ADVERTISEMENT

ഗൂഡല്ലൂർ∙ വീടുകൾ തകർത്ത് ആക്രമണം നടത്തുന്ന പിഎം2 എന്ന അരിസിരാജയെ മയക്കുവെടി വച്ച് തളച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ പുളിയമ്പാറയ്ക്ക് സമീപം നീഡിൽ റോക്ക് വനത്തിലെ കാപ്പിക്കാട് വനത്തിൽ വച്ചാണ് ദൗത്യ സംഘം മയക്കു വെടിവച്ചത്. രണ്ട് റൗണ്ട് വെടിയേറ്റതോടെയാണ് കാട്ടാന വരുതിയിലായത്. താപ്പാനകളായ വസിം ,വിജയ്, സുജയ്, കൃഷ്ണയും കാട്ടാനയെ വളഞ്ഞ് പാപ്പാന്‍മാരെ വടം കെട്ടാൻ സഹായിച്ചു. വടം കെട്ടിയ ശേഷം മരത്തിൽ കെട്ടിയിട്ടു. മോഴയാന വടം പൊട്ടിക്കാൻ ശ്രമം നടത്തി. 

wayanad-thappana
പുളിയമ്പാറയിൽ മയക്കുവെടി വച്ച് പിടികൂടിയ മോഴയാനയെ താപ്പാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റാനായി കൊണ്ടുവരുന്നു.

മനുഷ്യരെ ആക്രമിക്കുന്ന പ്രവണതയുള്ള ആനയായതിനാൽ കരുതലോടെയാണ് ആനയുടെ സമീപത്തേക്ക് അടുത്തത്. 18 ദിവസത്തെ കഠിന പരിശ്രമത്തിനു ശേഷമാണ് കാട്ടാനയെ മയക്കു വെടി വയ്ക്കാൻ കഴിഞ്ഞത്. മയക്കു വെടിയേറ്റാൽ ആന വീഴാൻ പാടില്ല. വീണാൽ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരപ്പായ സ്ഥലത്ത് വരുന്നതു വരെ ആനയെ നിരീക്ഷിച്ചു. ഇന്നലെ രാവിലെ മുതൽ കാട്ടാന കാപ്പിക്കാട് വനത്തിൽ ഉള്ളതിനാൽ ദൗത്യം വിജയകരമായി. 

മയങ്ങിയ ആനയെ ലോറിയിൽ കയറ്റാനായി മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് റോഡ് നിര്‍മിച്ചാണ് മുതുമല വനത്തിലേക്ക് കൊണ്ടുപോകുന്നത്. മുതുമല വനത്തിൽ കോൺഗ്രസ് മട്ടത്തിൽ ആനയെ സ്വതന്ത്രമാക്കുമെന്നാണ് പറയപ്പെടുന്നത്. ഇവിടെ നിന്നും ആനയ്ക്ക് സത്യമംഗലം വനത്തിലേക്കു നീങ്ങാനും കഴിയും. ആന വീണ്ടും ജനവാസ മേഖലയിലേക്കു കടക്കാൻ സാധ്യതയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ഭീതി. നവംബർ 20ന് ദേവാല വാളവയിൽ വീട് തകർത്ത് പാപ്പാത്തിയെന്ന വയോധികയെ കൊലപ്പെടുത്തിയതോടെയാണ് കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി മുതുമല വനത്തിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.

ഇതിനുശേഷം പുളിയിമ്പാറ വനത്തിൽ ഈ മാസം 3ന് വിറക് ശേഖരിക്കാൻ പോയ കല്യാണിയെന്ന സ്ത്രീയെ ഈ കാട്ടാനയാണ് കൊലപ്പെടുത്തിയത്. ഇതോടെ രണ്ട് പേരാണ് ഈ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യരുടെ നേരെ ചീറിയടുക്കുന്ന പ്രവണതയാണ് ഈ ആനയുടേത്. കാട്ടാനയെ നിരീക്ഷിക്കുന്ന സംഘത്തിൽ പെട്ട ഗാർഡിനെ കാട്ടാന ഓടിച്ചതിനെത്തുടർന്ന് വീണു പരുക്കേറ്റിരുന്നു.  ദൗത്യ സംഘത്തിൽ 60 പേരാണ് ഉണ്ടായിരുന്നത്. ഡോക്ടർമാരായ വിജയരാഘവൻ, രാജേഷ് എന്നിവരാണ് മയക്കു വെടിവച്ചത് ഗൂഡല്ലൂർ ഡിഎഫ്ഒ കൊങ്കു ഓംങ്കാർ സംഘത്തിന് നേതൃത്വം നൽകി. ദൗത്യം വിജയകരമായ സന്തോഷത്തിലാണ് സംഘം .

wayanad-munuswami
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മുനുസ്വാമിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.

തൊഴിലാളിയെ ആക്രമിച്ചു

ഗൂഡല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്കേറ്റു. ദേവാല ടാൻടീയിലെ തൊഴിലാളിയായ മുനുസ്വാമിക്കാണ് (55) പരുക്കേറ്റത്. ഇയാളെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് ടാ‍ൻടീയിലെ വീടുകളിലേക്ക് കുടിവെള്ളം വരുന്ന പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. കാലിലാണ് മുറിവേറ്റത്. കൂടെ ഉണ്ടായിരുന്ന തൊഴിലാളി മഹാലിംഗം വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി മുനുസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

wayanad-house-destroyed
പിഎം 2 മോഴയാന തകര്‍ത്ത വീ‍ട്. വീടിനകത്തുനിന്ന് ചാക്കിലെ അരി പുറത്തിട്ട് തിന്ന നിലയില്‍ .

കാട്ടാന രാത്രി വീടു തകർ‌ത്തു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

ഗൂഡല്ലൂർ∙ മയക്കുവെടി വച്ച് പിടികൂടുന്നതിനായി ശ്രമം തുടരുന്നതിനിടയിൽ പിഎം2 എന്ന കാട്ടാന ടാൻടീയുടെ ദേവാല ട്രാ‍ൻസ്ഫോർ ഡിവിഷനിൽ തൊഴിലാളിയുടെ വീട് തകർത്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാളിമുത്തുവിന്റെ വീടാണ് തകർത്തത്. വീട് പൊളിക്കുന്ന ശബ്ദം കേട്ട് ഉണർന്ന കാളിമുത്തുവും കുടുംബവും വീടിനു പിറകിലൂടെ ഓടി അടുത്ത വീട്ടിൽ അഭയം തേടി. വീടിന്റെ മുൻവശം പൂർണമായും തകർത്ത ആന വീടിനകത്തു സൂക്ഷിച്ചിരുന്ന അരി പുറത്തിട്ട് തിന്നു തീർത്തു. ദേവാലയിൽ വാളവയൽ ഭാഗത്ത് വീട് തകർത്ത് പാപ്പാത്തി എന്ന വയോധികയെ ആക്രമിച്ചു കൊലപ്പെടുത്തിയതും ഈ മോഴായനയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com