പനമരം ∙ ക്രിസ്മസിന്റെ വരവറിയിച്ച് ജില്ലയിലെ വിവിധ പള്ളിയങ്കണങ്ങളിൽ നക്ഷത്രങ്ങൾ പ്രകാശിച്ചു. തീർഥാടന കേന്ദ്രമായ നടവയൽ ഹോളിക്രോസ് ആർക്കി എപ്പിസ്കോപ്പൽ, ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ്, നെയ്ക്കുപ്പ സെന്റ് ജോസഫ് പള്ളികളിൽ ക്രിസ്മസിനെ വരവേറ്റ് കൂറ്റൻ നക്ഷത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നടവയൽ ഹോളിക്രോസ് തീർഥാടന കേന്ദ്രത്തിൽ ഇരുമ്പിൽ തീർത്ത 35 അടിയോളം ഉയരവും 25അടിയോളം വീതിയുമുള്ള നക്ഷത്രമാണ് സ്ഥാപിച്ചത്. ആർച്ച് പ്രീസ്റ്റ് ഫാ.ജോസ് മേച്ചേരി, ഫാ. ജോമിൻ എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങൾ ചേർന്നാണ് ഒരാഴ്ചകൊണ്ടു നക്ഷത്രം നിർമിച്ചത്. വർഷങ്ങളായി വ്യത്യസ്തമായ രീതിയിൽ നക്ഷത്രം ഒരുക്കുന്നത് പതിവാണ്.