അമ്പലവയൽ ∙ ഹാജർ 90% ഉണ്ടോ സ്കൂളിൽ ‘കളിക്കാം’, നല്ല സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഗ്രൗണ്ടിൽ പോലും ഇറക്കില്ല, കേൾക്കുമ്പോൾ രസമാണെങ്കിലും വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്കൂൾ പ്രീമിയർ ലീഗിന്റെ നിബന്ധനകളാണിത്. സ്കൂളിൽ നിന്നു വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് കുറയ്ക്കാൻ സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സ്കൂൾ ‘ഐഎസ്എൽ’ മാതൃകയിൽ പ്രീമിയർ ഫുട്ബോൾ ലീഗ് നടത്തുന്നത്.
കളിച്ചു നടക്കാൻ വേണ്ടി മാത്രമല്ല കളി, അതിന്റെ പിന്നിൽ സ്കൂൾ വിദ്യാർഥികൾക്ക് ഇഷ്ട ഇടമായി മാറ്റുകയെന്ന ലക്ഷ്യവുമുണ്ട് അധ്യാപകർക്ക്. നിബന്ധനകളുള്ളതിനാൽ ‘കളിക്കാൻ’ വേണ്ടി ക്ലാസിൽ കൃത്യമായി ഹാജരാകുകയും മികച്ച രീതിയിൽ മുൻപോട്ട് പോകുകയും ചെയ്യുകയാണ് വിദ്യാർഥികൾ. ആദ്യം നിബന്ധനകളോട് പൊരുത്തപ്പെടാൻ വിദ്യാർഥികൾ ബുദ്ധിമുട്ടിയെങ്കിലും ഗോത്രവിഭാഗത്തിലെ അടക്കം വിദ്യാർഥികളെ ഉൾപ്പെടുത്തി ലേലം നടത്തുകയും, ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയ 6 ടീമുകളിൽ കളിക്കാർ ഉൾപ്പെടുകയും ചെയ്തതോടെ സ്കൂളിൽ ചർച്ചയായി ലീഗ്.
വീറും വാശിയോടെ ടീമുകളെ ജയിപ്പിക്കാൻ ഇറങ്ങുമ്പോൾ കൂടെയുള്ള കളിക്കാർ സ്കൂളിൽ മുടങ്ങാതെ എത്തുന്നുണ്ടോയെന്നു വരെ അവർ ശ്രദ്ധിക്കാൻ തുടങ്ങി. കളിയാരംഭത്തോടെ ആവേശം ഇരട്ടിയായി. ലക്ഷ്യം ഫലം കണ്ടു തുടങ്ങിയതിന്റെ സന്തോഷം അധ്യാപകർക്കും, കളികളുടെ ആവേശം വിദ്യാർഥികൾക്കുമായതോടെ ലീഗ് ഹിറ്റായി. ആറു ടീമുകൾ പങ്കെടുത്ത ആദ്യ സീസണിൽ പന്തും ജഴ്സിയും ബൂട്ടുമെല്ലാം ടീമിന്റെ സ്പോൺസർമാർ നൽകി. വൈകിട്ടു സ്കൂൾ വിടുന്ന സമയത്താണു കളികൾ നടക്കുന്നത്. ആവേശത്തിന്റെ കാൽപന്ത് പോരാട്ടത്തിൽ ടീമുകളെ പ്രോൽസാഹിപ്പിക്കാൻ മറ്റു വിദ്യാർഥികളുമെത്തുന്നതോടെ ഉൽസവ ലഹരിയിലാകും മൈതാനം.
ഫുട്ബോൾ, കൊഴിഞ്ഞു പോക്ക് കുറച്ച് ഹാജർനില കൂട്ടുന്നതിനു മാത്രമല്ല, ലഹരിയിൽ നിന്നു വിദ്യാർഥികളെ സംരക്ഷിക്കാനുള്ള മാർഗവുമാണെന്നാണ് അനുഭവത്തിൽ നിന്ന് സ്കൂൾ അധികൃതർ പറയുന്നത്. ഹാജർ നില കുറഞ്ഞ ചില കളിക്കാരെ ടീമിൽ നിന്നു പുറത്താക്കിയതോടെ മറ്റുള്ള വിദ്യാർഥികൾ ഹാജർ ലഭിക്കാൻ കൃത്യമായി ക്ലാസിൽ വരാൻ തുടങ്ങിയതും നേട്ടമായി. സ്കൂളിലെ പെരുമാറ്റ രീതിയും ടീമിൽ നിലനിൽക്കാൻ ആവശ്യമായതിനാൽ വിദ്യാർഥികളുടെ ഇടയിൽ പ്രശ്നങ്ങളും കുറയാൻ തുടങ്ങി.
ഒരു മാസത്തോളമായി നീണ്ട പ്രീമിയർ ലീഗിന്റെ മത്സരം ഫൈനലാണ് ഇന്ന്. കൊഴിഞ്ഞു പോക്ക്, ലഹരി, മൊബൈൽ ഉപയോഗം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കോവിഡ് കാലത്തിനു ശേഷം മാനസിക, ശാരീരിക, വൈകാരിക വെല്ലുവിളികളെ കുറയ്ക്കുക എന്നിവയാണ് ഫുട്ബോൾ ലീഗിലൂടെ ലക്ഷ്യം വച്ചത്. എന്നാൽ ഇതു വിദ്യാർഥികളെ അറിയിച്ചിരുന്നില്ലെന്നും നിലവിൽ ലക്ഷ്യങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കെ.വി. മനോജ് പറയുന്നു.