ADVERTISEMENT

തരിയോട് ∙ കാട്ടാനശല്യം രൂക്ഷമായ സുഗന്ധഗിരി സെക്‌ഷനിലെ തരിയോട്‍ വനാതിർത്തിയിൽ അനുവദിച്ച ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് നിർമാണം എങ്ങുമെത്തിയില്ല; പ്രതിഷേധം ശക്തം. തരിയോട് പതിനൊന്നാം മൈൽ മുതൽ പാറത്തോട് വരെയുള്ള ഭാഗങ്ങളിലെ വനാതിർത്തിയിൽ 3 കിലോമീറ്റർ നൂതന ഫെൻസിങ് നിർമാണത്തിന് 1.6 കോടിയാണ് അനുവദിച്ചിരുന്നത്.

കരാ‍ർ നടപടികൾ പൂർത്തിയാക്കി 2019ൽ പ്രവൃത്തി തുടങ്ങിയെങ്കിലും നിർമാണസാമഗ്രികളുടെ വിലവർധിച്ചെന്നു പറഞ്ഞു കരാറുകാരൻ പണി നിർത്തിവച്ചു. പ്രാരംഭ പ്രവൃത്തികളുടെ ഭാഗമായി ഫെൻസിങ് നിർമാണത്തിന് ആവശ്യമായ റോഡ് നിർമാണം, മണ്ണ് പരിശോധന എന്നീ ജോലികളാണ് തുടങ്ങിയിരുന്നത്.

ഭീമമായ വില വർധന കണക്കിലെടുത്ത് ഫെൻസിങ്ങിന്റെ ദൂരം 2.4 കിലോമീറ്റർ ആയി കുറച്ചു നൽകി. 2016ലെ സർക്കാർ വില നിലവാര പ്രകാരമാണു കരാറുകാരൻ ജോലി ഏറ്റെടുത്തത്.‍ 2018 വില നിലവാരം പ്രകാരം പ്രവൃത്തികൾ കരാർ നൽകാമെന്ന സർക്കാർ ഉത്തരവ് നിലവിൽ വരികയും സംസ്ഥാനത്തെ

മറ്റ് പ്രവൃത്തികൾ കരാർ നൽകുകയും ചെയ്തതോടെ അത് പ്രകാരം എസ്റ്റിമേറ്റ് തയാറാക്കണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ 2016ലെ വില നിലവാരം പ്രകാരം ഏറ്റെടുത്തതാണു പ്രവൃത്തിയെന്നും അതിൽ മാറ്റം വരുത്തില്ലെന്നും വനം വകുപ്പും ശഠിച്ചതോടെ പ്രശ്നം കോടതി കയറി. തുടർ നടപടികൾ വൈകിയതോടെ പ്രവൃത്തി നിലച്ചു. 

ആദിവാസി കോളനി അടക്കമുള്ള, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവായതിനാൽ പ്രതിരോധ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് വൻ പ്രതിഷേധ സമരങ്ങൾ നടന്നിട്ടുണ്ട്. കാട്ടാന പ്രതിരോധത്തിന് വൈദ്യുതി വേലി കാര്യക്ഷമമല്ലാത്തതിനാലാണു നൂതന രീതിയിലുള്ള ഫെൻസിങ് സംവിധാനം അനുവദിച്ചത്. പ്രവൃത്തി നിലച്ചതോടെ പ്രദേശത്ത് വീണ്ടും പ്രതിഷേധം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com