അമ്പലവയൽ ∙ പൊന്മുടിക്കോട്ട പ്രദേശത്ത് വളർത്തുമൃഗങ്ങളെ പിടികൂടി ഭീതി പരത്തുന്ന കടുവയെ 2 മാസത്തെ തിരച്ചിലിനൊടുവിലും പിടികൂടാത്തതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ നാളെ മുതൽ സമരത്തിലേക്ക്. കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണു സമരം. ഇന്നലെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിൽ വനംവകുപ്പ് നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. ഈ പശ്ചാത്തത്തിലാണു പ്രത്യക്ഷ സമരത്തിനുള്ള തീരുമാനം.
ഏതു നിമിഷവും കടുവകൾ ചാടി വീഴാമെന്നതിനാൽ ലോക്ഡൗണിനു സമാനമാണു മാസങ്ങളായി പൊന്മുടിക്കോട്ട പ്രദേശം. ഒട്ടേറെ വളർത്തു മൃഗങ്ങൾക്കു നേരെ കടുവയുടെ ആക്രമണമുണ്ടായി. സ്വകാര്യ വ്യക്തിയുടെ സിസിടിവി ക്യാമറയിലും വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ദൃശ്യങ്ങൾ പല തവണ പതിഞ്ഞിരുന്നു.

മാനന്തവാടി പുതുശ്ശേരിയിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു വനംവകുപ്പ് ധൃതിയിൽ സ്ഥലത്തു കൂട് സ്ഥാപിച്ചത്. മുൻപ് നടത്തിയ ചർച്ചകളിലേതു പോലെ കൂടു വയ്ക്കാം, തിരച്ചിൽ ശക്തമാക്കാം തുടങ്ങിയ പല്ലവികൾ അതേപടി ആവർത്തിക്കുക മാത്രമാണു വനംവകുപ്പ് ചെയ്യുന്നതെന്നു നാട്ടുകാർ പറയുന്നു.
വനവുമായി ഒരു ബന്ധവും ഇല്ലാത്തതാണു പൊന്മുടിക്കോട്ട, എടയ്ക്കൽ പ്രദേശങ്ങൾ. നൂറുകണക്കിനു കുടുംബങ്ങൾ പ്രദേശത്തുണ്ട്. ഒട്ടേറെ വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകുന്നു. മാസങ്ങളായി ഭീതി പരത്തുന്ന കടുവയെ കൂടുതൽ കൂടുകൾ സ്ഥാപിച്ചു പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അടുക്കളയും ശുചിമുറിയും തകർത്തു; അരിയും സോപ്പും തിന്ന് കാട്ടാനകൾ

കേണിച്ചിറ ∙ ഇരുളം പാമ്പ്ര കോഫി എസ്റ്റേറ്റിൽ ജീവനക്കാരും മറ്റും താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ അടുക്കളയും ശുചിമുറികളും തകർത്ത് കാട്ടാനകളുടെ വിളയാട്ടം. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ പാമ്പ്ര വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളാണ് എസ്റ്റേറ്റിലെ തൊഴിലാളികൾക്കു ദുരിതം തീർക്കുന്നത്.
കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന എസ്റ്റേറ്റിലെ ഡ്രൈവർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ അടുക്കള തകർത്തു മുളകുപൊടി ഒഴിച്ച് അരിയും പച്ചക്കറിയുമടക്കമുള്ള ബാക്കിയെല്ലാം തിന്നുതീർത്തു. അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങളും തകർത്തു. സമീപത്തെ മറ്റൊരു ക്വാർട്ടേഴ്സിലെ ശുചിമുറിയുടെ ജനൽച്ചില്ലുകൾ തകർത്ത് സോപ്പും അകത്താക്കി. സ്ഥിരമായി കാട്ടാനയും കാട്ടിയും കാട്ടുപന്നികളും ഇറങ്ങാറുണ്ടെങ്കിലും കെട്ടിടങ്ങൾ തകർക്കുന്നതും അരിയും മറ്റു സാധനങ്ങളും തിന്നു തീർക്കുന്നതും ആദ്യമായാണെന്ന് എസ്റ്റേറ്റ് നടത്തിപ്പുകാർ പറയുന്നു.

എസ്റ്റേറ്റിൽ ഇറങ്ങുന്ന കാട്ടാന നേരം പുലർന്നാലും വനത്തിലേക്കു മടങ്ങാതെ കൃഷികൾ നശിപ്പിക്കുന്ന അവസ്ഥയാണ്. എസ്റ്റേറ്റിൽ നിന്ന് ഇറങ്ങിയാലും പുൽപള്ളി ബത്തേരി പാതയോരത്ത് പാമ്പ്ര വനാതിർത്തിയിൽ കഴിച്ചുകൂട്ടും. നേരം ഇരുട്ടുന്നതോടെ വീണ്ടും എസ്റ്റേറ്റിൽ ഇറങ്ങി നാശം വിതയ്ക്കും. ഇപ്പോൾ എസ്റ്റേറ്റിൽ ഇറങ്ങുന്ന കാട്ടാന ഗൂഡല്ലൂർ ഭാഗത്തെ അടുക്കളകൾ തകർത്ത് അരി ഭക്ഷിച്ചിരുന്ന ആനയാണോ എന്ന സംശയം നാട്ടുകാർക്കുണ്ട്. എസ്റ്റേറ്റിലെ തൊഴിലാളികൾക്കും സമീപപ്രദേശത്തെ നാട്ടുകാർക്കും ശല്യമായ കാട്ടാനയെ തുരത്താനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പരപ്പനങ്ങാടി കടുവ വളാഞ്ചേരി ഭാഗത്ത് ?
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്കിറങ്ങുന്ന കടുവയെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസിയാണു കണ്ടത്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചു.ഗോത്ര യുവാവിന്റെ മുന്നിൽപ്പെട്ട കടുവയെ നിരീക്ഷിക്കാൻ സ്ഥലത്ത് 4 ക്യാമറകൾ സ്ഥാപിച്ചെങ്കിലും അതിലൊന്നും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം തൊപ്പിപ്പാറ റോഡിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. മരിയനാട്ടും പരിസരത്തും നീർച്ചാലുകളും ജലലഭ്യതയും മാനുകളടക്കമുള്ള മൃഗങ്ങളും ധാരാളമുള്ളതിനാൽ കടുവ ഇവിടം വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നു വനപാലകരും പറയുന്നു. ഏറെക്കാലമായി ഈ പ്രദേശത്ത് ഈ കടുവയുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരപ്പനങ്ങാടി, മരിയനാട് പ്രദേശങ്ങളിൽ രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.