയോഗിച്ചാണ് കാപ്പിതൂക്കം. ഇതിലും തട്ടിപ്പ് അരങ്ങേറുന്നു.

രാവിലെ കോളനിയിലെത്തി അഡ്വാൻസ് നൽകിയാണ് ഇടനിലക്കാർ കച്ചവടമുറപ്പിക്കുക. കോളനിക്കാർക്ക് ഇവർ മദ്യം നൽകുന്നതായും ആരോപണമുണ്ട്. സന്ധ്യയോടെ തിരിച്ചെത്തുന്ന കച്ചവടക്കാർ ഇവരിൽ നിന്ന് ഉൽപന്നം വാങ്ങിയെടുക്കുകയാണ്. 

പുറത്ത് വിലക്കൂടുതലുണ്ടെന്നും കൈവശക്കാർ ഉൽപന്നം തുച്ഛവിലയ്ക്ക് നൽകരുതെന്നും സമരസമിതി നേതാക്കൾ പറയാറുണ്ടെങ്കിലും അവരെ അറിയിക്കാതെയാണു വ്യാപാരം. പറിച്ചുകൂട്ടുന്ന ഉൽപന്നം പെട്ടെന്നു വിൽക്കാനുള്ള തന്ത്രപ്പാടിലാണു സമരക്കാരിൽ പലരും.

ഗോത്ര വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് വനംവകുപ്പ് മരിയനാട്ടും ചീയമ്പത്തും തോട്ടമുണ്ടാക്കിയത്. വനമേഖലയിൽ കഴിയുന്ന ആദിവാസികൾക്കു തൊഴിൽ നൽകാൻ ആരംഭിച്ച തോട്ടങ്ങൾ പിന്നീടു വനംവകുപ്പിനു ബാധ്യതയായി. 

2000ൽ തോട്ടങ്ങൾ വനവികസന കോർപ്പറേഷന് കൈമാറി. അവർ 2 വർഷം കൈവശം വച്ച ശേഷം തോട്ടം ഉപേക്ഷിച്ചു. മരിയനാട്ട് 233 ഹെക്ടറും ചീയമ്പത്ത് 105 ഹെക്ടറുമാണ് തോട്ടം പിടിപ്പിച്ചത്. മുത്തങ്ങ സമരത്തിനു ശേഷം ചീയമ്പം തോട്ടം കൈവശക്കാർക്കു പതിച്ചു നൽകി. മരിയനാട്ട് തൊഴിലാളികളായിരുന്നവർ തോട്ടത്തിന്റെ ഒരുഭാഗം കയ്യേറി താമസം തുടരുന്നുണ്ട്. അവർക്ക് ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. 

മരിയനാട്ട് ഇപ്പോൾ 98 ഹെക്ടറിലായി ഭൂരഹിതരായ 700 കുടുംബങ്ങൾ സമരത്തിന്റെ ഭാഗമായി കുടിൽ കെട്ടിയിട്ടുണ്ട്. മിക്ക കുടിലിലും ആൾ താമസവുമുണ്ട്. സുപ്രീംകോടതി വിധിയനുസരിച്ച് ഈ സ്ഥലം അവർക്കു പതിച്ചു നൽകണം. അതിനായി നീക്കിവച്ച ഭൂമിയാണെന്ന ബോർഡ് വനംവകുപ്പ് സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ കൈവശരേഖ നൽകുന്നതടക്കമുള്ള കാര്യങ്ങൾ അനന്തമായി നീളുകയാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണു 4 മേഖലയിലായി താമസിക്കുന്നത്. 7 മാസം പിന്നിട്ട സമരം പല ഘട്ടവും പിന്നിട്ടു. ആദിവാസി പുരോഗതിക്കായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും മരിയനാട്ടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്ന് സമരസമിതി ചെയർമാൻ ബി.വി.ബോളൻ കുറ്റപ്പെടുത്തി. 

ഭൂമി ലഭിക്കാതെ കുടിൽ കെട്ടിയവർ പിന്നോട്ടില്ല. അവർക്ക് പോകാൻ മറ്റൊരു സ്ഥലമില്ല. ഊരുക്കൂട്ടങ്ങൾ കൈവശക്കാരുടെ രേഖകൾ പരിശോധിച്ചു കലക്ടർക്ക് കൈമാറുന്നുണ്ട്. മറ്റെവിടെയും ഭൂമിയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഭൂമി പതിച്ചു നൽകിയാൽ മതിയെന്നും ബോളൻ പറഞ്ഞു. തോട്ടത്തിൽ ജോലി ചെയ്തവർക്കുള്ള ആനൂകൂല്യങ്ങളും നൽകണം. തങ്ങളുടെ സമരം അവർക്കെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ബോളൻ ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS