ADVERTISEMENT

മാനന്തവാടി∙ ആദിവാസി കർഷകൻ ചെറുവയൽ രാമേട്ടനിലൂടെ വീണ്ടും പത്മ പുരസ്കാരത്തിളക്കത്തിൽ വയനാട്. നാഗ്പുരിൽ നിന്നു വയനാട്ടിലെത്തി പത്മശ്രീ നേടിയ ഡോ. ധനഞ്ജയ് ദിവാകർ സഖ്ദേവിനു പിന്നാലെയാണ് ഒരിക്കൽകൂടി ദേശീയാംഗീകാരത്തിന്റെ അഭിമാനം വയനാടിനെ തേടിയെത്തുന്നത്. 

പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് എടവക കമ്മന സ്വദേശി ചെറുവയൽ രാമൻ. പാരമ്പര്യത്തനിമ പേറുന്ന, വൈക്കോൽ മേഞ്ഞ വീട്ടിൽ താമസിക്കുന്ന രാമൻ നാട്ടുകാർക്കു ‘നെല്ലച്ഛ’നാണ്. ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം.

പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിനു തടസ്സമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കി. പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ വിത്തുകളുടെ സംരക്ഷകനുമാണു രാമേട്ടൻ.

പതിനേഴാം വയസ്സിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന കുറിച്യത്തറവാട്ടിൽ അമ്മാവൻ ഏൽപിച്ച നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാമൻ ഏറ്റെടുത്തു.

കിട്ടിയ സമ്മാനങ്ങൾ സൂക്ഷിക്കാനുതകുന്ന സംവിധാനങ്ങൾ പോലും  തറവാട്ടിൽ ഇല്ലെന്നതാണ് അവസ്ഥയെങ്കിലും അതിന്റെ സങ്കടം രാമേട്ടനില്ല. ഇന്നത്തെ അറിവുകൾ ഭാവിതലമുറയ്ക്കും കൂടിയാക്കി മാറ്റണമെന്ന ആഗ്രഹമേയുള്ളൂ. അണുകുടുംബ സംവിധാനമായതോടെ ഇപ്പോൾ 3 ഏക്കർ വയലിലേ കൃഷിയുള്ളൂ.

നെൽവിത്തു തേടിയെത്തുന്നവരിൽ നിന്നു വയനാടിന്റെ നെല്ലച്ഛൻ പണം ഈടാക്കാറില്ല. 2011ൽ ഹൈദരാബാദിൽ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. ബ്രസീലിലെ ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com