ADVERTISEMENT

കൽപറ്റ ∙ വിദ്യാർഥി സംഘർഷത്തെത്തുടർന്ന് അടച്ചിട്ട മേപ്പാടി ഗവ. പോളിടെക്‌നിക് കോളജ് 12 മുതൽ തുറന്നു പ്രവർത്തിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. കോളജിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ തഹസിൽദാർ എം.എസ്. ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കോളജിൽ ക്രമസമാധാന പാലനത്തിനായി വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. കോളജിന്റെ ഭാഗത്തു നിന്നു കുട്ടികളെ ബോധവൽക്കരിക്കുന്നതിനുളള നടപടികളുണ്ടാകണം.

രക്ഷാകർതൃ സമിതികൾ ചേർന്നു കോളജ് പ്രവർത്തനങ്ങൾ വിലയിരുത്തണം. പുറത്തു നിന്നുളളവർ കോളജിലെത്തി സംഘർഷമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിനുളള സംവിധാനം ഏർപ്പെടുത്തണം. പൊലീസ്, എക്‌സൈസ് വിഭാഗങ്ങളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താനും തീരുമാനിച്ചു. യോഗത്തിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, പ്രിൻസിപ്പൽ സി. സ്വർണ, എച്ച്ഒഡി ജോൺസൺ ജോസഫ്, ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫ്, വാർഡ് അംഗം മിനി കുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പോളിയിലും പരിസരത്തും എക്സൈസ് പരിശോധന നടത്തി

മേപ്പാടി ∙ ഗവ. പോളിടെക്നിക് കോളജ് പരിസരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആൺകുട്ടികളുടെ ശുചിമുറിയുടെ പരിസരത്തു നിന്നു നിരോധിത പുകയില ഉൽപന്നങ്ങളുടെ കാലി പാക്കറ്റുകൾ കണ്ടെത്തി. അസി. എക്സൈസ് കമ്മിഷണർ അബൂബക്കർ സിദ്ദിഖിന്റെ നേതൃത്വത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ് വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോളജിലെ ക്ലാസ് മുറികൾ, പെൺകുട്ടികളുടെ ഹോസ്റ്റൽ, ക്യാംപസിൽ വിദ്യാർഥികളുടെ വിശ്രമ സ്ഥലങ്ങൾ, നിലവിൽ പ്രവർത്തിക്കാത്ത മെൻസ് ഹോസ്റ്റൽ കെട്ടിടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ക്യാംപസിനു പുറത്തെ ഇരുനിലക്കെട്ടിടവും കോളജിന്റെ പരിസരത്ത് കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളും സംഘം വിശദമായി പരിശോധിച്ചു. മറ്റു ലഹരി വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോളജിലെ സംഘർഷത്തിൽ പരുക്കേറ്റ അപർണ ഗൗരിയെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് നടത്തി

മേപ്പാടി ∙ ഗവ. പോളിടെക്‌നിക് യൂണിയൻ തിരഞ്ഞെടുപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട്, നിരപരാധികളായ വിദ്യാർഥികൾക്കു നേരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷന് 50 മീറ്റർ അകലെ  ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് പൊലീസ് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ ടൗണിലും പരിസരങ്ങളിലുമായി വിന്യസിച്ചിരുന്നു. തുടർന്ന് മേപ്പാടി ടൗണിൽ സംഘടിപ്പിച്ച പൊതുയോഗം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളുടെ പേരിൽ അകാരണമായി കള്ളക്കേസുകളെടുത്ത് പീഡിപ്പിക്കുന്ന പൊലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു.  പി.പി. ആലി, റസാഖ് കൽപറ്റ, ബി. സുരേഷ് ബാബു, സലിം മേമന, യഹ്‌യാ ഖാൻ തലയ്ക്കൽ, ജഷീർ പള്ളിവയൽ, പി.കെ. അഷ്റഫ്, ഗോകുൽദാസ് കോട്ടയിൽ, ഒ. ഭാസ്കരൻ, ജാഷിർ പിണങ്ങോട്, നവാസ്,  ആർ.ഉണ്ണിക്കൃഷ്ണൻ, എ.കെ. റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

യുഡിഎസ്‌എഫ്‌ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് എസ്‌എഫ്‌ഐ 

കൽപറ്റ ∙ മേപ്പാടി ഗവ. പോളിടെക്നിക് കോളജ് ലാബിലെ ഫങ്ഷൻ ജനറേറ്റർ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്‌സ്‌ വസ്‌തുക്കൾ മോഷ്ടിച്ച യുഡിഎസ്‌എഫ്‌ നേതാക്കൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി. മോഷണം പോയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൊലീസ് റെയ്ഡിൽ പ്രതികളുടെ മുറിയിൽ നിന്ന്  കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കോളജിലെ ലഹരിമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌  അപർണ ഗൗരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളാണ് ഇവരെന്നും ഇവർ ലഹരി മരുന്നുകൾ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നത് ഇത്തരത്തിലുള്ള മോഷണത്തിലൂടെയാണെന്നും ആരോപിച്ചു. ഇവരെ സംരക്ഷിക്കുന്നത് ടി. സിദ്ദീഖ് എംഎൽഎയാണെന്നും ഇത്തരം നിലപാടുകൾ  തിരുത്തണമെന്നും ആവശ്യപ്പെട്ടു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മാർച്ച് 

കൽപറ്റ ∙ മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെഎസ്‌‌യു, എംഎസ്എഫ് പ്രവർത്തകരെ അകാരണമായി വീടുകളിൽ കയറി അറസ്റ്റ് ചെയ്യുന്നുവെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ  നഗരത്തിൽ പ്രകടനം നടത്തി. യുഡിഎഫിന്റെ ഭാഗത്തു നിന്നു നൽകുന്ന പരാതികളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും, മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്തു സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചതിലും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.  ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, അരുൺദേവ്, ജില്ലാ വൈസ് പ്രസിഡന്റ് അസീസ് വാളാട്, ജില്ലാ സെക്രട്ടറിമാരായ ഡിന്റോ ജോസ്, ഷിജു ഗോപാലൻ, ഷഫീർ പഴേരി, വി.സി. വിനീഷ്, എം.ജെ. അനീഷ്, ജിനു കോളിയാടി തുടങ്ങിയവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com