കണിയാമ്പറ്റ ∙ നവകേരളം കർമ പദ്ധതിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ കണിയാമ്പറ്റ ടൗൺ പരിസരത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം, ശുചിത്വമിഷൻ, ഹരിതകർമ സേന അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ടൗണും പരിസരവും ശുചീകരിച്ചു.
‘വൃത്തിയുള്ള നവകേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ട പ്രവർത്തനമായാണു വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതാണു ലക്ഷ്യം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.30 വരെ ഓരോ വാർഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും.
ശുചീകരണത്തിനു ശേഷം ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്കു കൈമാറും. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എൻ. സുമ, നജീബ് കരണി, കെ. കുഞ്ഞായിഷ, അംഗങ്ങളായ ലത്തീഫ് മേമാടൻ, സരിത മണികണ്ഠൻ, സലിജ ഉണ്ണി, നൂർഷ ചേനോത്ത്, ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വി.കെ. ശ്രീലത, താരീഖ് കടവൻ എന്നിവർ പ്രസംഗിച്ചു.