അമ്പലവയൽ ∙ വയനാട് ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളുടെ ഗുണം എല്ലാ മേഖലയിലുള്ളവർക്കും ലഭ്യമാക്കാനായി വയനാട് ഓട്ടോ ടൂർ ആരംഭിക്കുന്നു. ‘ടുക് ടുക് വയനാട്’ എന്ന ഈ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാർക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകി. പദ്ധതിയുടെ തുടക്കം ഏറ്റവും അധികം സഞ്ചാരികളെത്തുന്ന വൈത്തിരി, ബത്തേരി, അമ്പലവയൽ എന്നീ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാർക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നൽകി. ജില്ലയിൽ എത്തുന്ന സഞ്ചാരികൾ നിലവിൽ ഓട്ടോറിക്ഷയിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ട്.
ഇത്തരം ഓട്ടോറിക്ഷ തൊഴിലാളികൾക്കു ടൂറിസം മേഖലയിൽ പരിശീലനം നൽകുന്നതിലൂടെ സഞ്ചാരികൾക്കു നല്ല സേവനം ലഭിക്കുമെന്നതിനൊപ്പം ടൂറിസം വഴി വരുമാനം നേരിട്ടു ലഭ്യമാക്കുകയും ചെയ്യുന്നതാണു പദ്ധതി.അമ്പലവയലിൽ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഷമീർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ജെസി ജോർജ്, ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫിസർ സലീം, പി.പി. പ്രവീൺ, ലൂക്കോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.