കടുവകൾ കാണാമറയത്ത്; ഉറക്കമില്ലാതെ പൊന്മുടിക്കോട്ട

HIGHLIGHTS
  • പൊന്മുടിക്കോട്ടയിൽ 3 കടുവകളും 2 പുലികളുമുണ്ടെന്നു നാട്ടുകാർ ∙രണ്ടു കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവകളെ ഇതുവരെ പിടികൂടാനായില്ല
കടുവ ഭീഷണി നിലനിൽക്കുന്ന പെ‍ാന്മുടിക്കോട്ടയിലെ ക്ഷേത്ര പരിസരത്ത് അമ്പലവയൽ പെ‍ാലീസ് സ്ഥാപിച്ച സൂചനാ ബോർഡ്.  				          ചിത്രം: മനോരമ
കടുവ ഭീഷണി നിലനിൽക്കുന്ന പെ‍ാന്മുടിക്കോട്ടയിലെ ക്ഷേത്ര പരിസരത്ത് അമ്പലവയൽ പെ‍ാലീസ് സ്ഥാപിച്ച സൂചനാ ബോർഡ്. ചിത്രം: മനോരമ
SHARE

അമ്പലവയൽ ∙ കഴിഞ്ഞ 70 ദിവസമായി പൊന്മുടിക്കോട്ടയെ വിറപ്പിക്കുന്ന കടുവകളെയും പുലികളെയും ഇനിയും പിടികൂടാനായില്ല. കഴിഞ്ഞ നവംബർ 17നു പൊന്മുടിക്കോട്ടയിൽ നിന്നു പെൺകടുവയെ വനംവകുപ്പ് കൂടുവച്ചു പിടികൂടിയായിരുന്നു. ഇതോടെയാണു പൊന്മുടിക്കോട്ടക്കാരുടെ ഉറക്കം നഷ്ടമായത്. അന്നു കൂട്ടിലായ പെൺകടുവയുടെ 2 കുട്ടികൾ ഉൾപ്പെടെ 3 കടുവകളും 2 പുലികളുമാണു പൊന്മുടിക്കോട്ട കേന്ദ്രീകരിച്ചു തമ്പടിച്ചിരിക്കുന്നത്.

പകൽസമയങ്ങളിൽ പോലും ഇവ പ്രദേശത്തിറങ്ങുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ എടയ്ക്കൽ ഗുഹയോട് ചേർന്നുള്ള പ്രദേശമാണു പൊന്മുടിക്കോട്ട. നെന്മേനി പഞ്ചായത്തിലെ 23–ാം വാർഡായ എടയ്ക്കൽ, കുപ്പക്കൊല്ലി, ഒന്നാം വാർഡായ അമ്പുകുത്തി, 2–ാം വാർഡായ മലവയൽ, 22–ാം വാർഡായ മാളിക, അമ്പലവയൽ പഞ്ചായത്തിലെ 4–ാം വാർഡായ കുപ്പമുടി, ബത്തേരി നഗരസഭയിലെ കരടിമൂല, പൂതിക്കാട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലായാണു കടുവ, പുലി ഭീതി നിലനിൽക്കുന്നത്.

കഴിഞ്ഞ ദിവസം മുക്കംകുന്ന് ചേലേരിക്കാവിൽ ഒറ്റത്തെങ്ങുങ്കൽ  തോമസിന്റെ ആടിനെ പുലി ആക്രമിച്ചു പരുക്കേൽപ്പിച്ചപ്പോൾ.
കഴിഞ്ഞ ദിവസം മുക്കംകുന്ന് ചേലേരിക്കാവിൽ ഒറ്റത്തെങ്ങുങ്കൽ തോമസിന്റെ ആടിനെ പുലി ആക്രമിച്ചു പരുക്കേൽപ്പിച്ചപ്പോൾ.

പൊന്മുടിക്കോട്ട കേന്ദ്രീകരിക്കുന്ന ഇവ കൊളഗപ്പാറ മുതൽ ബത്തേരി നഗരസഭയിലെ കരടിമൂല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയാണു വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്നാണു സൂചന. പത്തുകിലോമീറ്ററിലധികം സ്ഥലം കേന്ദ്രീകരിച്ചാണ് ഇവ കഴിയുന്നത്. ഇതിനോടകം പ്രദേശത്തെ 7 വളർത്തുനായ്ക്കൾ, 5 ആടുകൾ, 2 പശുക്കൾ തുടങ്ങിയവയെയാണു കടുവകളും പുലികളും കൊന്നു തിന്നത്. ആക്രമണത്തിൽ പരുക്കേറ്റ 4 ആടുകളും ചത്തു. വനമേഖലയല്ലാത്ത മേഖലയാണിത്.കടുവകളും പുലികളും പ്രദേശം താവളമാക്കിയതോടെ നാട്ടുകാർ പുറത്തിറങ്ങാൻ ഭയക്കുകയാണ്. ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണു നാട്ടുകാരിൽ ഏറെയും.

പ്രദേശത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം കാണപ്പെടുന്നത് പുലർച്ചെയാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുള്ളത്. നിലവിൽ പ്രദേശത്തെ വിവിധയിടങ്ങളിലായി 8 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 2 കൂടുകളും സ്ഥാപിച്ചു. നിലവിൽ കുപ്പമുടി എസ്റ്റേറ്റ് മേലെ ബംഗ്ലാവിന് സമീപം ഒരു കൂടും പൊന്മുടിക്കോട്ട ക്ഷേത്രത്തിന് സമീപമായി ഒരു കൂടുമാണ് സ്ഥാപിച്ചിട്ടുള്ളത്. എടയ്ക്കൽ ഗവ. സ്കൂൾ പരിസരത്തായി മറ്റൊരു കൂടു കൂടി സ്ഥാപിക്കാനായി എത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആർആർടി സംഘം ഉൾപ്പെടെ 40 ലധികം പേരടങ്ങിയ വനംവകുപ്പ് സംഘം പ്രദേശത്തു വ്യാപകമായ തിരച്ചിൽ നടത്തി. അതേസമയം, കൂടുതൽ കൂടുകൾ സ്ഥാപിച്ചു കടുവകളെയും പുലികളെയും ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം രാത്രി പാടിപറമ്പ് പുത്തിരത്തു ശശികുമാറിന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചു പരുക്കേൽ‌പ്പിച്ച നിലയിൽ.
കഴിഞ്ഞ ദിവസം രാത്രി പാടിപറമ്പ് പുത്തിരത്തു ശശികുമാറിന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചു പരുക്കേൽ‌പ്പിച്ച നിലയിൽ.

എന്നാൽ ഇതിനിടെ കടുവയുടെ ആക്രമണം പരിസര പ്രദേശങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി പാടിറമ്പ് പുത്തിരത്തു ശശികുമാറിന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. കിടാവിനു സാരമായി പരുക്കേറ്റു. ഇതിനിടെ ഇന്നലെ വെളുപ്പിന് മുക്കംകുന്ന് ചേലേരിക്കാവിൽ പുലി ഒരാടിനെ കെ‍ാല്ലുകയും മറ്റൊന്നിനെ ആക്രമിക്കുകയും ചെയ്തു. വെളുപ്പിന് ഒന്നോടെ ചേലേരിക്കാവ് ഒറ്റത്തെങ്ങുങ്കൽ തോമസിന്റെ 2 ആടുകളെയാണ് പുലി ആക്രമിച്ചത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരമായിട്ടും വനംവകുപ്പ് നോക്കുകുത്തിയായാൽ സമരപരിപാടിക്ക് നേതൃത്വം നൽകുമെന്ന് കൽ‌പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സി.എ. അരുൺദേവ് പറഞ്ഞു. 

കർമസമിതി റോഡ് ഉപരോധിക്കും

കൽപറ്റ ∙ പൊന്മുടിക്കോട്ട പ്രദേശത്തെ മാസങ്ങളായി ഭീതിയിലാഴ്ത്തുന്ന കടുവകളെയും പുലികളെയും ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊൻമുടിക്കോട്ട ജനകീയ കർമ സമിതി 31ന് രാവിലെ 10ന് കൊളഗപ്പാറ-അമ്പലവയൽ റോഡിൽ ആയിരകൊല്ലിയിൽ റോഡ് ഉപരോധിക്കുമെന്ന് ചെയർമാൻ ഇ.കെ. സുരേഷ്, വാർഡ് അംഗം ബിജു ഇടയനാൽ എന്നിവർ അറിയിച്ചു. നാടിനെ ഭീതിയിലാഴ്ത്തിയ കടുവകളെയും പുലികളെയും അടിയന്തരമായി പിടികൂടണം.

പൊന്മുടിക്കോട്ടയിൽ കേന്ദ്രീകരിക്കുകയും സമീപ പ്രദേശങ്ങളിൽ പോയി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് ഇവ പിന്തുടരുന്നത്. ഇവയെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണം. പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് റോഡ് ഉപരോധിക്കുന്നത്. തുടർന്നും നടപടികളുണ്ടായില്ലെങ്കിൽ ഡിഎഫ്ഒ ഓഫിസ് മാർച്ചും ദേശീയപാത ഉപരോധവും ഉൾപ്പെടെ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS